അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ തിരുമേനി അന്തരിച്ചു. വിശാലഹൃദയനായ ഒരു തിരുമേനി പാത്രിയര്‍ക്കീസ് ഭാഗത്തെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, സഭാ സമാധാനത്തെപ്പറ്റിയുള്ള പുതിയ പ്രത്യാശകള്‍ ചില യുവഹൃദയങ്ങളിലെങ്കിലും അങ്കുരിക്കുന്നെങ്കില്‍ അതു തികച്ചും സ്വാഭാവികമാണല്ലോ.
നാമൊരു പുതിയ സമാധാനോദ്യമത്തിനു തയ്യാറാകേണ്ടുന്ന കാലമാണോ ഇത്? പലരും എനിക്കിങ്ങനെ എഴുതി അയയ്ക്കുന്നുണ്ട്. ഇത്തരുണത്തില്‍ നാം ചിന്തിക്കേണ്ടുന്ന ഒന്നുരണ്ടു കാര്യങ്ങളെ വിനീതമായി, പ്രാര്‍ത്ഥനാപൂര്‍വ്വം ചൂണ്ടിക്കാണിക്കുവാനാഗ്രഹിക്കുന്നു.
സമാധാനമെന്തിന്?
നാം എതെങ്കിലുമൊരു കാര്യത്തിനായി ആഗ്രഹിക്കുമ്പോള്‍, ആ കാര്യത്തിനു സ്വതസ്സിദ്ധമായിട്ടുള്ള ഗുണത്തിനു പുറമെ നമ്മുടെ ആഗ്രഹത്തിന്‍റെ ഉദ്ദേശ്യശുദ്ധി കൂടെ കണക്കാക്കിയാലേ അതു നല്ലതാണൊ ചീത്തയാണൊ എന്നു തീരുമാനിക്കുവാന്‍ സാധിക്കുകയുള്ളു.
സമാധാനത്തിന്‍റെ എതിരാളികളുടെ ഉദ്ദേശ്യശുദ്ധിയെ നാം പലപ്പോഴും ചോദ്യം ചെയ്യാറുണ്ട്. സ്ഥാനമോഹം, വസ്തുക്കള്‍ നഷ്ടപ്പെട്ടുപോകുമെന്നുള്ള ഭയം, ഇങ്ങനെയുള്ള ദുരുദ്ദേശ്യങ്ങളാണ് നാം അവരില്‍ ആരോപിക്കുന്നത്. അതേസമയത്ത് സമാധാനകാംക്ഷികളായ നമ്മുടെ ഉദ്ദേശ്യങ്ങള്‍ കറയറ്റവയാണോ? സാധാരണ പ്രസംഗങ്ങളിലെല്ലാം കേള്‍ക്കുന്ന ഒരു കാര്യമാണ് സമാധാനമുണ്ടായില്ലെങ്കില്‍ നമ്മുടെ ആളുകളെല്ലാം റീത്തില്‍ പോകുമെന്നുള്ളത്. റീത്തില്‍ പോകുന്നതില്‍ നമുക്കുള്ള വിരോധമെന്താണ്? നമ്മുടെ വിഭാഗത്തിന്‍റെ സംഖ്യാബലം നഷ്ടപ്പെട്ടുപോകുമെന്നുള്ള ഭയം. അങ്ങനെ നമുക്കിപ്പോഴുള്ള സ്വാധീനശക്തി നഷ്ടപ്പെട്ടു പോകുമെന്നുള്ള ആശങ്ക. നമ്മുടെ സ്വന്ത മഹത്വത്തിനു ഹാനി ഭവിക്കുമെന്നുള്ള പേടി.
ഇതൊക്കെ പരിശുദ്ധങ്ങളായ കാര്യങ്ങളാണോ? എനിക്കു വളരെ സംശയമുണ്ട്. നമ്മുടെ സംഖ്യാബലത്തേയും സ്വാധീനശക്തിയേയും മഹത്വത്തേയും സംരക്ഷിക്കുന്നതിനുള്ള ഒരുപകരണമായി നാം സഭയെ ഉപയോഗിക്കുന്നപക്ഷം സഭയ്ക്കു ജീവിക്കുവാനുള്ള അര്‍ഹതയില്ലാതായിത്തീരുകയാണ് ചെയ്യുന്നത്. ദൈവത്തെ നമ്മുടെ സ്വന്ത മഹത്വത്തിനു ഉപയോഗിക്കുകയെന്ന മഹാപാപത്തില്‍ നാം വീഴുകയാണു ചെയ്യുന്നത്.
സമാധാനവും അഭിമാനവും
മറ്റു ചിലരുടെ മനസ്സില്‍ കിടക്കുന്ന പ്രധാന ഉദ്ദേശ്യം "നാമെന്തിന് ഈ ശീമക്കാരുടെ അടിമകളായിക്കിടക്കുന്നു? നമ്മുടെ കാര്യം നോക്കാന്‍ നമുക്കറിഞ്ഞുകൂടെ?" എന്നുള്ള ചിന്തയാണ്.
വളരെ ശരിയാണ്. ഭാരതീയ ക്രിസ്ത്യാനികള്‍ക്കു നേതൃത്വം നല്‍കുവാനുള്ള കഴിവ് സിറിയായിലെ സഭയ്ക്കില്ലെന്നു സിറിയായിലും പലസ്തീനിലും കുറെ ആഴ്ചകള്‍ കഴിച്ചുകൂട്ടിയതു കൊണ്ട് എനിക്കു വളരെ ബോദ്ധ്യമായിട്ടുണ്ട്.
പക്ഷേ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‍റെ മാതൃകയില്‍ സഭാസ്വാതന്ത്ര്യത്തെപ്പറ്റി നാം ചിന്തിക്കുന്നത് അബദ്ധമാണ്. ഇംഗ്ലീഷുകാര്‍ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. നമുക്ക് നമ്മുടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിന് അവര്‍ പ്രതിബന്ധമായിരുന്നു. അതുകൊണ്ടു സ്വാതന്ത്ര്യം ഭാരതത്തിനാവശ്യമായി വന്നു.
സഭാസ്വാതന്ത്ര്യം അതുപോലെ അല്ല. സിറിയായിലെ സഭാംഗങ്ങള്‍ നമ്മുടെ സഹോദരങ്ങളാണ്. അവിടത്തെ പാത്രിയര്‍ക്കീസുബാവായും മെത്രാന്മാരും മലങ്കരയിലെ പ്രതിനിധിയും ഒക്കെ നാമുള്‍പ്പെട്ടു നില്‍ക്കുന്ന സഭയിലെ ആത്മീയ പിതാക്കന്മാരാണ്. അല്ലാതെ നമ്മെ ചൂഷണം ചെയ്യുന്ന ഒരു എതിര്‍ശക്തിയൊന്നുമല്ല. അവരുടെ നിയന്ത്രണത്തില്‍ നിന്നും നാം സ്വാതന്ത്ര്യം കാംക്ഷിക്കുന്നതു നമ്മുടെ അഭിമാനത്തിനു വേണ്ടിയൊന്നുമല്ല. പ്രത്യേകമായും രണ്ടു കാരണങ്ങളെക്കൊണ്ടാണ്.
ഒന്നാമത്, ഭാരത ക്രൈസ്തവസഭയുടെ ഒരു വിപല്‍ഘട്ടത്തില്‍ സിറിയായിലെ സഭ നമ്മെ വളരെ സഹായിച്ചുവെങ്കിലും, ഇന്നു നമ്മുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും മനസ്സിലാക്കി ശരിയായ നേതൃത്വം നല്‍കുവാനുള്ള കഴിവൊ അവകാശമൊ അവര്‍ക്കില്ലെന്നുള്ളതാണ്. ഒരു രാജ്യത്തെ സഭ മറ്റൊരു രാജ്യത്തെ സഭയെ സഹായിക്കണമെന്നല്ലാതെ ഭരിക്കണമെന്നു നമ്മുടെ കര്‍ത്താവ് ഉദ്ദേശിക്കുന്നില്ല. സിറിയായിലെ സഭ മലങ്കരയെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നതു തെറ്റാണ്. സിറിയായിലെ സഭ ഇവിടെനിന്നും വിട്ടുമാറിയാല്‍ യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസം ഇവിടെ നശിച്ചുപോകുമെന്നുള്ള ഭയത്തിനു കാരണമുണ്ടായിരുന്നിടത്തോളം കാലം, അവര്‍ എത്ര എതിര്‍പ്പു സഹിച്ചും ഇവിടെ നിന്ന് നമ്മെ നയിക്കേണ്ടുന്ന ആവശ്യമുണ്ടായിരുന്നു. ഇന്ന് അവര്‍ ചെയ്യേണ്ടത് വിശ്വാസത്തിന്‍റെ ചുമതല ഇവിടെയുള്ള 14 മെത്രാന്മാരെ ഏല്പിച്ചിട്ട്, ഇവിടെ നിന്നും മാറിത്തരികയാണ്.
രണ്ടാമത്, ഭാരതത്തില്‍ ഇന്നുല്‍ഭൂതമായിട്ടുള്ള പുതിയ പരിതസ്ഥിതിയില്‍, വിദേശത്തുള്ള ഒരു സഭയുടെ ശാഖയായി മാത്രമിരിക്കുന്ന ക്രൈസ്തവസഭയ്ക്ക്, സഭയുടെ പ്രവര്‍ത്തനങ്ങളെ വിജയത്തോടുകൂടെ നിര്‍വ്വഹിക്കുവാന്‍ സാദ്ധ്യമല്ല. സ്വതന്ത്രമായ ഒരു പദ്ധതിയുണ്ടാക്കി, വിശ്വാസത്തില്‍ മാത്രം പരിഷ്ക്കാരങ്ങളൊന്നും വരുത്താതെ ധൈര്യപൂര്‍വ്വം മുമ്പോട്ടുപോകേണ്ട ചുമതലയാണ് നമുക്കുള്ളത്. അതിനു നാം സംഘടിച്ച്, സ്വതന്ത്രമായി, നല്ല നേതൃത്വത്തിന്‍കീഴില്‍ നില്‍ക്കേണ്ടിയിരിക്കുന്നു. സഭാസമാധാനം മൂലം സംഘടനയും സ്വാതന്ത്ര്യവും സംസിദ്ധമാകും. പക്ഷേ, നല്ല നേതൃത്വം കൂടി ഇല്ലെങ്കില്‍ ഈ സമാധാനം കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാകയില്ല.
സമാധാനം സംരക്ഷിക്കണം
ദൈവകാരുണ്യത്താല്‍ സമാധാനം സംസിദ്ധമായാല്‍ത്തന്നെ അതിനെ സംരക്ഷിക്കുവാന്‍ നമുക്കു കഴിയുമെന്നെന്താണുറപ്പ്? സഭയില്‍ അസമാധാനവും കക്ഷിവഴക്കുമൊക്കെ വരുത്തിവച്ച കാരണങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ നിന്ന് നീങ്ങിപ്പോയിട്ടില്ല.
വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമുദായത്തിന്‍റെയും മഹത്വത്തിന്‍റെ ഉപാധിയായി സഭയെ പരിഗണിക്കുന്ന തെറ്റായ ചിന്താഗതി, നമ്മുടെ ഇടയില്‍ ഇപ്പോഴും ധാരാളമുണ്ട്. സഭാമേലദ്ധ്യക്ഷന്മാര്‍ പോലും സമുദായവും സഭയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനുള്ള അശക്തി കാണിക്കുന്ന പ്രസംഗങ്ങള്‍ ധാരാളമായി പറയുന്നതു പലപ്പോഴും കേട്ടിട്ടുണ്ട്. നേതൃത്വത്തിനുള്ള മത്സരങ്ങളും അവരുടെ ഇടയില്‍ ധാരാളം കണ്ടിട്ടുണ്ട്. ഇതൊക്കെയിരിക്കുമ്പോള്‍ സമാധാനം കരഗതമായാലും പുതിയ വഴക്കുകളുണ്ടാകയില്ലേ?
സമാധാനം സംരക്ഷിക്കുവാനും ഉപയോഗിക്കുവാനുമുള്ള കഴിവു നമുക്കില്ലെങ്കില്‍ ദൈവം നമുക്കു സമാധാനം നല്‍കുമോ?
സഭയും സമുദായവും
'മലങ്കരസഭ'യും 'സുറിയാനി സമുദായ'വും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നുള്ള അബദ്ധധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. 'സമുദായ'ത്തിന്‍റെ വര്‍ദ്ധനയ്ക്കും പ്രതാപത്തിനും വേണ്ടിയാണ് നാം പള്ളി പണിയുന്നതും കാതോലിക്കാദിനപ്പിരിവു പിരിക്കുന്നതും, സ്ക്കൂളും കോളജും കെട്ടിയുണ്ടാക്കുന്നതുമൊക്കെ.
എന്നാല്‍ സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം വളരെ സാരമായിട്ടുള്ളതാണ്. ഈ വ്യത്യാസം മനസ്സിലാക്കിയെങ്കിലേ നമ്മുടെ സഭാസമാധാനത്തിനുവേണ്ടി ദൈവാനുകൂല്യത്തോടുകൂടെ പ്രവര്‍ത്തിക്കുവാന്‍ നമുക്കു സാധിക്കൂ.
സമുദായമെന്നു പറയുന്നത്, താല്‍പ്പര്യങ്ങളില്‍ ആനുരൂപ്യമുള്ള കുറെ ആളുകള്‍, മറ്റുള്ളവര്‍ക്കെതിരായി തങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും പിടിച്ചു പറ്റുന്നതിനായി, വ്യക്തികള്‍ ഒറ്റതിരിഞ്ഞു നില്‍ക്കുന്നത് ബലഹീനതയാണെന്നുള്ള ബോദ്ധ്യത്തോടു കൂടിയുണ്ടാക്കുന്ന സംഘടനയാണ്. സഭയാകട്ടെ, യഹൂദനില്‍നിന്നും, പുറജാതിക്കാരില്‍ നിന്നും, ഒരുപോലെ വിളിക്കപ്പെട്ട്, സ്വന്തം താല്‍പ്പര്യങ്ങളെയും ആഗ്രഹങ്ങളെയും അവകാശങ്ങളെയും ബലികഴിച്ച്, പുറജാതിക്കാരനെയും, യഹൂദനെയും സുറിയാനിക്കാരനെയും, ഇന്ത്യാക്കാരനെയും, നായരെയും, നസ്രാണിയെയും ഒരുപോലെ സ്നേഹിച്ച്, അവരെ കര്‍ത്തൃസ്നേഹത്തിലേക്കു വഴി നടത്തുവാനും, കര്‍ത്തൃവിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാനും; ബലഹീനനെ ശക്തിപ്പെടുത്താനും, നഗ്നനെ ഉടുപ്പിക്കാനും വേണ്ടി ദൈവംതമ്പുരാനാല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മഹാസ്ഥാപനമാണ്.
സമുദായം അതിന്‍റെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്തില്ലെങ്കില്‍ അതു നശിച്ചുപോകുമെന്നുള്ള ഭയത്തിലാണ് ജീവിക്കുന്നത്. കോടതിയില്‍ പോകുന്നതും വടിയും വാക്കത്തിയുമെടുത്ത് പടവെട്ടുന്നതുമൊക്കെ ഈ ഭയം കൊണ്ടാണ്.
സഭയ്ക്കാകട്ടെ, അങ്ങനെയുള്ള ഭയങ്ങളൊന്നുമില്ല. യഥാര്‍ത്ഥമായ വിശ്വാസവും ആരാധനയും സേവനസന്നദ്ധതയുമുള്ള സഭയ്ക്കു ലോകത്തിലുള്ള യാതൊരു ശക്തിയേയും ഭയമില്ല. ആരുമായും സമരം ചെയ്യേണ്ടുന്ന ആവശ്യമതിനില്ല. അതു സ്വന്ത മഹത്വത്തെ കാംക്ഷിക്കുന്നില്ല. സുവിശേഷപ്രഖ്യാപനത്തിലും ആരാധനയിലും സേവനത്തിലും കൂടെ ദൈവത്തിന്‍റെ മഹത്വത്തെ പ്രത്യക്ഷപ്പെടുത്തുകയാണ് അതിന്‍റെ കര്‍ത്തവ്യം.
************
ഇന്ന് നമ്മുടെ സഭയില്‍ സമാധാനത്തേക്കാള്‍ അത്യാവശ്യമായിട്ടുള്ളത് താഴെപറയുന്ന മൂന്നു കാര്യങ്ങളാണ്.
1) യഥാര്‍ത്ഥമായ ആരാധന
സഭയൊന്നാകെ കര്‍ത്തൃദിവസത്തില്‍ ഒരുമിച്ചുകൂടി പരിശുദ്ധ കുര്‍ബ്ബാനയില്‍ കൂടെ ദൈവത്തിനു ബലിയായി തങ്ങളെത്തന്നെ അര്‍പ്പിക്കുകയും കര്‍ത്താവായ യേശുമിശിഹാ തന്‍റെ ജീവനെ (തിരുശരീര രക്തങ്ങളെ) നമുക്കു നല്‍കുന്നതിനെ നാം സ്വീകരിച്ച് തനിക്കുവേണ്ടി നാം വേല ചെയ്യുകയും ജീവിക്കുകയും ചെയ്യുക എന്നതാണ് സത്യാരാധന (റോമാലേഖനം 12:1-2). അതോടുകൂടെത്തന്നെ കുടുംബപ്രാര്‍ത്ഥനയും വ്യക്തികളുടെ ആരാധനാജീവിതവും വളര്‍ന്നുവരണം.
2) യഥാര്‍ത്ഥ സേവനം
സേവനോന്മുഖങ്ങളായ സ്ഥാപനങ്ങള്‍ ഓരോ ഇടവകയിലും സഭയിലാകെയുമുണ്ടായി, പ്രയാസത്തിലിരിക്കുന്നവരെ സഹായിക്കുക എന്ന ക്രിസ്തീയ കൃത്യനിര്‍വ്വഹണത്തില്‍ നാം ജാഗരൂകരാകുക. കുരിശിന്‍തൊട്ടി പണിയുന്നതിനേക്കാള്‍ ഒരു ചെറിയ ആശുപത്രി പണിയുന്നതാണ് ക്രിസ്തീയ കര്‍ത്തവ്യം.
3) സുവിശേഷ പ്രഖ്യാപനം
യഥാര്‍ത്ഥ ആരാധനയും യഥാര്‍ത്ഥ സേവനോന്മുഖതയും ഉള്ള ഒരു ഇടവകയ്ക്ക് ക്രിസ്തുവിനെപ്പറ്റി പ്രഖ്യാപിക്കുവാന്‍ പ്രയാസം തോന്നുകയില്ല. തന്‍റെ അത്ഭുതാവഹമായ സ്നേഹത്തെ നമ്മുടെ ഇടവകയില്‍ത്തന്നെയുള്ള ആളുകളോടു പറയുവാന്‍ നമുക്കു സാധിക്കണമെങ്കില്‍, ആ സ്നേഹത്തെ നാം ആരാധിക്കുകയും പ്രവൃത്തിയില്‍കൂടെ വ്യക്തമാക്കുകയും ചെയ്യണം.
ഓരോ ഇടവകയിലും ഈ മൂന്നു പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം കൊടുക്കാമെങ്കില്‍ സമാധാനം താനെ കരഗതമായിക്കൊള്ളും. ക്രിസ്തുവിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുവാന്‍ വിമുഖതയുള്ളിടത്താണ് അസമാധാനം കളിയാടുന്നത്. തന്‍റെ ഹിതം പ്രവര്‍ത്തിക്കുന്ന സഭ തന്‍റെ ശരീരമായിത്തീരുന്നു. അസമാധാനപ്പിശാചിന് അവിടെ സ്ഥാനമൊന്നുമില്ലല്ലോ.
(ചര്‍ച്ച് വീക്ക്ലി, ആഗസ്റ്റ് 25, 1957)
No comments:
Post a Comment