Monday 8 November 2021

വിശുദ്ധനായ ആചാര്യന്‍ | നിത്യചൈതന്യയതി


കുറച്ചു ദിവസം ഷിക്കാഗോയില്‍ താമസിക്കാനായി പോയ എനിക്ക് ഒരു അപരിചിതന്‍ ഒരു കത്തു കൊണ്ടുവന്നു തന്നു. ഇന്ത്യയിലെ ഒരു ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ ബിഷപ്പിന് എന്നെ കാണാന്‍ ആഗ്രഹമുണ്ട് എന്നു പറഞ്ഞു. ഞാന്‍ അതില്‍ അതീവ സന്തുഷ്ടനായി. അര മണിക്കൂറിനകം ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഒരു ചിരപരിചിതനെപ്പോലെ അടുത്തുവന്നു. അദ്ദേഹം എന്നെയും കൂട്ടി വളരെ ഏകാന്തമായ സ്ഥലത്തുള്ള ഒരു ഹോട്ടലില്‍ പോയി. രണ്ടു ദിവസം അവിടെ താമസിക്കുവാന്‍ ഞാന്‍ സമ്മതിക്കുമോ എന്നു ചോദിച്ചു.

എനിക്ക് അദ്ദേഹത്തെ കണ്ടതു മുതല്‍ ജന്മജന്മാന്തരങ്ങളില്‍ കൂടി പരിചിതനായ ഒരു സുഹൃത്തിനെ കണ്ടതു പോലെയായി. 

ഉച്ചയൂണിന് ഞങ്ങള്‍ ഇരുന്നപ്പോള്‍ തന്നെ അദ്ദേഹം ശാസ്ത്രലോകത്തും ദാര്‍ശനികലോകത്തും കവികളുടെ ഇടയിലും ഉള്ള പ്രശസ്തരായ ഓരോരുത്തരുടെയും പേരും അവരുടെ കൃതികളും എന്‍റെ മുന്നിലേക്കു ശ്രദ്ധയാകര്‍ഷിക്കുവാന്‍ കൊണ്ടുവന്നു. അതില്‍ ഒട്ടുമുക്കാല്‍ പേരുടെയും കൃതികള്‍ ഞാന്‍ വായിച്ചിട്ടുള്ളതാണ്. പിന്നെ അതേപ്പറ്റിയുള്ള ചര്‍ച്ചയായി. 

അദ്ദേഹത്തിന് അറിയാമായിരുന്ന ചില ജര്‍മ്മന്‍ കവികളെ അദ്ദേഹം എനിക്കു പരിചയിപ്പിച്ചു തന്നു. അവരുടെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമകള്‍ അന്നു രാത്രിയില്‍ തന്നെ ആരെയോ വിട്ടു വരുത്തി എനിക്കു സമ്മാനമായി തന്നു. 

ഇങ്ങനെ ആരെയാണോ നാം നമ്മുടെ ഹൃദയത്തില്‍ നമ്മില്‍ നിന്ന് അന്യമല്ലാത്ത ഒരു സുഹൃത്തായി കൊണ്ടുനടക്കുന്നത്, പലപ്പോഴും ആ സുഹൃത്ത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു മനുഷ്യവ്യക്തിയായി നമ്മുടെ ഉള്ളിലേക്കു കടന്നുവരും. നാം അകമേ വളര്‍ത്തിക്കൊണ്ടു വന്ന ഉദ്യാനം ഒരു മഹാത്ഭുതമാകുവാന്‍ അവരും കൂടി സഹായിക്കും. 

അദ്ദേഹത്തിന്‍റെ ശരീരം ഒരു ബിഷപ്പിന്‍റെ ളോഹ കൊണ്ടും എന്‍റെ ശരീരം കാഷായവസ്ത്രം കൊണ്ടും പൊതിഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ സൗഹൃദം തുടങ്ങിയ നിമിഷം മുതല്‍ ഞങ്ങള്‍ ആത്മാവില്‍ നഗ്നരായിരുന്നു. 

അദ്ദേഹത്തിലെ കവി ഉണരുമ്പോള്‍ എന്‍റെ ആത്മാവിലെ സഹൃദയന്‍ ഉണരും. ലാവണ്യ വിശകലനം നടത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ എന്‍റെ സൗന്ദര്യാനുഭൂതി ഇറക്കിവയ്ക്കും. ശാസ്ത്രത്തിന്‍റെ പരിമിതിയെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ അതേ പരിമിതി ആദ്ധ്യാത്മികതയില്‍ എങ്ങനെ അനുഭവപ്പെടുന്നു എന്ന് അദ്ദേഹം പറയും. 

2

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഞാന്‍ ഏറ്റവും ആദരിക്കുന്ന ഒരു മഹാനാണ്. അദ്ദേഹവുമായി സംഭാഷണം നടത്തുവാന്‍ പ്രഥമ സൗഭാഗ്യം ലഭിച്ചപ്പോള്‍ തന്നെ എന്‍റെ സന്തോഷത്തിന് അതിരില്ലാതായി. ഹൃദയവും മസ്തിഷ്കവും തമ്മില്‍ പരിപൂര്‍ണ്ണമായ യോഗാത്മകതയുള്ള ഒരു മനുഷ്യനെ അവസാനം ഞാന്‍ അദ്ദേഹത്തില്‍ കണ്ടെത്തുകയായിരുന്നു.

3

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി എഴുപതാം ജന്മദിനം പിന്നിട്ടു. എല്ലാവരുടെയും യഥാര്‍ത്ഥ സുഹൃത്തും വിശ്വമാനവന്‍ എന്ന സങ്കല്‍പ്പത്തെ ജീവിച്ചു കാണിച്ചുകൊണ്ടിരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഈ നല്ല മനുഷ്യനെ അറിയുന്ന എല്ലാവരെയും ഈ വാര്‍ത്ത ആഹ്ലാദിപ്പിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന അര്‍പ്പണബോധത്തെയും സ്വന്തം ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ഗൗരവമായ ബോധ്യത്തെയും പരിഗണിക്കുമ്പോള്‍, തന്‍റെ ദൗത്യം നിര്‍വ്വഹിക്കുവാന്‍ തക്കവണ്ണം തന്‍റെ ശരീരത്തെ അനുഗ്രഹകരമായി നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് അമ്പരപ്പിക്കുന്ന സംഗതിയാണ്. അദ്ദേഹം ഒരു വര്‍ക്കഹോളിക് അല്ല. ഓരോ പുതിയ സംരംഭങ്ങളിലും അദ്ദേഹം തന്‍റെ വിശ്രമം കണ്ടെത്തുന്നു. തങ്ങളുടെ സ്വധര്‍മ്മം എന്താണെന്ന് ശരിയായി കണ്ടുപിടിച്ചിട്ടുള്ള ലോകത്തിലെ അപൂര്‍വ്വം പണ്ഡിതരിലൊരാളാണ് മെത്രാപ്പോലീത്താ. 

മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ ഒരു ആദ്ധ്യാത്മിക പുരുഷന്‍ എന്ന നിലയില്‍ ഞാന്‍ ഒരിക്കലും കാണാറില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യന്‍റെയും മതപരമായ യോഗ്യതാ പ്രമാണങ്ങള്‍ നോക്കാതെ അവരെ കേള്‍ക്കുവാന്‍ തയ്യാറുള്ള സമൃദ്ധിയായ സാമാന്യബോധമുള്ള ഒരു പണ്ഡിതനാണദ്ദേഹം. 

4

മലയാളികള്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ അല്ലായിരുന്നുവെങ്കില്‍ എന്നു ചില ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പ്രവൃത്തി കാണുമ്പോള്‍ ഞാനാശിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ തിരുമുഖത്തു നിന്നു വരുന്ന ഒരു വാക്കെങ്കിലും അവരുടെ ഉള്ളില്‍ പോയിരുന്നുവെങ്കില്‍ ഈ ഭാരതം തന്നെ ഒരു പുണ്യഭൂമിയായിരിക്കുന്നതിന് അവര്‍ കാരണക്കാരായേനേ. ഇതിന്‍റെ മറുവശവുമുണ്ട്. ഭാരതീയരുടെ ഹൃദയം പാശ്ചാത്യര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത ക്രിസ്തീയ വൈദികരെയും എനിക്കറിയാം. ഞാന്‍ ഈയവസരത്തില്‍ സംപൂജ്യനായ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ പേരെടുത്തു പറഞ്ഞ് ആദരിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് (യു.എസ്.എസ്.ആര്‍.) പോയി അവിടത്തെ സഭയെയും സര്‍ക്കാരിനെയുംകൊണ്ട് ലോകസമാധാനത്തിനായി ചിന്തിപ്പിക്കുവാനും സംസാരിപ്പിക്കുവാനും ലോകജനതയെ വിളിച്ചുവരുത്തി ഇരുമ്പുമറ മാറ്റി കാണിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. മാത്രമല്ല, പഴയ കമ്മ്യൂണിസത്തിന്‍റെ മൂശയില്‍ത്തന്നെയിരുന്നു മൂത്ത ബ്രഷ്നേവിനെ ഏതാണ്ട് മാനസാന്തരപ്പെടുത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെ വന്ന ഗോര്‍ബച്ചേവ് ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും കൊണ്ടുവന്നതിന്‍റെ പിന്നില്‍ ഈ വിശുദ്ധനായ ആചാര്യന്‍റെ തെളിമയുള്ള ചിന്താശകലങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. 

5

എന്‍റെ ജന്മനാള്‍ വരുമ്പോഴൊക്കെ എന്നേക്കാള്‍ ഒരു വര്‍ഷത്തിനു മുമ്പ് ഭൂലോകത്തിലെത്തി മനുഷ്യവര്‍ഗ്ഗത്തിന്‍റെ ജീവിതധാരയില്‍ കലര്‍ന്നൊഴുകുന്ന അങ്ങയുടെ മാതൃകയെ ഞാന്‍ മനസാ സ്മരിക്കാറുണ്ട്. ആത്മാവിന്‍റെ ഏകതയില്‍ സന്തോഷിച്ചു പ്രണാമം നല്‍കാറുണ്ട്. ഒരേ ലക്ഷ്യത്തിലേക്കു നോക്കുക, മാനവവര്‍ഗ്ഗത്തിനു ഒന്നിച്ചു പുണരുവാന്‍ കഴിയുന്ന ജ്യോതിസ്സിലേക്കു നടക്കുക, സത്യം ശ്വസിക്കുവാനും സമത്വം അംഗീകരിക്കുവാനും സ്വാതന്ത്ര്യത്തില്‍ വിഹരിക്കുവാനും അങ്ങയെ എനിക്കു കൂട്ടായി കിട്ടിയിട്ടു കാല്‍ നൂറ്റാണ്ടായി. അതു ഞാന്‍ അനുഗ്രഹമായി എണ്ണുന്നു. 

ദാര്‍ശനികലോകത്തു എനിക്ക് അപരിചിതരായിരുന്ന പല പ്രതിഭകളെയും അങ്ങ് എനിക്കു പരിചയപ്പെടുത്തി തന്നിട്ടുള്ളത് ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. തിരുമേനിയുടെ എഴുപത്തിഒന്നാം നാളില്‍ ആഹ്ലാദിക്കുവാന്‍ എന്നെയും കൂടി അനുഗ്രഹിക്കുക.

(ഗുരു നിത്യചൈതന്യയതിയുടെ ലേഖനങ്ങളിലെ, മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങളും, അദ്ദേഹം മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്തും ഉള്‍പ്പെട്ടതാണ് ഈ ലേഖനം. ഗുരുവിന്‍റെ അനുവാദത്തോടെയാണ് ഇവ ഇവിടെ ചേര്‍ത്തിരിക്കുന്നത്.) 

No comments:

Post a Comment