Showing posts with label Articles. Show all posts
Showing posts with label Articles. Show all posts

Monday, 10 April 2023

സഭയും സമാധാനവും: സമാധാനത്തെപ്പറ്റി ചില ചിന്തകള്‍ | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ തിരുമേനി അന്തരിച്ചു. വിശാലഹൃദയനായ ഒരു തിരുമേനി പാത്രിയര്‍ക്കീസ് ഭാഗത്തെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, സഭാ സമാധാനത്തെപ്പറ്റിയുള്ള പുതിയ പ്രത്യാശകള്‍ ചില യുവഹൃദയങ്ങളിലെങ്കിലും അങ്കുരിക്കുന്നെങ്കില്‍ അതു തികച്ചും സ്വാഭാവികമാണല്ലോ.

നാമൊരു പുതിയ സമാധാനോദ്യമത്തിനു തയ്യാറാകേണ്ടുന്ന കാലമാണോ ഇത്? പലരും എനിക്കിങ്ങനെ എഴുതി അയയ്ക്കുന്നുണ്ട്. ഇത്തരുണത്തില്‍ നാം ചിന്തിക്കേണ്ടുന്ന ഒന്നുരണ്ടു കാര്യങ്ങളെ വിനീതമായി, പ്രാര്‍ത്ഥനാപൂര്‍വ്വം ചൂണ്ടിക്കാണിക്കുവാനാഗ്രഹിക്കുന്നു.

സമാധാനമെന്തിന്?

നാം എതെങ്കിലുമൊരു കാര്യത്തിനായി ആഗ്രഹിക്കുമ്പോള്‍, ആ കാര്യത്തിനു സ്വതസ്സിദ്ധമായിട്ടുള്ള ഗുണത്തിനു പുറമെ നമ്മുടെ ആഗ്രഹത്തിന്‍റെ ഉദ്ദേശ്യശുദ്ധി കൂടെ കണക്കാക്കിയാലേ അതു നല്ലതാണൊ ചീത്തയാണൊ എന്നു തീരുമാനിക്കുവാന്‍ സാധിക്കുകയുള്ളു.

സമാധാനത്തിന്‍റെ എതിരാളികളുടെ ഉദ്ദേശ്യശുദ്ധിയെ നാം പലപ്പോഴും ചോദ്യം ചെയ്യാറുണ്ട്. സ്ഥാനമോഹം, വസ്തുക്കള്‍ നഷ്ടപ്പെട്ടുപോകുമെന്നുള്ള ഭയം, ഇങ്ങനെയുള്ള ദുരുദ്ദേശ്യങ്ങളാണ് നാം അവരില്‍ ആരോപിക്കുന്നത്. അതേസമയത്ത് സമാധാനകാംക്ഷികളായ നമ്മുടെ ഉദ്ദേശ്യങ്ങള്‍ കറയറ്റവയാണോ? സാധാരണ പ്രസംഗങ്ങളിലെല്ലാം കേള്‍ക്കുന്ന ഒരു കാര്യമാണ് സമാധാനമുണ്ടായില്ലെങ്കില്‍ നമ്മുടെ ആളുകളെല്ലാം റീത്തില്‍ പോകുമെന്നുള്ളത്. റീത്തില്‍ പോകുന്നതില്‍ നമുക്കുള്ള വിരോധമെന്താണ്? നമ്മുടെ വിഭാഗത്തിന്‍റെ സംഖ്യാബലം നഷ്ടപ്പെട്ടുപോകുമെന്നുള്ള ഭയം. അങ്ങനെ നമുക്കിപ്പോഴുള്ള സ്വാധീനശക്തി നഷ്ടപ്പെട്ടു പോകുമെന്നുള്ള ആശങ്ക. നമ്മുടെ സ്വന്ത മഹത്വത്തിനു ഹാനി ഭവിക്കുമെന്നുള്ള പേടി.

ഇതൊക്കെ പരിശുദ്ധങ്ങളായ കാര്യങ്ങളാണോ? എനിക്കു വളരെ സംശയമുണ്ട്. നമ്മുടെ സംഖ്യാബലത്തേയും സ്വാധീനശക്തിയേയും മഹത്വത്തേയും സംരക്ഷിക്കുന്നതിനുള്ള ഒരുപകരണമായി നാം സഭയെ ഉപയോഗിക്കുന്നപക്ഷം സഭയ്ക്കു ജീവിക്കുവാനുള്ള അര്‍ഹതയില്ലാതായിത്തീരുകയാണ് ചെയ്യുന്നത്. ദൈവത്തെ നമ്മുടെ സ്വന്ത മഹത്വത്തിനു ഉപയോഗിക്കുകയെന്ന മഹാപാപത്തില്‍ നാം വീഴുകയാണു ചെയ്യുന്നത്.

സമാധാനവും അഭിമാനവും

മറ്റു ചിലരുടെ മനസ്സില്‍ കിടക്കുന്ന പ്രധാന ഉദ്ദേശ്യം "നാമെന്തിന് ഈ ശീമക്കാരുടെ അടിമകളായിക്കിടക്കുന്നു? നമ്മുടെ കാര്യം നോക്കാന്‍ നമുക്കറിഞ്ഞുകൂടെ?" എന്നുള്ള ചിന്തയാണ്.

വളരെ ശരിയാണ്. ഭാരതീയ ക്രിസ്ത്യാനികള്‍ക്കു നേതൃത്വം നല്‍കുവാനുള്ള കഴിവ് സിറിയായിലെ സഭയ്ക്കില്ലെന്നു സിറിയായിലും പലസ്തീനിലും കുറെ ആഴ്ചകള്‍ കഴിച്ചുകൂട്ടിയതു കൊണ്ട് എനിക്കു വളരെ ബോദ്ധ്യമായിട്ടുണ്ട്. 

പക്ഷേ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‍റെ മാതൃകയില്‍ സഭാസ്വാതന്ത്ര്യത്തെപ്പറ്റി നാം ചിന്തിക്കുന്നത് അബദ്ധമാണ്. ഇംഗ്ലീഷുകാര്‍ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. നമുക്ക് നമ്മുടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിന് അവര്‍ പ്രതിബന്ധമായിരുന്നു. അതുകൊണ്ടു സ്വാതന്ത്ര്യം ഭാരതത്തിനാവശ്യമായി വന്നു.

സഭാസ്വാതന്ത്ര്യം അതുപോലെ അല്ല. സിറിയായിലെ സഭാംഗങ്ങള്‍ നമ്മുടെ സഹോദരങ്ങളാണ്. അവിടത്തെ പാത്രിയര്‍ക്കീസുബാവായും മെത്രാന്മാരും മലങ്കരയിലെ പ്രതിനിധിയും ഒക്കെ നാമുള്‍പ്പെട്ടു നില്‍ക്കുന്ന സഭയിലെ ആത്മീയ പിതാക്കന്മാരാണ്. അല്ലാതെ നമ്മെ ചൂഷണം ചെയ്യുന്ന ഒരു എതിര്‍ശക്തിയൊന്നുമല്ല. അവരുടെ നിയന്ത്രണത്തില്‍ നിന്നും നാം സ്വാതന്ത്ര്യം കാംക്ഷിക്കുന്നതു നമ്മുടെ അഭിമാനത്തിനു വേണ്ടിയൊന്നുമല്ല. പ്രത്യേകമായും രണ്ടു കാരണങ്ങളെക്കൊണ്ടാണ്.

ഒന്നാമത്, ഭാരത ക്രൈസ്തവസഭയുടെ ഒരു വിപല്‍ഘട്ടത്തില്‍ സിറിയായിലെ സഭ നമ്മെ വളരെ സഹായിച്ചുവെങ്കിലും, ഇന്നു നമ്മുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും മനസ്സിലാക്കി ശരിയായ നേതൃത്വം നല്‍കുവാനുള്ള കഴിവൊ അവകാശമൊ അവര്‍ക്കില്ലെന്നുള്ളതാണ്. ഒരു രാജ്യത്തെ സഭ മറ്റൊരു രാജ്യത്തെ സഭയെ സഹായിക്കണമെന്നല്ലാതെ ഭരിക്കണമെന്നു നമ്മുടെ കര്‍ത്താവ് ഉദ്ദേശിക്കുന്നില്ല. സിറിയായിലെ  സഭ മലങ്കരയെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നതു തെറ്റാണ്. സിറിയായിലെ സഭ ഇവിടെനിന്നും വിട്ടുമാറിയാല്‍ യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസം ഇവിടെ നശിച്ചുപോകുമെന്നുള്ള ഭയത്തിനു കാരണമുണ്ടായിരുന്നിടത്തോളം കാലം, അവര്‍ എത്ര എതിര്‍പ്പു സഹിച്ചും ഇവിടെ നിന്ന് നമ്മെ നയിക്കേണ്ടുന്ന ആവശ്യമുണ്ടായിരുന്നു. ഇന്ന് അവര്‍ ചെയ്യേണ്ടത് വിശ്വാസത്തിന്‍റെ ചുമതല ഇവിടെയുള്ള 14 മെത്രാന്മാരെ ഏല്പിച്ചിട്ട്, ഇവിടെ നിന്നും മാറിത്തരികയാണ്.

രണ്ടാമത്, ഭാരതത്തില്‍ ഇന്നുല്‍ഭൂതമായിട്ടുള്ള പുതിയ പരിതസ്ഥിതിയില്‍, വിദേശത്തുള്ള ഒരു സഭയുടെ ശാഖയായി മാത്രമിരിക്കുന്ന ക്രൈസ്തവസഭയ്ക്ക്, സഭയുടെ പ്രവര്‍ത്തനങ്ങളെ വിജയത്തോടുകൂടെ നിര്‍വ്വഹിക്കുവാന്‍ സാദ്ധ്യമല്ല. സ്വതന്ത്രമായ ഒരു പദ്ധതിയുണ്ടാക്കി, വിശ്വാസത്തില്‍ മാത്രം പരിഷ്ക്കാരങ്ങളൊന്നും വരുത്താതെ ധൈര്യപൂര്‍വ്വം മുമ്പോട്ടുപോകേണ്ട ചുമതലയാണ് നമുക്കുള്ളത്. അതിനു നാം സംഘടിച്ച്, സ്വതന്ത്രമായി, നല്ല നേതൃത്വത്തിന്‍കീഴില്‍ നില്‍ക്കേണ്ടിയിരിക്കുന്നു. സഭാസമാധാനം മൂലം സംഘടനയും സ്വാതന്ത്ര്യവും സംസിദ്ധമാകും. പക്ഷേ, നല്ല നേതൃത്വം കൂടി ഇല്ലെങ്കില്‍ ഈ സമാധാനം കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാകയില്ല. 

സമാധാനം സംരക്ഷിക്കണം

ദൈവകാരുണ്യത്താല്‍ സമാധാനം സംസിദ്ധമായാല്‍ത്തന്നെ അതിനെ സംരക്ഷിക്കുവാന്‍ നമുക്കു കഴിയുമെന്നെന്താണുറപ്പ്? സഭയില്‍ അസമാധാനവും കക്ഷിവഴക്കുമൊക്കെ വരുത്തിവച്ച കാരണങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ നിന്ന് നീങ്ങിപ്പോയിട്ടില്ല.

വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമുദായത്തിന്‍റെയും മഹത്വത്തിന്‍റെ ഉപാധിയായി സഭയെ പരിഗണിക്കുന്ന തെറ്റായ ചിന്താഗതി, നമ്മുടെ ഇടയില്‍ ഇപ്പോഴും ധാരാളമുണ്ട്. സഭാമേലദ്ധ്യക്ഷന്മാര്‍ പോലും സമുദായവും സഭയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനുള്ള അശക്തി കാണിക്കുന്ന പ്രസംഗങ്ങള്‍ ധാരാളമായി പറയുന്നതു പലപ്പോഴും കേട്ടിട്ടുണ്ട്. നേതൃത്വത്തിനുള്ള മത്സരങ്ങളും അവരുടെ ഇടയില്‍ ധാരാളം കണ്ടിട്ടുണ്ട്. ഇതൊക്കെയിരിക്കുമ്പോള്‍ സമാധാനം കരഗതമായാലും പുതിയ വഴക്കുകളുണ്ടാകയില്ലേ?

സമാധാനം സംരക്ഷിക്കുവാനും ഉപയോഗിക്കുവാനുമുള്ള കഴിവു നമുക്കില്ലെങ്കില്‍ ദൈവം നമുക്കു സമാധാനം നല്‍കുമോ?

സഭയും സമുദായവും

'മലങ്കരസഭ'യും 'സുറിയാനി സമുദായ'വും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നുള്ള അബദ്ധധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. 'സമുദായ'ത്തിന്‍റെ വര്‍ദ്ധനയ്ക്കും പ്രതാപത്തിനും വേണ്ടിയാണ് നാം പള്ളി പണിയുന്നതും കാതോലിക്കാദിനപ്പിരിവു പിരിക്കുന്നതും, സ്ക്കൂളും കോളജും കെട്ടിയുണ്ടാക്കുന്നതുമൊക്കെ. 

എന്നാല്‍ സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം വളരെ സാരമായിട്ടുള്ളതാണ്. ഈ വ്യത്യാസം മനസ്സിലാക്കിയെങ്കിലേ നമ്മുടെ സഭാസമാധാനത്തിനുവേണ്ടി ദൈവാനുകൂല്യത്തോടുകൂടെ പ്രവര്‍ത്തിക്കുവാന്‍ നമുക്കു സാധിക്കൂ.

സമുദായമെന്നു പറയുന്നത്, താല്‍പ്പര്യങ്ങളില്‍ ആനുരൂപ്യമുള്ള കുറെ ആളുകള്‍, മറ്റുള്ളവര്‍ക്കെതിരായി തങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും പിടിച്ചു പറ്റുന്നതിനായി, വ്യക്തികള്‍ ഒറ്റതിരിഞ്ഞു നില്‍ക്കുന്നത് ബലഹീനതയാണെന്നുള്ള ബോദ്ധ്യത്തോടു കൂടിയുണ്ടാക്കുന്ന സംഘടനയാണ്. സഭയാകട്ടെ, യഹൂദനില്‍നിന്നും, പുറജാതിക്കാരില്‍ നിന്നും, ഒരുപോലെ വിളിക്കപ്പെട്ട്, സ്വന്തം താല്‍പ്പര്യങ്ങളെയും ആഗ്രഹങ്ങളെയും അവകാശങ്ങളെയും ബലികഴിച്ച്, പുറജാതിക്കാരനെയും, യഹൂദനെയും സുറിയാനിക്കാരനെയും, ഇന്ത്യാക്കാരനെയും, നായരെയും, നസ്രാണിയെയും ഒരുപോലെ സ്നേഹിച്ച്, അവരെ കര്‍ത്തൃസ്നേഹത്തിലേക്കു വഴി നടത്തുവാനും, കര്‍ത്തൃവിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാനും; ബലഹീനനെ ശക്തിപ്പെടുത്താനും, നഗ്നനെ ഉടുപ്പിക്കാനും വേണ്ടി ദൈവംതമ്പുരാനാല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മഹാസ്ഥാപനമാണ്.

സമുദായം അതിന്‍റെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്തില്ലെങ്കില്‍ അതു നശിച്ചുപോകുമെന്നുള്ള ഭയത്തിലാണ് ജീവിക്കുന്നത്. കോടതിയില്‍ പോകുന്നതും വടിയും വാക്കത്തിയുമെടുത്ത് പടവെട്ടുന്നതുമൊക്കെ ഈ ഭയം കൊണ്ടാണ്. 

സഭയ്ക്കാകട്ടെ, അങ്ങനെയുള്ള ഭയങ്ങളൊന്നുമില്ല. യഥാര്‍ത്ഥമായ വിശ്വാസവും ആരാധനയും സേവനസന്നദ്ധതയുമുള്ള സഭയ്ക്കു ലോകത്തിലുള്ള യാതൊരു ശക്തിയേയും ഭയമില്ല. ആരുമായും സമരം ചെയ്യേണ്ടുന്ന ആവശ്യമതിനില്ല. അതു സ്വന്ത മഹത്വത്തെ കാംക്ഷിക്കുന്നില്ല. സുവിശേഷപ്രഖ്യാപനത്തിലും ആരാധനയിലും സേവനത്തിലും കൂടെ ദൈവത്തിന്‍റെ മഹത്വത്തെ പ്രത്യക്ഷപ്പെടുത്തുകയാണ് അതിന്‍റെ കര്‍ത്തവ്യം.

************

ഇന്ന് നമ്മുടെ സഭയില്‍ സമാധാനത്തേക്കാള്‍ അത്യാവശ്യമായിട്ടുള്ളത് താഴെപറയുന്ന മൂന്നു കാര്യങ്ങളാണ്.

1) യഥാര്‍ത്ഥമായ ആരാധന

സഭയൊന്നാകെ കര്‍ത്തൃദിവസത്തില്‍ ഒരുമിച്ചുകൂടി പരിശുദ്ധ കുര്‍ബ്ബാനയില്‍ കൂടെ ദൈവത്തിനു ബലിയായി തങ്ങളെത്തന്നെ അര്‍പ്പിക്കുകയും കര്‍ത്താവായ യേശുമിശിഹാ തന്‍റെ ജീവനെ (തിരുശരീര രക്തങ്ങളെ) നമുക്കു നല്‍കുന്നതിനെ നാം സ്വീകരിച്ച് തനിക്കുവേണ്ടി നാം വേല ചെയ്യുകയും ജീവിക്കുകയും ചെയ്യുക എന്നതാണ് സത്യാരാധന (റോമാലേഖനം 12:1-2). അതോടുകൂടെത്തന്നെ കുടുംബപ്രാര്‍ത്ഥനയും വ്യക്തികളുടെ ആരാധനാജീവിതവും വളര്‍ന്നുവരണം.

2) യഥാര്‍ത്ഥ സേവനം

സേവനോന്മുഖങ്ങളായ സ്ഥാപനങ്ങള്‍ ഓരോ ഇടവകയിലും സഭയിലാകെയുമുണ്ടായി, പ്രയാസത്തിലിരിക്കുന്നവരെ സഹായിക്കുക എന്ന ക്രിസ്തീയ കൃത്യനിര്‍വ്വഹണത്തില്‍ നാം ജാഗരൂകരാകുക. കുരിശിന്‍തൊട്ടി പണിയുന്നതിനേക്കാള്‍ ഒരു ചെറിയ ആശുപത്രി പണിയുന്നതാണ് ക്രിസ്തീയ കര്‍ത്തവ്യം.

3) സുവിശേഷ പ്രഖ്യാപനം

യഥാര്‍ത്ഥ ആരാധനയും യഥാര്‍ത്ഥ സേവനോന്മുഖതയും ഉള്ള ഒരു ഇടവകയ്ക്ക് ക്രിസ്തുവിനെപ്പറ്റി പ്രഖ്യാപിക്കുവാന്‍ പ്രയാസം തോന്നുകയില്ല. തന്‍റെ അത്ഭുതാവഹമായ സ്നേഹത്തെ നമ്മുടെ ഇടവകയില്‍ത്തന്നെയുള്ള ആളുകളോടു പറയുവാന്‍ നമുക്കു സാധിക്കണമെങ്കില്‍, ആ സ്നേഹത്തെ നാം ആരാധിക്കുകയും പ്രവൃത്തിയില്‍കൂടെ വ്യക്തമാക്കുകയും ചെയ്യണം.

ഓരോ ഇടവകയിലും ഈ മൂന്നു പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം കൊടുക്കാമെങ്കില്‍ സമാധാനം താനെ കരഗതമായിക്കൊള്ളും. ക്രിസ്തുവിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുവാന്‍ വിമുഖതയുള്ളിടത്താണ് അസമാധാനം  കളിയാടുന്നത്. തന്‍റെ ഹിതം പ്രവര്‍ത്തിക്കുന്ന സഭ തന്‍റെ ശരീരമായിത്തീരുന്നു. അസമാധാനപ്പിശാചിന് അവിടെ സ്ഥാനമൊന്നുമില്ലല്ലോ.

(ചര്‍ച്ച് വീക്ക്ലി, ആഗസ്റ്റ് 25, 1957)

മൈലപ്ര മാത്യൂസ് റമ്പാന്‍ | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 

മുനിവര്യനായ മൈലപ്ര മാത്യൂസ് റമ്പാന്‍ കാലയവനികയ്ക്ക് പിറകില്‍ പോയിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. നാല്‍പത്തിയെട്ട് വര്‍ഷം മുഴുവന്‍ ഒരു റമ്പാനായി ജീവിച്ച്, സാധാരണ റമ്പാന്മാരില്‍ പലപ്പോഴും കാണുന്ന സ്ഥാനമോഹങ്ങളൊന്നുമില്ലാതെ ഏകാന്തതയിലും മൗനവ്രതത്തിലും കാലം കഴിച്ച്, ദൈവസ്നേഹത്തിന്‍റെ അഗാധമായ അനുഭവം മൂലം അജ്ഞാത പരിശുദ്ധനായി ഉയര്‍ന്ന റമ്പാച്ചനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഈ മഹല്‍ജീവിതത്തിന്‍റെ ഒരു മുകുരമായി അയ്യായിരത്തിലധികം പേജുകളുള്ള സ്വന്ത കൈപ്പടയിലുള്ള ലിഖിതങ്ങളെ നമുക്ക് കാണാം.

ക്രൈസ്തവ സഭയിലെ കിഴക്കന്‍ പാരമ്പര്യത്തില്‍ മൂന്ന് വിവിധ രീതിയിലുള്ള സന്യാസ സമ്പ്രദായങ്ങള്‍ ഉടലെടുത്തു. ഒന്നാമത്, പരിശുദ്ധനായ അന്തോനിയോസിന്‍റെ നാമവുമായി ബന്ധിക്കപ്പെടുന്ന ഏകാന്ത സന്യാസം. ഇതിനോട് വളരെ അടുത്തതാണ് മൈലപ്ര റമ്പാച്ചന്‍റെ സന്യാസ ജീവിതം. ഏകാന്തത, മൗനം, ധ്യാനം, ഉപവാസം എന്നിവയ്ക്കാണ് ഈ സമ്പ്രദായത്തില്‍ പ്രാധാന്യം.

രണ്ടാമത്തെ പ്രധാന സന്യാസ പാരമ്പര്യം, ഈജിപ്ഷ്യന്‍ മണലാരണ്യത്തില്‍ തന്നെ ഉടലെടുത്ത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാമൂഹ്യ സന്യാസ പ്രസ്ഥാനം തന്നെ. പരിശുദ്ധനായ മാര്‍ പഖോമിയസ് ആണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. ഏകാന്തവാസികളായ അനേക സന്യാസികളെ ഒരുമിച്ചുചേര്‍ത്ത് അവര്‍ക്ക് പൊതുവായ ഒരു നിയമവും ജീവിതരീതിയും ഉളവാക്കി, വേണ്ടുന്നിടത്ത് പള്ളികള്‍ കൂടെ പണിത് അദ്ദേഹം ഒന്‍പതിലധികം സന്യാസമഠങ്ങള്‍ സ്ഥാപിച്ചു. അവയിലൊന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഏകാന്തവാസിയായ സന്യാസിയില്‍ കാണപ്പെടുന്ന പല സ്വാര്‍ത്ഥ പ്രവണതകള്‍ക്കും ഒരു വ്യവസ്ഥിതിയുള്ള സമൂഹവാസം കൊണ്ടു മാത്രമേ അറുതി വരികയുള്ളു എന്നായിരുന്നു, പരിശുദ്ധനായ പഖോമിയോസിന്‍റെ ഉപദേശം. സ്വന്തമായി ഒന്നുമില്ലാതെ, എല്ലാം സമൂഹത്തില്‍ അര്‍പ്പിച്ച്, ദൈവാശ്രയത്തിലും, താഴ്മയിലും അനുസരണത്തിലുമുള്ള ഒരു ജീവിതരീതിയായിരുന്നു പരിശുദ്ധ പഖോമിയോസിന്‍റെ സന്യാസ പ്രസ്ഥാനം. സന്യാസിക്ക് അവന്‍റേതായ സ്വാതന്ത്ര്യം ഉണ്ട്. രഹസ്യ പ്രാര്‍ത്ഥനാ സമ്പ്രദായത്തിലും, ഭക്ഷണക്രമത്തിലും, വസ്ത്രധാരണാരീതിയിലും, ഐകരൂപ്യം സ്ഥാപിക്കുവാന്‍ പരിശുദ്ധ പഖോമിയോസ് ശ്രമിച്ചതേയില്ല. ഈ പ്രസ്ഥാനം ഈജിപ്റ്റില്‍ ഉടലെടുത്ത് അധികം താമസിയാതെ എത്യോപ്യയിലും ന്യൂബിയയിലും (സുഡാന്‍) സിറിയയിലും, പലസ്തീനിലും വ്യാപിച്ചു. നാലും അഞ്ചും ശതാബ്ദങ്ങളിലെ ക്രൈസ്തവ സഭയുടെ അദ്ധ്യാത്മികത അധികവും ഉടലെടുത്തത് ഈ പ്രസ്ഥാനത്തില്‍ നിന്നാണ്.

മൂന്നാമത്തെ സവിശേഷ സന്യാസ സമ്പ്രദായം പരിശുദ്ധനായ മാര്‍ ബസേലിയോസ് ഇന്നത്തെ ഏഷ്യാമൈനറില്‍ സ്ഥാപിച്ച സമ്പ്രദായമാണ്. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും, സാമൂഹ്യ ശിക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയ ഈ സന്യാസ സമ്പ്രദായത്തിന്‍റെ ഒരു പ്രത്യേകത, എല്ലാ സന്യാസിമാരും സ്വന്ത കൈകളുടെ അദ്ധ്വാനഫലം കൊണ്ട് ചുറ്റുമുള്ള പാവപ്പെട്ടവരെ പോഷിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യണമെന്നുള്ളതായിരുന്നു. ചുറ്റുമുള്ള സമൂഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുവാന്‍ പരിശുദ്ധ ബസേലിയോസും സഹസന്യാസിമാരും ഉറ്റു ശ്രമിച്ചു. ഉദാഹരണമായി, ഒരു നാട്ടില്‍ ഭക്ഷണക്ഷാമം വരുമ്പോള്‍ അവിടെയുള്ള ലാഭമോഹികളായ വ്യാപാരികള്‍ ധാന്യം പൂഴ്ത്തിവച്ച് അതിന് വില കൂട്ടുക എന്നുള്ളത് അന്നും സാധാരണമായിരുന്നു. അങ്ങനെ വരുമ്പോള്‍, പരിശുദ്ധ ബസേലിയോസ് തന്നെ ഈ വ്യാപാരികളെ അഭിമുഖീകരിച്ച്, പൂഴ്ത്തി വച്ചിരിക്കുന്ന ധാന്യം പുറത്തെടുപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുവാന്‍ തന്‍റെ വലിയ സ്നേഹവും വാചാലതയും അദ്ദേഹം ഉപയോഗിച്ചു. സന്യാസിമാര്‍ ആറ്റില്‍ മീന്‍ പിടിക്കുവാന്‍ പോയി കിട്ടുന്ന മീന്‍ സ്വയം ഉപയോഗിക്കാതെ, പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ കൊണ്ടുപോയി കൊടുക്കുക എന്നുള്ളത് ബസേലിയന്‍ സന്യാസിമാരുടെയും പ. ബസേലിയോസിന്‍റെ തന്നെയും ഒരു പതിവായിരുന്നു.

പില്‍ക്കാലത്തുണ്ടായ സന്യാസ പ്രസ്ഥാന വ്യതിയാനങ്ങള്‍ ഈ മൂന്ന് സമ്പ്രദായങ്ങളുടെ പരസ്പര സങ്കലനമായിരുന്നു. സിറിയന്‍ സന്യാസ പ്രസ്ഥാനത്തില്‍ ഗുഹാവാസത്തിനും, ഏകാന്തതയ്ക്കും, മൗനത്തിനും പ്രത്യേക പ്രാധാന്യം നല്‍കി. എന്നാല്‍ അതോടൊപ്പം തന്നെ, ഈ മൂന്ന് പ്രസ്ഥാനങ്ങളിലും ഇല്ലാതിരുന്ന നാടകീയങ്ങളായ ആത്മനിയന്ത്രണ അടവുകളും രൂപംകൊണ്ടു. കല്ലു കൊണ്ട് തൂണു കെട്ടി, തൂണിന്‍റെ മുകളില്‍ ഇരുന്ന് തപസു ചെയ്തുകൊണ്ടിരുന്ന ശെമവൂന്‍ ദെസ്തുനോയോയെപ്പോലുള്ള സന്യാസിമാര്‍ സിറിയയില്‍ ഉണ്ടായി. ഉറങ്ങുകയോ, ഭക്ഷിക്കുകയോ ചെയ്യാതെ ഒറ്റക്കാലില്‍ നിന്നുകൊണ്ട് തപസു ചെയ്യുന്ന സന്യാസിമാരും സിറിയയിലാണ് കാണപ്പെട്ടത്. ഇരുപത്തിനാലു മണിക്കൂറും രണ്ടോ, മൂന്നോ ഗ്രൂപ്പുകള്‍ മാറിമാറി ഇടരാതെ ദൈവസ്തോത്രം ചെയ്യുന്ന ഈറേന്മാര്‍ അഥവാ ഉണര്‍ന്നിരിക്കുന്നവര്‍ എന്ന് പറയുന്ന സന്യാസപ്രസ്ഥാനവും സിറിയയില്‍ ഉടലെടുത്തു. ഇതൊക്കെയായാലും ആദ്യം പറഞ്ഞ മൂന്ന് പ്രസ്ഥാനങ്ങള്‍, അതായത് അന്തോനിയോസ്, പഖോമിയോസ്, ബസേലിയോസ് എന്നിവര്‍ സ്ഥാപിച്ച മൂന്ന് പ്രസ്ഥാനങ്ങള്‍ ആണ് പൗരസ്ത്യ സന്യാസ പാരമ്പര്യത്തിന്‍റെ അടിസ്ഥാനം. ഇവയില്‍ ഒന്നും രണ്ടും രീതികളുടെ ഒരു സങ്കലനമായിരുന്നു മൈലപ്ര റമ്പാച്ചന്‍റേത്. താന്‍ തന്നെ സമൂഹശിക്ഷണത്തിന് വിധേയനായി വളരെക്കാലം ജീവിച്ചില്ലെങ്കിലും തന്‍റെ അന്തേവാസികളായ കുറെ സന്യാസികളെ ഒരു സാമൂഹ്യ ശിക്ഷണത്തില്‍ കൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അന്തോനിയോസ് വ്രതക്കാരനായ ഒരു ഏകാന്ത സന്യാസി (യീഹിദോയൊ) ആയിരുന്നു.

യിഹിദോയോയും ദയറോയോയും കിഴക്കന്‍ സന്യാസ പ്രസ്ഥാനത്തിലെ രണ്ട് ശാഖകളായിരുന്നു. 'ദയറോ' എന്ന് പറഞ്ഞാല്‍ ഭവനം എന്നാണര്‍ത്ഥം. സന്യാസാശ്രമങ്ങള്‍ ദൈവഭവനങ്ങളായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതില്‍പ്പെടാത്തവരെ, 'ഓലാം' അഥവാ ലോകം അവരുടെ അധിവാസസ്ഥലമായിരുന്നതുകൊണ്ട് 'ഒല്‍മോയേ' എന്ന് അഭിസംബോധന ചെയ്തു. 'അല്‍മായക്കാരന്‍' എന്നു പറഞ്ഞാല്‍ ലോകവാസി അല്ലെങ്കില്‍ ദയറാവാസി അല്ലാത്തവന്‍ എന്നാണര്‍ത്ഥം. അല്ലാതെ വൈദികനല്ലാത്തവന്‍ എന്നര്‍ത്ഥമില്ല.

എന്നാല്‍ ദയറാവാസികളായവരില്‍ തന്നെ ചില പ്രത്യേക വ്യക്തികള്‍ക്ക് ദയറായുടെ ഒരു മൂലയില്‍ തന്നെയോ, അല്ലെങ്കില്‍ കാട്ടിലോ, ഗുഹയിലോ പോയിരുന്ന് ഏകാന്തതപസ് ചെയ്യുന്നതിനുള്ള അനുവാദം ദയറായില്‍ നിന്നു തന്നെ കൊടുക്കുമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഏകാന്ത തപസ് ചെയ്തിട്ട്, ആ സന്യാസി വീണ്ടും ദയറായിലേക്ക് തിരികെ വരികയും ചെയ്യുക പതിവായിരുന്നു. ഏകാന്തവാസത്തിന്‍റെ പ്രധാന പരിമിതി, സമൂഹ പ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയിലും പതിവായി സംബന്ധിക്കുവാനുള്ള സാധ്യത പലപ്പോഴും ഇല്ലായിരുന്നു എന്നുള്ളതാണ്.

നമ്മുടെ മൈലപ്ര റമ്പാച്ചന്‍ ഏകാന്തവാസിയും, മുനിയും ആയിരുന്നുവെങ്കിലും അതോടുകൂടെ തന്നെ സമൂഹ പ്രാര്‍ത്ഥനയ്ക്കും പരിശുദ്ധ കുര്‍ബാനയ്ക്കും അദ്ദേഹം ഉയര്‍ന്ന സ്ഥാനം കല്‍പിച്ചു.

മാത്രമല്ല, ഒരു നല്ല സന്യാസിയുടെ പ്രത്യേകതകളില്‍ പ്രധാനമായിട്ടുള്ളത്, അളവില്ലാത്ത താഴ്മയും, കളങ്കമില്ലാത്ത ശിശുതുല്യമായ ശുദ്ധതയുമാണ്. ഇത് രണ്ടിലും റമ്പാച്ചന്‍ ആരുടെയും പിറകിലായിരുന്നില്ല. മറ്റൊരു ഗുരുവിന്‍റെ ശിക്ഷണത്തിന് കീഴ്പെട്ട് താഴ്മയും മറ്റും അഭ്യസിക്കുവാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ലെങ്കിലും താഴ്മയും ശുദ്ധതയും അദ്ദേഹം സ്വയം അഭ്യസിച്ചു. നിഷ്കളങ്കമായ ഒരു മനസ്സാണ് റമ്പാച്ചനുണ്ടായിരുന്നതെന്ന് എന്‍റെ അറിവില്‍ നിന്ന് എനിക്ക് പറയുവാന്‍ കഴിയും. എനിക്ക്  അദ്ദേഹത്തോടുണ്ടായിരുന്ന വലിയ ബഹുമാനത്തിന്‍റെ അടിസ്ഥാനം, ഈ ശുദ്ധതയും, താഴ്മയും അദ്ദേഹത്തിന്‍റെ ഇടതോരാത്ത പ്രാര്‍ത്ഥനാശീലവുമായിരുന്നു. അങ്ങനെയുള്ള സന്യാസിമാര്‍ നമ്മുടെ സഭയില്‍ ഇന്നും അധികമില്ല. പ. പരുമല തിരുമേനിയെപ്പോലെ പണ്ഡിതനൊന്നുമായിരുന്നില്ല മൈലപ്ര റമ്പാച്ചന്‍. പക്ഷേ, പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പരുമലത്തിരുമേനിയെപ്പോലെ തന്നെ അത്യുല്‍സുകനും, നിഷ്ഠയുള്ളവനുമായിരുന്നു റമ്പാച്ചന്‍.

എനിക്ക് വ്യക്തിപരമായി പലപ്പോഴും പ്രചോദനം പകര്‍ന്നു തന്നിട്ടുള്ള റമ്പാച്ചനെ ഈ അഞ്ചാം വാര്‍ഷികത്തില്‍ ഞാന്‍ പ്രത്യേകം സ്നേഹബഹുമാനപുരസ്സരം അനുസ്മരിക്കുന്നു. എന്‍റെ ഏറ്റവും താഴ്മയോടു കൂടിയുള്ള ഉപഹാരബലിയെ ആ തൃപ്പാദങ്ങളില്‍ ഞാന്‍ അര്‍പ്പിക്കുന്നു. എനിക്കു വേണ്ടിയും, എന്‍റെ സഭയ്ക്കുവേണ്ടിയും, എന്‍റെ ലോകത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമേ എന്ന് ആ പുണ്യ പുരുഷനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

(ഓര്‍ത്തഡോക്സ് യൂത്ത്, 1996 സെപ്റ്റംബര്‍)

Sunday, 17 October 2021

ആ മറഞ്ഞുപോയ പുഞ്ചിരി: 33 നാള്‍ തിരുസഭ ഭരിച്ച ജോണ്‍ പോള്‍ മാര്‍പാപ്പാ ഒരനുസ്മരണം

 


"അദ്ദേഹത്തിന്‍റെ ഒരു പുഞ്ചിരി കാണുമ്പോള്‍ എന്‍റെ ജീവിത പ്രശ്നങ്ങളുടെ പകുതി മാറിപ്പോകുന്ന പ്രതീതിയാണെനിക്കുള്ളത്."

33 ദിവസം മാത്രം കത്തോലിക്കാ സഭയുടെ അധിപനായിരുന്നു സെപ്റ്റംബര്‍ 28-ന് രാത്രി 11 മണിക്ക് സുഖനിദ്രയുടെ ശാന്തതയില്‍ ഈ ലോകത്തോട്  വിട വാങ്ങിപ്പോയ ജോണ്‍ പോള്‍ മാര്‍പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ പിറ്റേദിവസം റോമിലെ വത്തിക്കാന്‍  റേഡിയോ അദ്ദേഹത്തെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ വാചകമാണിത്. 

ഹൃദയാവര്‍ജ്ജകവും സ്നേഹനിര്‍ഭരവുമായ ആ പുഞ്ചിരി ലോകരംഗത്തും സഭാമണ്ഡലത്തിലും സമാധാനം പകര്‍ത്തുവാന്‍ സമര്‍ത്ഥമാണെന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ, ദൈവത്തിന്‍റെ ഇഷ്ടം അങ്ങിനെയല്ലായിരുന്നു. എന്തു ചെയ്യട്ടെ! ദൈവം നല്ലതേ ചെയ്കയുള്ളു എന്ന വിശ്വാസത്തിലും പ്രത്യാശയിലും നമുക്കാശ്വസിക്കാം.

ഞാന്‍ ആ പരിശുദ്ധ പിതാവിനെ ആദ്യം കണ്ടത് സെപ്റ്റംബര്‍ 3-ന് അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണവേളയിലായിരുന്നു.

കോണ്‍സ്റ്റാന്‍റിനോപ്പിള്‍, റഷ്യാ, റൂമേനിയാ, ബള്‍ഗേറിയാ, അമേരിക്കാ, ഈജിപ്റ്റ്, അര്‍മേനിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഓര്‍ത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തന്മാരും ആംഗ്ലിക്കന്‍, ലൂഥറന്‍, പ്രെസ്ബിറ്റീരിയന്‍, മെത്തോഡിസ്റ്റ്, ബാപ്റ്റിസ്റ്റ് എന്നിങ്ങനെയുള്ള പ്രോട്ടസ്റ്റന്‍റു നേതാക്കന്മാര്‍ക്കും, എഴുപതില്‍പ്പരം രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമുള്‍പ്പെടെ മൂന്നു ലക്ഷത്തോളം ജനതകള്‍ അച്ചടക്കത്തോടും ഭക്തിനിര്‍ഭരമായും പങ്കെടുത്ത ആ ലളിതമായ സ്ഥാനാരോഹണ  ശുശ്രൂഷ ഞായറാഴ്ച സന്ധ്യയ്ക്ക് 6 മണി മുതല്‍ ഏതാണ്ട് 8.45 വരെ  നീണ്ടുനിന്നു. സെന്‍റ്പീറ്റേഴ്സ് കത്തീഡ്രലിന്‍റെ അങ്കണത്തില്‍ വെച്ചു പുതിയ മാര്‍പാപ്പാ അണച്ച വിശുദ്ധ കുര്‍ബാനയായിരുന്നു സ്ഥാനാരോഹണക്രമത്തിലെ പ്രധാന ഭാഗം. അര മൈല്‍ ദൂരം വരെ തടിച്ചു കൂടിയിരുന്ന ജനതാമദ്ധ്യത്തിലേയ്ക്ക് 250 ശുഭ്രവസ്ത്രധാരികളായ പുരോഹിതന്മാര്‍ ബലിചഷകവുമായി ഇറങ്ങിച്ചെന്ന് കുര്‍ബാന കൊടുത്ത രംഗം എല്ലാവരുടേയും ഹൃദയത്തെ ഗ്രഥിച്ചു.

എന്നാല്‍ അതിലും കൂടുതലായി എല്ലാവരേയും ആകര്‍ഷിച്ചത് പ്രസംഗം പറയുമ്പോഴും കര്‍ദ്ദിനാളന്മാരുടെ അനുസരണ പ്രതിജ്ഞ സ്വീകരിക്കുമ്പോഴും മറ്റെല്ലാ സമയത്തും അദ്ദേഹത്തിന്‍റെ മുഖത്തു നിന്നു മാറാതെ തത്തിക്കളിച്ചുനിന്ന ആ പുഞ്ചിരിയായിരുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനിലാരംഭിച്ച പ്രസംഗം റോമ്മാ നഗരത്തിലെ ജനങ്ങളെ അഭിസംബോധനം ചെയ്യുന്ന സമയത്ത് ഇറ്റാലി യന്‍ ഭാഷയിലോട്ടും ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികളോട് സംസാരിച്ചപ്പോള്‍ ഫ്രെഞ്ചിലോട്ടും പ്രയാസം കൂടാതെ മാറി. ആ പുഞ്ചിരി മാത്രം മാറാതെ നിന്നു. 

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് എനിക്കു ജോണ്‍ പോള്‍ മാര്‍പാപ്പായെ വ്യക്തിപരമായി കണ്ട് സംസാരിക്കാന്‍ സാധിച്ചത്. കേരളത്തിലുണ്ടാക്കിയ ഒരു ചുണ്ടന്‍വള്ളം അകത്ത് നാലു മെഴുകുതിരി കുത്തുവാന്‍  സൗകര്യമുള്ളത് ഞാനദ്ദേഹത്തിന് സമ്മാനിച്ചുകൊണ്ടു പറഞ്ഞു. "സഭയാകുന്ന നൗക ഒന്നേയുള്ളു. എല്ലാ ദീപങ്ങളും അതിനകത്തു പ്രകാശിക്കണം." അദ്ദേഹം സുസ്മേരവദനനായി മറുപടി പറഞ്ഞു. "നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കണം. ഒരുമിച്ചു പ്രവര്‍ത്തിച്ചെങ്കിലേ സഹോദരീ സഭകള്‍ തമ്മിലുള്ള ഐക്യം രൂഢമൂലമാകയുള്ളു."

ഏതാണ്ട് അഞ്ചു നിമിഷം സംസാരിക്കാനേ സമയമുണ്ടായിരുന്നുള്ളു. പക്ഷേ, അദ്ദേഹത്തിന്‍റെ മുഖത്ത് അപ്പോഴും കണ്ട പുഞ്ചിരി എന്നെ അല്‍പ്പമൊന്ന് അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഹൃദയത്തിലെന്നപോലെ എന്‍റെ ഹൃദയത്തിലും ആ സമയത്ത് കടുത്ത കദനഭാരത്തിന്‍റെ ശക്തിയായിരുന്നു വ്യാപരിച്ചിരുന്നത്. കാരണം എന്ത്?

തന്‍റെ സ്ഥാനാരോഹണം കഴിഞ്ഞ് പിറ്റേദിവസം മാര്‍പാപ്പാ ലോകരാഷ്ട്ര നേതാക്കന്മാരെ സ്വീകരിച്ച്  സംഭാഷണം നടത്തി. രണ്ടാം ദിവസം സഹോദരീ സഭകളിലെ പ്രതിനിധികളെ സ്വീകരിക്കുവാനുള്ളതാണ്. 

സെപ്റ്റംബര്‍ അഞ്ചാം തീയതി ഞങ്ങളെല്ലാവരും പേപ്പല്‍ ലൈബ്രറിയുടെ അടുത്തുള്ള  സ്വീകരണമുറിയില്‍ ഉപവിഷ്ടരായിരിക്കുകയാണ്. 8 ഓര്‍ത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തന്മാരെ സ്വീകരിക്കുകയാണ് മാര്‍പാപ്പാ. റഷ്യയിലെ ലെനിന്‍ഗ്രാഡിലെ മെത്രാപ്പോലീത്തായായ നിക്കോദീം തിരുമേനിയെയാണ് ആദ്യമായി സ്വീകരിക്കുന്നത്. ഓരോരുത്തര്‍ക്ക് അഞ്ചു മിനിട്ടു മാത്രമേ സമയമുള്ളു. 

നിക്കോദീം തിരുമേനി പേപ്പല്‍ ലൈബ്രറിയില്‍ പ്രവേശിച്ചു. മാര്‍പാപ്പാ അദ്ദേഹത്തെ ആശ്ലേഷിച്ചു സ്വീകരിച്ചു. ക്ഷേമാന്വേഷണങ്ങളും പീമന്‍ പാത്രിയര്‍ക്കീസിന്‍റെ അനുമോദനങ്ങളും ഒക്കെ അറിയിച്ചശേഷം നിക്കോദിം തിരുമേനി സോഫായില്‍ ഇരുന്നു. മാര്‍പാപ്പാ അദ്ദേഹത്തിന്‍റെ കസേരയിലും. അര നിമിഷം പോലും ഇരിക്കുന്നതിനു മുമ്പ് നിക്കോദിം തിരുമേനി സോഫയില്‍ നിന്നും താഴെ വീണു. 49 വയസ്സുകാരനായ അദ്ദേഹത്തിന്‍റെ ആറാമത്തെ ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു അത്. ഉടനെ ഡോക്ടറന്മാരെ വരുത്തി പ്രഥമശുശ്രൂഷകള്‍ ചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. മാര്‍പാപ്പായും കര്‍ദിനാര്‍ വില്ലിബ്രാന്‍ഡ്സും കൂടി നിക്കോദീം തിരുമേനിയെ നിലത്ത് കിടത്തി. മാര്‍പാപ്പാ തന്നെ അന്ത്യശുശ്രൂഷ കഴിച്ചു.

ഈ സംഭവം കഴിഞ്ഞ് പത്തുപതിനഞ്ചു മിനിട്ടു കഴിഞ്ഞാണ് ഞാന്‍ ജോണ്‍ പോള്‍ മാര്‍പാപ്പായെ കണ്ടത്. ഭയങ്കരമായ ദുഃഖത്തിന്‍റെ കാര്‍മേഘം മനസ്സിനെ ആവരണം ചെയ്തിരുന്നപ്പോഴും ആ മുഖത്ത് പുഞ്ചിരിക്ക് വ്യത്യാസമില്ലായിരുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

സ്ഥാനാരോഹണം കഴിഞ്ഞ് ആദ്യമായി നടത്തുന്ന സഭാപരമായ പ്രവര്‍ത്തനത്തിന്‍റെ ആദിയിലേ ഒരു സഹോദരീ സഭയിലെ മെത്രാപ്പോലീത്താ തന്‍റെ മടിയില്‍ക്കിടന്നെന്ന പോലെ മരിച്ചു എന്നുള്ളത് അദ്ദേഹത്തിന്‍റെ മനസ്സിനെ വളരെ വ്യാകുലപ്പെടുത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. 

എന്‍റെ മനസ്സില്‍ പലപ്പോഴും തോന്നാറുള്ള ഒരു കാര്യം അദ്ദേഹത്തിന്‍റെ ചിന്തയിലും ഉദിച്ചിരിക്കാം. മരിച്ച് ഇഹലോക തിരശ്ശീലയ്ക്കപ്പുറത്ത് ചെന്നു കഴിയുമ്പോള്‍ ഇവിടെയുള്ള ഭിന്നതകളും ചേരിതിരിവുകളും ഒന്നും അവിടെ വിലപ്പോവുകയില്ലല്ലോ. അക്കരെയാണ് യഥാര്‍ത്ഥ ഐക്യമുള്ളത്.

ജോണ്‍ പോള്‍ മാര്‍പാപ്പായുടെ മരണം വളരെ അത്ഭുതാവഹമെന്നു വേണം പറയുവാന്‍. 28-നു രാത്രി 11 മണിക്ക് അദ്ദേഹം കാലം ചെയ്തു. പക്ഷേ, പിറ്റേദിവസം രാവിലെയേ വിവരം ആരെങ്കിലും അറിഞ്ഞുള്ളു. അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി ഫാദര്‍ ജോണ്‍ മാഗി 29-ന് രാവിലെ 5.30-ന് പ്രൈവറ്റ് ചാപ്പലില്‍ പതിവുപോലെ മാര്‍പാപ്പായെ കാണാഞ്ഞിട്ട് അന്വേഷിച്ചു ചെന്നപ്പോഴാണ് വിവരം മനസ്സിലായത്. ഉടനെ കര്‍ദിനാളന്മാരുടെ തലവനായ വിയ്യോ തിരുമേനിയെ അറിയിച്ചു. ഡോക്ടറന്മാര്‍ വന്ന് പരിശോധിച്ചു. തലേദിവസം രാത്രി 11 മണിക്കാണ് മരണമുണ്ടായതെന്നും ഹൃദയസ്തംഭനമാണ് കാരണമെന്നും പ്രഖ്യാപിച്ചു. 

മുറിയില്‍ ലൈറ്റുണ്ടായിരുന്നു. ഏതോ പുസ്തകമോ രേഖയോ വായിക്കാനൊരുങ്ങുമ്പോഴായിരുന്നിരിക്കണം മരണമുണ്ടായത്. മരിക്കുന്നതിന്‍റെ തലേദിവസം സെപ്റ്റംബര്‍ 27-നു അദ്ദേഹം നല്കിയ ഒന്നാമത്തേതും അവസാനത്തേതുമായ ജനറല്‍ ഓഡിയന്‍സില്‍ 20,000 പേര്‍ പങ്കെടുത്തിരുന്നു. ഒരു പ്രാര്‍ത്ഥനയോടു കൂടിയാണ് അദ്ദേഹം തന്‍റെ പ്രസംഗം ആരംഭിച്ചത്. ആ പ്രാര്‍ത്ഥനയെ ഇങ്ങനെ പരിഭാഷപ്പെടുത്താം:

" എന്‍റെ ദൈവമേ, പൂര്‍ണ്ണഹൃദയത്തോടെ, സര്‍വ്വത്തേക്കാളും ഉപരിയായി ഞാന്‍, അവിടുത്തെ സ്നേഹിക്കുന്നു. അവിടുന്നു തന്നെ അതിരില്ലാത്ത നന്മകയും ഞങ്ങളുടെ അനന്തമായ ആഹ്ലാദവും. അവിടുത്തേയ്ക്ക് വേണ്ടി ഞാന്‍ എന്‍റെ അയല്‍വാസിയെയും എന്നെത്തന്നെ യെന്നവണ്ണം സ്നേഹിക്കുന്നു. എന്നോട് ചെയ്തിട്ടുള്ള എല്ലാ തെറ്റുകളേയും ക്ഷമിക്കുന്നു. ഓ പരമേശ്വരാ, ഞാന്‍ അവിടുത്തെ കൂടുതല്‍ കൂടുതലായി സ്നേഹിക്കുമാറാകണേ." 

യവനികയ്ക്കപ്പുറത്ത് നിന്ന് ആ പുഞ്ചിരിയും ആ പ്രാര്‍ത്ഥനയും ഇപ്പോഴും തുടരുന്നു.

(1978 ഒക്ടോബറില്‍ എഴുതിയത്)

Sunday, 10 October 2021

കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 


കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് http://paulosmargregorios.in/?p=5097 ശബ്ദം ജോണ്‍ സൗത്ത് ആഫ്രിക്കാ

സ്നേഹം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 


സ്നേഹം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ശബ്ദം: ജോണ്‍ സൗത്ത് ആഫ്രിക്കാ

ദൈവപുത്രന്‍റെ മര്‍ത്യീകരണം: അതിന്‍റെ മൗലികോദ്ദേശ്യമെന്ത്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 


ദൈവപുത്രന്‍റെ മര്‍ത്യീകരണം: അതിന്‍റെ മൗലികോദ്ദേശ്യമെന്ത്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Article by Dr. Paulos Mar Gregorios സ്നേഹം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് https://sophiaelibrary.blogspot.com/2020/06/blog-post_30.html

അഞ്ചാം തൂബ്ദേനിലെ പരിശുദ്ധ പിതാക്കന്മാര്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 


അഞ്ചാം തൂബ്ദേനിലെ പരിശുദ്ധ പിതാക്കന്മാര്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

Tuesday, 5 January 2021

HH Geevarghese II / Dr. Paulose Mar Gregorios Metropolitan

“Kallasseril Bava (His Holiness Baselios Geevarghese II Catholicose and Malankara Metropolitan) was a Metropolitan whom I respected most. He was a spiritual man to the core. When His Holiness makes entry into the Holy Altar, we realize that Thirumeni sees God. His Holiness was extremely conscious that he was standing before God. He was a Metropolitan who led a holy life being aware of presence of God….For the right progress of our Church, we must have Metropolitans like these. On the other hand, the notion that Metropolitans are symbols of power and authority, have established lots of institutions, have constructed many buildings (I too have constructed a few buildings) are all senseless. These do not stand as their positives.

When they stand before God at the end, there would not be any queries about the number of buildings constructed. The main thing is your spiritual life must be a life of prayer for all the community and you must be a symbol of the presence of Christ. Life of Metropolitans must be such that the believers feel presence of Christ in them. Priests also should be partakers in this experience. Believers must have the feeling of Christ when they see a priest. This is very important. When there are priests and Metropolitans possessing holiness and love, Church progresses. Church can have no progress with buildings, money or structure. Spiritual quality is what counts.”

(Ref: A Pilgrimage to The Light, Joice Thottackad, Nov 2018, Gregory of India Study Circle, Pg 405)

സുവർണകേരളവും പൗലോസ് മാർ ഗ്രിഗോറിയോസും

  കേരളപ്പിറവിയുടെ സുവർണ ജൂബിലി പ്രമാണിച്ചു മലയാള മ നോരമ പ്രസിദ്ധീകരിച്ച 'സുവർണകേരളം' എന്ന അനുബന്ധ പതി പ്പ് ഗംഭീരമായിരിക്കുന്നു. ഒട്ട...