ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും സാക്ഷികളുടെ സമൂഹത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ആ മഹാത്മാവിന് ശാന്തിയുടെ തീരത്ത് ആശ്വസിക്കുവാനനവധിയുണ്ട്. എങ്കിലും, വൈജ്ഞാനിക പ്രപഞ്ചത്തിലെ ആ മഹാമേരുവിന് തായ്ത്തടിയില്‍ ഒരു ദുഃഖചിന്തയുടെ വടുവുണ്ടായിരിക്കും. തന്നെ മനസ്സിലാക്കുവാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലല്ലോയെന്ന ദുഃഖചിന്ത.
വ്യക്തിജീവിതത്തില്‍ പരീക്ഷണങ്ങളുടെയും പരീക്ഷകളുടെയും മൂശയില്‍ ഉരുകിത്തെളിഞ്ഞ തങ്കത്തകിട്: സഭാജീവിതത്തില്‍ പാശ്ചാത്യ പൗരസ്ത്യ ആദ്ധ്യാത്മികതകളെയും ചിന്താധാരകളെയും നോക്കി, തനിക്ക് പ്രിയങ്കരമായ പൗരസ്ത്യ ജീവിതാന്തസിനെ കുഴച്ചെടുത്ത് സഭാ മക്കളുടെയും ശിഷ്യഗണങ്ങളുടെയും കണ്ണില്‍ തേച്ച് കണ്ണു തുറപ്പിച്ച മഹാവൈദ്യന്‍; അര്‍ജ്ജുനന്മാരെയും ഏകലവ്യന്മാരെയും സൃഷ്ടിച്ച ദ്രോണാചാര്യന്‍; തര്‍സോസിലെ ശൗലിനെയും അഥേനയിലെ പൗലോസിനെയും വിശ്വമാനവികതയുടെ സര്‍വസംഗ്രാഹിത്വത്തില്‍ സമന്വയിപ്പിച്ച അഭിനവ ഗമാലിയേല്‍; ആര്‍ഷഭാരത സംസ്കൃതിക്ക് അടിത്തറയിട്ട ദ്രാവിഢ സങ്കേതങ്ങളെ കണ്ടെത്തിയ ഏകാന്തപഥികന്‍; പുരസ്ക്കാരങ്ങളുടെ പ്രളയം ഉണ്ടായപ്പോഴും പുസ്തകങ്ങള്‍ പടച്ച് പുതിയ പുരസ്ക്കാരങ്ങള്‍ക്കു വേണ്ടി ആര്‍ത്തി കാട്ടാതെ, ചമതാഗ്നി വഹിച്ചു വരുന്ന ഉപമന്യുമാര്‍ക്ക് ഉപനയനം നടത്തുന്നതില്‍ നിര്‍വൃതി കണ്ടെത്തിയ മഹാഗുരു: വാഗാര്‍ത്ഥ പ്രതിപത്തിയില്‍ പാതിരിമാരിലും പാണിനിമാരുണ്ടെന്നു തെളിയിച്ച വാഗ്ഭടന്‍; ദീനാനുകമ്പയോടെ വാരി വിതറിയപ്പോഴും, ഒരു നിഷേധിയുടെ വേഷം സ്വയം അണിഞ്ഞ്, പട്ടിണിയുടെയും സമാനപ്രശ്നങ്ങളുടെയും തായ്വേരപഗ്രഥിച്ച് ആഗോള സാമ്പത്തിക ഘടനയെയും, പരിസ്ഥിതി പതനത്തെയും ഗാട്ടിനെയും ഒക്കെക്കുറിച്ച് പറയേണ്ടിടങ്ങളില്‍ പതറാതെ പറഞ്ഞ പ്രവാചകന്‍; വേദസത്യങ്ങളുടെ ആഴത്തില്‍ അനായാസം ഊളിയിടുവാനും ജീവിതഗന്ധിയും തനിമ നിറഞ്ഞതുമായ ഉള്‍ക്കാഴ്ചകളാകുന്ന അമൂല്യ മുത്തുകളുമായി പൊങ്ങിവരുവാനും അവിശ്രമം 'ഉണര്‍ന്നിരുന്നവന്‍': നാഗാര്‍ജ്ജുനന്‍റെ ശൂന്യവാദമോ, ഡില്‍റ്റായിയുടെ അപഗ്രഥനശാസ്ത്രമോ, നിസായിലെ ഗ്രീഗോറിയോസിന്‍റെ ദൈവിക ഉണ്മയിലെ പങ്കാളിത്ത ചിന്തയോ കൈകാര്യം ചെയ്യുമ്പോഴും സ്ത്രീ-പുരുഷ അവകാശ സമത്വത്തിനായി ആത്മനൊമ്പരം പേറിയ മനുഷ്യസ്നേഹി; ആരുടെയൊക്കെ അവകാശ സമത്വത്തിനായി താന്‍ വാദിച്ചുവോ, ആരെയൊക്കെ താന്‍ കൈപിടിച്ചുയര്‍ത്തിയോ അവരില്‍ ചിലരുടെ കത്തും കുത്തും തന്നെ വേദനിപ്പിച്ചപ്പോള്‍ 'ഇതു നീ തന്നെയോ സുഹൃത്തേ' എന്നു മാത്രം പ്രതികരിച്ച എക്യുമെനിക്കല്‍ സീസര്‍; ....... ഇങ്ങനെയെത്രയെത്ര കാര്യങ്ങള്‍ ആ വിശ്വമാനവനെക്കുറിച്ചു പറയാനുണ്ട്.
എല്ലാറ്റിലുമുപരി, ചിലര്‍ക്കെങ്കിലും അദ്ദേഹം രണ്ടാം ജന്മം നല്‍കിയ, വാത്സല്യം കോരിച്ചൊരിഞ്ഞ പിതാവായിരുന്നു. ആ വേര്‍പാട് ഒരു തീരാനഷ്ടമാണ്; സ്വന്തം അന്തരാളത്തില്‍ ശൂന്യത പരത്തുന്ന നഷ്ടം; യുഗാന്തരങ്ങളില്‍ മാത്രം നികത്തപ്പെട്ടേക്കാവുന്ന നഷ്ടം.
ആ പുതപ്പു നേടുവാന്‍, ആ ആത്മാവിന്‍റെ ഇരട്ടിപ്പങ്കു നേടുവാന്‍ ആഗ്രഹിച്ചു പിമ്പറ്റുന്നവര്‍ എവിടെ? അവര്‍ക്കായിട്ട് ആ കണ്ണുകളുടെ തീക്ഷ്ണത, മനസില്‍ പതിഞ്ഞ ആ മൗലീചലനം, ആ കണ്ണടച്ചുറപ്പിച്ചുള്ള തുറക്കല്‍, കാത്തിരിക്കുന്നു. ആ വിയോഗം ആര്‍ക്കെങ്കിലും അദ്ദേഹം തെളിച്ച പാതയിലേക്ക് ഒരു നിയോഗം ആയി മാറിയാല്‍ ആ മഹാത്മാവ് ആശ്വസിക്കും, 'സ്വാതന്ത്ര്യം സ്നേഹമാണ്' എന്ന മൗനമന്ത്രവുമായി.
*************
ശ്രീ. ജോയ്സ് തോട്ടയ്ക്കാടിന്‍റെ "പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര" എന്ന ഗ്രന്ഥം അനശ്വരപ്രതിഭയായ ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസിനെക്കുറിച്ച് നാളിതുവരെ ഉണ്ടായിട്ടുള്ള കൃതികളില്‍ ഏറ്റം മനോഹരം എന്നു പറയേണ്ടിയിരിക്കുന്നു. ധൈഷണിക പ്രപഞ്ചത്തിലെ കുലപര്‍വ്വതവും, 'ക്രൈസ്തവഭരത'ത്തിലെ ദ്രോണാചാര്യരും, ദാര്‍ശനിക വിഹായസിലെ 'പൗരസ്ത്യ താര'വും ആയിരുന്ന ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യരനവധി ഉണ്ടായിരുന്നെങ്കിലും, അവരില്‍നിന്ന് വ്യത്യസ്തനായി ഒരു അജ്ഞാത ശിഷ്യനായി സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ശ്രീ. ജോയ്സ്, ഗ്രീഗോറിയോസ് തിരുമേനിയെക്കുറിച്ച് ചിലതൊക്കെ പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെട്ടത്. അന്തരാളത്തിലെ ഒരു സര്‍ഗ്ഗചേതന ജോയ്സിനെ ഗ്രീഗോറിയോസ് തിരുമേനിയിലേക്കാകര്‍ഷിച്ചു. ആ അടുപ്പം 'പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര'യായി പരിണമിച്ചു. ആ തീര്‍ത്ഥയാത്രയില്‍ പട്ടിണിയും, ഉറക്കിളപ്പും, ധാരണപിശകുകളും, സാമ്പത്തിക പരാധീനതയും വേണ്ടുവോളം ഉണ്ടായിരുന്നിരിക്കണം. ആത്മാവിനെ ബാധിച്ച ഒരസ്വസ്ഥതയ്ക്ക് അല്പമെങ്കിലും ശാന്തിയുണ്ടായത് അന്തരാളത്തില്‍ ആരോ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചപ്പോഴാണെന്നു തോന്നുന്നു.
ഈ ഗ്രന്ഥത്തെ ലക്ഷണമൊത്ത ഒരു ജീവചരിത്ര ഗ്രന്ഥമായിട്ടോ ഒരു ശാസ്ത്രീയ തൂലികാചിത്രമായിട്ടോ ആരെങ്കിലും അംഗീകരിക്കണം എന്ന് ജോയ്സ് വിചാരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആരോ തന്നെക്കൊണ്ട് ചെയ്യിച്ച ഒരു നിയോഗസ്മരണയില്‍ "ഇത് ഇങ്ങനെയൊക്കെ രൂപപ്പെട്ടു" എന്നായിരിക്കാം അറുനൂറ്റമ്പതില്‍പരം പേജുകളുള്ള ഗ്രന്ഥത്തെക്കുറിച്ച് ജോയ്സിനു പറയാനുള്ളത്. രചനാശൈലിയുടെ ശാസ്ത്രീയവശങ്ങളൊക്കെ പഠിച്ചിട്ട് രചനയ്ക്കൊരുങ്ങുവാനുള്ള സാവകാശമൊന്നും എഴുത്തുകാരന് കൊടുക്കുവാന്‍ ഈ ഗ്രന്ഥത്തിന്‍റെ പിന്നിലെ ഉള്‍പ്രേരണ അനുവദിച്ചില്ല എന്നും ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും.
പക്ഷേ, അഞ്ചു കാര്യങ്ങള്‍ ഈ ഗ്രന്ഥത്തെ ഒരത്ഭുതമാക്കി മാറ്റുന്നു:
1. വായിക്കുവാന്‍ തുടങ്ങിയാല്‍, നിര്‍ത്താതെ വായിക്കുവാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ പുസ്തകത്തിനുണ്ട്.
2. ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ സ്വയം കാര്യമായ നിരീക്ഷണങ്ങള്‍ ഒന്നും നടത്താതെ, അനുവാചകര്‍ക്ക് അതിന് അവസരം കൊടുക്കാനുള്ള വിഭവങ്ങള്‍ കണ്ടുപിടിച്ച് നിര്‍ലോപം വിളമ്പിയിരിക്കുന്നു.
3. മലയാള ഗ്രന്ഥമാണിതെങ്കിലും, ഇംഗ്ലീഷില്‍ കൊടുക്കേണ്ട വിവരങ്ങള്‍ ഇംഗ്ലീഷില്‍തന്നെ കൊടുത്തിരിക്കുന്നു.
4. ഒരു തൂലികാചിത്രത്തില്‍ അപ്രസക്തമെന്ന് വിചാരിച്ച് തള്ളിക്കളയാവുന്ന പല രേഖകളെയും, പരാമര്‍ശങ്ങളെയും, മുനയും മൂല്യവും ഉള്ളവയായി അവതരിപ്പിച്ചിരിക്കുന്നു.
5. ഒരു ജീവചരിത്രപരമായ ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍ സ്വയം മറഞ്ഞുനിന്നുകൊണ്ട്, ഒരു യാത്രാസഹായി ആയിത്തീരുന്ന ശൈലിയുടെ ശ്രേഷ്ഠത ഇവിടെ തെളിയിച്ചിരിക്കുന്നു.
ഈ ഗ്രന്ഥത്തില്‍, ജോയ്സ് ഗ്രന്ഥകാരനെന്നതിലുപരി ഒരു രേഖാസമ്പാദകനും തീര്‍ത്ഥയാത്രാ സഹായിയും ആണ്. മുത്തുകള്‍ കോര്‍ത്തു മാലയാക്കുന്ന ജോലി ആര്‍ക്കും ചെയ്യാമെങ്കിലും ചിലരുടെ കൈകളില്‍ രൂപപ്പെടുന്ന മാല അത്ഭുതസൗന്ദര്യം അണിയുന്നതാണ്. അതുതന്നെയാണീ ഗ്രന്ഥത്തിന്‍റെ മഹത്വവും.
(ലേഖനത്തിന്‍റെ ആദ്യ ഭാഗം 1996 ഡിസംബര്‍ ലക്കം മലങ്കരസഭ മാസികയുടെ എഡിറ്റോറിയല്‍. രണ്ടാം ഭാഗം ഈ ഗ്രന്ഥത്തിന്‍റെ ആദ്യ പതിപ്പിനെക്കുറിച്ച് 'ന്യൂ വിഷന്‍' മാസികയില്‍ 1998-ല്‍ എഴുതിയ പുസ്തകാഭിപ്രായം)
No comments:
Post a Comment