"അദ്ദേഹത്തിന്‍റെ ഒരു പുഞ്ചിരി കാണുമ്പോള്‍ എന്‍റെ ജീവിത പ്രശ്നങ്ങളുടെ പകുതി മാറിപ്പോകുന്ന പ്രതീതിയാണെനിക്കുള്ളത്."
33 ദിവസം മാത്രം കത്തോലിക്കാ സഭയുടെ അധിപനായിരുന്നു സെപ്റ്റംബര്‍ 28-ന് രാത്രി 11 മണിക്ക് സുഖനിദ്രയുടെ ശാന്തതയില്‍ ഈ ലോകത്തോട് വിട വാങ്ങിപ്പോയ ജോണ്‍ പോള്‍ മാര്‍പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ പിറ്റേദിവസം റോമിലെ വത്തിക്കാന്‍ റേഡിയോ അദ്ദേഹത്തെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ വാചകമാണിത്.
ഹൃദയാവര്‍ജ്ജകവും സ്നേഹനിര്‍ഭരവുമായ ആ പുഞ്ചിരി ലോകരംഗത്തും സഭാമണ്ഡലത്തിലും സമാധാനം പകര്‍ത്തുവാന്‍ സമര്‍ത്ഥമാണെന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ, ദൈവത്തിന്‍റെ ഇഷ്ടം അങ്ങിനെയല്ലായിരുന്നു. എന്തു ചെയ്യട്ടെ! ദൈവം നല്ലതേ ചെയ്കയുള്ളു എന്ന വിശ്വാസത്തിലും പ്രത്യാശയിലും നമുക്കാശ്വസിക്കാം.
ഞാന്‍ ആ പരിശുദ്ധ പിതാവിനെ ആദ്യം കണ്ടത് സെപ്റ്റംബര്‍ 3-ന് അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണവേളയിലായിരുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിള്‍, റഷ്യാ, റൂമേനിയാ, ബള്‍ഗേറിയാ, അമേരിക്കാ, ഈജിപ്റ്റ്, അര്‍മേനിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഓര്‍ത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തന്മാരും ആംഗ്ലിക്കന്‍, ലൂഥറന്‍, പ്രെസ്ബിറ്റീരിയന്‍, മെത്തോഡിസ്റ്റ്, ബാപ്റ്റിസ്റ്റ് എന്നിങ്ങനെയുള്ള പ്രോട്ടസ്റ്റന്‍റു നേതാക്കന്മാര്‍ക്കും, എഴുപതില്‍പ്പരം രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമുള്‍പ്പെടെ മൂന്നു ലക്ഷത്തോളം ജനതകള്‍ അച്ചടക്കത്തോടും ഭക്തിനിര്‍ഭരമായും പങ്കെടുത്ത ആ ലളിതമായ സ്ഥാനാരോഹണ ശുശ്രൂഷ ഞായറാഴ്ച സന്ധ്യയ്ക്ക് 6 മണി മുതല്‍ ഏതാണ്ട് 8.45 വരെ നീണ്ടുനിന്നു. സെന്‍റ്പീറ്റേഴ്സ് കത്തീഡ്രലിന്‍റെ അങ്കണത്തില്‍ വെച്ചു പുതിയ മാര്‍പാപ്പാ അണച്ച വിശുദ്ധ കുര്‍ബാനയായിരുന്നു സ്ഥാനാരോഹണക്രമത്തിലെ പ്രധാന ഭാഗം. അര മൈല്‍ ദൂരം വരെ തടിച്ചു കൂടിയിരുന്ന ജനതാമദ്ധ്യത്തിലേയ്ക്ക് 250 ശുഭ്രവസ്ത്രധാരികളായ പുരോഹിതന്മാര്‍ ബലിചഷകവുമായി ഇറങ്ങിച്ചെന്ന് കുര്‍ബാന കൊടുത്ത രംഗം എല്ലാവരുടേയും ഹൃദയത്തെ ഗ്രഥിച്ചു.
എന്നാല്‍ അതിലും കൂടുതലായി എല്ലാവരേയും ആകര്‍ഷിച്ചത് പ്രസംഗം പറയുമ്പോഴും കര്‍ദ്ദിനാളന്മാരുടെ അനുസരണ പ്രതിജ്ഞ സ്വീകരിക്കുമ്പോഴും മറ്റെല്ലാ സമയത്തും അദ്ദേഹത്തിന്‍റെ മുഖത്തു നിന്നു മാറാതെ തത്തിക്കളിച്ചുനിന്ന ആ പുഞ്ചിരിയായിരുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനിലാരംഭിച്ച പ്രസംഗം റോമ്മാ നഗരത്തിലെ ജനങ്ങളെ അഭിസംബോധനം ചെയ്യുന്ന സമയത്ത് ഇറ്റാലി യന്‍ ഭാഷയിലോട്ടും ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികളോട് സംസാരിച്ചപ്പോള്‍ ഫ്രെഞ്ചിലോട്ടും പ്രയാസം കൂടാതെ മാറി. ആ പുഞ്ചിരി മാത്രം മാറാതെ നിന്നു.
സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് എനിക്കു ജോണ്‍ പോള്‍ മാര്‍പാപ്പായെ വ്യക്തിപരമായി കണ്ട് സംസാരിക്കാന്‍ സാധിച്ചത്. കേരളത്തിലുണ്ടാക്കിയ ഒരു ചുണ്ടന്‍വള്ളം അകത്ത് നാലു മെഴുകുതിരി കുത്തുവാന്‍ സൗകര്യമുള്ളത് ഞാനദ്ദേഹത്തിന് സമ്മാനിച്ചുകൊണ്ടു പറഞ്ഞു. "സഭയാകുന്ന നൗക ഒന്നേയുള്ളു. എല്ലാ ദീപങ്ങളും അതിനകത്തു പ്രകാശിക്കണം." അദ്ദേഹം സുസ്മേരവദനനായി മറുപടി പറഞ്ഞു. "നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കണം. ഒരുമിച്ചു പ്രവര്‍ത്തിച്ചെങ്കിലേ സഹോദരീ സഭകള്‍ തമ്മിലുള്ള ഐക്യം രൂഢമൂലമാകയുള്ളു."
ഏതാണ്ട് അഞ്ചു നിമിഷം സംസാരിക്കാനേ സമയമുണ്ടായിരുന്നുള്ളു. പക്ഷേ, അദ്ദേഹത്തിന്‍റെ മുഖത്ത് അപ്പോഴും കണ്ട പുഞ്ചിരി എന്നെ അല്‍പ്പമൊന്ന് അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഹൃദയത്തിലെന്നപോലെ എന്‍റെ ഹൃദയത്തിലും ആ സമയത്ത് കടുത്ത കദനഭാരത്തിന്‍റെ ശക്തിയായിരുന്നു വ്യാപരിച്ചിരുന്നത്. കാരണം എന്ത്?
തന്‍റെ സ്ഥാനാരോഹണം കഴിഞ്ഞ് പിറ്റേദിവസം മാര്‍പാപ്പാ ലോകരാഷ്ട്ര നേതാക്കന്മാരെ സ്വീകരിച്ച് സംഭാഷണം നടത്തി. രണ്ടാം ദിവസം സഹോദരീ സഭകളിലെ പ്രതിനിധികളെ സ്വീകരിക്കുവാനുള്ളതാണ്.
സെപ്റ്റംബര്‍ അഞ്ചാം തീയതി ഞങ്ങളെല്ലാവരും പേപ്പല്‍ ലൈബ്രറിയുടെ അടുത്തുള്ള സ്വീകരണമുറിയില്‍ ഉപവിഷ്ടരായിരിക്കുകയാണ്. 8 ഓര്‍ത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തന്മാരെ സ്വീകരിക്കുകയാണ് മാര്‍പാപ്പാ. റഷ്യയിലെ ലെനിന്‍ഗ്രാഡിലെ മെത്രാപ്പോലീത്തായായ നിക്കോദീം തിരുമേനിയെയാണ് ആദ്യമായി സ്വീകരിക്കുന്നത്. ഓരോരുത്തര്‍ക്ക് അഞ്ചു മിനിട്ടു മാത്രമേ സമയമുള്ളു.
നിക്കോദീം തിരുമേനി പേപ്പല്‍ ലൈബ്രറിയില്‍ പ്രവേശിച്ചു. മാര്‍പാപ്പാ അദ്ദേഹത്തെ ആശ്ലേഷിച്ചു സ്വീകരിച്ചു. ക്ഷേമാന്വേഷണങ്ങളും പീമന്‍ പാത്രിയര്‍ക്കീസിന്‍റെ അനുമോദനങ്ങളും ഒക്കെ അറിയിച്ചശേഷം നിക്കോദിം തിരുമേനി സോഫായില്‍ ഇരുന്നു. മാര്‍പാപ്പാ അദ്ദേഹത്തിന്‍റെ കസേരയിലും. അര നിമിഷം പോലും ഇരിക്കുന്നതിനു മുമ്പ് നിക്കോദിം തിരുമേനി സോഫയില്‍ നിന്നും താഴെ വീണു. 49 വയസ്സുകാരനായ അദ്ദേഹത്തിന്‍റെ ആറാമത്തെ ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു അത്. ഉടനെ ഡോക്ടറന്മാരെ വരുത്തി പ്രഥമശുശ്രൂഷകള്‍ ചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. മാര്‍പാപ്പായും കര്‍ദിനാര്‍ വില്ലിബ്രാന്‍ഡ്സും കൂടി നിക്കോദീം തിരുമേനിയെ നിലത്ത് കിടത്തി. മാര്‍പാപ്പാ തന്നെ അന്ത്യശുശ്രൂഷ കഴിച്ചു.
ഈ സംഭവം കഴിഞ്ഞ് പത്തുപതിനഞ്ചു മിനിട്ടു കഴിഞ്ഞാണ് ഞാന്‍ ജോണ്‍ പോള്‍ മാര്‍പാപ്പായെ കണ്ടത്. ഭയങ്കരമായ ദുഃഖത്തിന്‍റെ കാര്‍മേഘം മനസ്സിനെ ആവരണം ചെയ്തിരുന്നപ്പോഴും ആ മുഖത്ത് പുഞ്ചിരിക്ക് വ്യത്യാസമില്ലായിരുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
സ്ഥാനാരോഹണം കഴിഞ്ഞ് ആദ്യമായി നടത്തുന്ന സഭാപരമായ പ്രവര്‍ത്തനത്തിന്‍റെ ആദിയിലേ ഒരു സഹോദരീ സഭയിലെ മെത്രാപ്പോലീത്താ തന്‍റെ മടിയില്‍ക്കിടന്നെന്ന പോലെ മരിച്ചു എന്നുള്ളത് അദ്ദേഹത്തിന്‍റെ മനസ്സിനെ വളരെ വ്യാകുലപ്പെടുത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
എന്‍റെ മനസ്സില്‍ പലപ്പോഴും തോന്നാറുള്ള ഒരു കാര്യം അദ്ദേഹത്തിന്‍റെ ചിന്തയിലും ഉദിച്ചിരിക്കാം. മരിച്ച് ഇഹലോക തിരശ്ശീലയ്ക്കപ്പുറത്ത് ചെന്നു കഴിയുമ്പോള്‍ ഇവിടെയുള്ള ഭിന്നതകളും ചേരിതിരിവുകളും ഒന്നും അവിടെ വിലപ്പോവുകയില്ലല്ലോ. അക്കരെയാണ് യഥാര്‍ത്ഥ ഐക്യമുള്ളത്.
ജോണ്‍ പോള്‍ മാര്‍പാപ്പായുടെ മരണം വളരെ അത്ഭുതാവഹമെന്നു വേണം പറയുവാന്‍. 28-നു രാത്രി 11 മണിക്ക് അദ്ദേഹം കാലം ചെയ്തു. പക്ഷേ, പിറ്റേദിവസം രാവിലെയേ വിവരം ആരെങ്കിലും അറിഞ്ഞുള്ളു. അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി ഫാദര്‍ ജോണ്‍ മാഗി 29-ന് രാവിലെ 5.30-ന് പ്രൈവറ്റ് ചാപ്പലില്‍ പതിവുപോലെ മാര്‍പാപ്പായെ കാണാഞ്ഞിട്ട് അന്വേഷിച്ചു ചെന്നപ്പോഴാണ് വിവരം മനസ്സിലായത്. ഉടനെ കര്‍ദിനാളന്മാരുടെ തലവനായ വിയ്യോ തിരുമേനിയെ അറിയിച്ചു. ഡോക്ടറന്മാര്‍ വന്ന് പരിശോധിച്ചു. തലേദിവസം രാത്രി 11 മണിക്കാണ് മരണമുണ്ടായതെന്നും ഹൃദയസ്തംഭനമാണ് കാരണമെന്നും പ്രഖ്യാപിച്ചു.
മുറിയില്‍ ലൈറ്റുണ്ടായിരുന്നു. ഏതോ പുസ്തകമോ രേഖയോ വായിക്കാനൊരുങ്ങുമ്പോഴായിരുന്നിരിക്കണം മരണമുണ്ടായത്. മരിക്കുന്നതിന്‍റെ തലേദിവസം സെപ്റ്റംബര്‍ 27-നു അദ്ദേഹം നല്കിയ ഒന്നാമത്തേതും അവസാനത്തേതുമായ ജനറല്‍ ഓഡിയന്‍സില്‍ 20,000 പേര്‍ പങ്കെടുത്തിരുന്നു. ഒരു പ്രാര്‍ത്ഥനയോടു കൂടിയാണ് അദ്ദേഹം തന്‍റെ പ്രസംഗം ആരംഭിച്ചത്. ആ പ്രാര്‍ത്ഥനയെ ഇങ്ങനെ പരിഭാഷപ്പെടുത്താം:
" എന്‍റെ ദൈവമേ, പൂര്‍ണ്ണഹൃദയത്തോടെ, സര്‍വ്വത്തേക്കാളും ഉപരിയായി ഞാന്‍, അവിടുത്തെ സ്നേഹിക്കുന്നു. അവിടുന്നു തന്നെ അതിരില്ലാത്ത നന്മകയും ഞങ്ങളുടെ അനന്തമായ ആഹ്ലാദവും. അവിടുത്തേയ്ക്ക് വേണ്ടി ഞാന്‍ എന്‍റെ അയല്‍വാസിയെയും എന്നെത്തന്നെ യെന്നവണ്ണം സ്നേഹിക്കുന്നു. എന്നോട് ചെയ്തിട്ടുള്ള എല്ലാ തെറ്റുകളേയും ക്ഷമിക്കുന്നു. ഓ പരമേശ്വരാ, ഞാന്‍ അവിടുത്തെ കൂടുതല്‍ കൂടുതലായി സ്നേഹിക്കുമാറാകണേ."
യവനികയ്ക്കപ്പുറത്ത് നിന്ന് ആ പുഞ്ചിരിയും ആ പ്രാര്‍ത്ഥനയും ഇപ്പോഴും തുടരുന്നു.
(1978 ഒക്ടോബറില്‍ എഴുതിയത്)
No comments:
Post a Comment