5. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കത്ത്
പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ സെക്രട്ടറി സ്ഥാനത്തുനിന്നും, ഡല്‍ഹി ഭദ്രാസന ഭരണത്തില്‍ നിന്നും, ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി മുതലായവയില്‍ നിന്നും തന്നെ വിടര്‍ത്തണമെന്നുള്ള കത്തും അതിനു മറുപടിയായി പ. ബാവാതിരുമേനി അയച്ച കത്തിനുള്ള വിശദമായ കത്തും യോഗത്തില്‍ വായിച്ചു. അതേ സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം താഴെ പറയുന്നവിധത്തില്‍ അദ്ദേഹത്തിന് പ. സുന്നഹദോസിന്‍റേതായി കത്ത് അയയ്ക്കണമെന്ന് സുന്നഹദോസ് യോഗം തീരുമാനിച്ചു.
"അഭിവന്ദ്യ പൗലൂസ് മാര്‍ ഗ്രീഗോറിയോസ് ആബൂനെ സിനഡിന്‍റെ സെക്രട്ടറി സ്ഥാനം, ഭദ്രാസന ഭരണം മുതലായ ചുമതലകളില്‍ നിന്നും വിടര്‍ത്തണമെന്ന അപേക്ഷ പരിശുദ്ധ സുന്നഹദോസ് കൂലങ്കഷമായി ചിന്തിച്ചു. അദ്ദേഹം പ. ബാവാ തിരുമേനിക്കയച്ച വിശദമായ മറുപടിയും സുന്നഹദോസ് പരിഗണിച്ചു. ആബൂന്‍റെ രാജി പിന്‍വലിക്കണമെന്നുള്ള ഡല്‍ഹി ഭദ്രാസന കൗണ്‍സിലിന്‍റെ ആത്മാര്‍ത്ഥമായ അപേക്ഷയും പരിഗണിച്ചു.
അന്തര്‍ദേശീയമായി ഗ്രീഗോറിയോസ് ആബൂനുള്ള അതുല്യ സേവനത്തിലും അദ്ദേഹത്തെ ദൈവം കൂടുതലായി ഉപയോഗിക്കുന്നതിലും സുന്നഹദോസ് അംഗങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. അതേസമയം ഇങ്ങനെയുള്ള ഉത്തരവാദിത്വത്തോടു കൂടി ഇപ്പോഴുള്ള ഭദ്രാസന ഭരണചുമതലയും സുന്നഹദോസ് സെക്രട്ടറി എന്ന ചുമതലയും ഡയലോഗ് തുടങ്ങിയ ഇന്‍റര്‍ ചര്‍ച്ച് പരിപാടികളും തുടരുവാന്‍ അദ്ദേഹത്തിന് ആരോഗ്യവും കഴിവും നല്‍കിയിരിക്കുന്നതിനാല്‍, തന്നെ ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിടര്‍ത്തണമെന്ന അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്ന് പരിശുദ്ധ സുന്നഹദോസ് ഏകാഭിപ്രായമായി സ്വീകരിച്ചു.
ദേവലോകം ഓഫീസില്‍ സുന്നഹദോസ് ഓഫീസിന് മുറിയും മറ്റു സജ്ജീകരണങ്ങളും (Infrastructure) ക്രമീകരിക്കുവാന്‍ പരിശുദ്ധ ബാവാ തിരുമേനി എല്ലാ സഹായവും ചെയ്യുന്നതാണ്. അതോടൊപ്പം തിരുമേനി വേണ്ട നേതൃത്വം കൊടുത്ത് അതു ക്രമീകരിക്കേണ്ടതാണ്. അതുകൊണ്ട് തിരുമേനി രാജി പിന്‍വലിക്കണമെന്ന് പരിശുദ്ധ സുന്നഹദോസ് ഏകാഭിപ്രായമായി താല്‍പര്യപ്പെടുന്നു."
(1992 ഒക്ടോബര്‍ 21-ന് ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസിന്‍റെ മിനിട്സില്‍ നിന്ന്)
No comments:
Post a Comment