Monday, 29 November 2021
ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചരമ രജത ജൂബിലി സമ്മേളനം
Monday, 8 November 2021
മനോഹരമായൊരു 'തീര്‍ത്ഥയാത്ര' | ഫാ. ഡോ. ജേക്കബ് കുര്യന്‍
ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും സാക്ഷികളുടെ സമൂഹത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ആ മഹാത്മാവിന് ശാന്തിയുടെ തീരത്ത് ആശ്വസിക്കുവാനനവധിയുണ്ട്. എങ്കിലും, വൈജ്ഞാനിക പ്രപഞ്ചത്തിലെ ആ മഹാമേരുവിന് തായ്ത്തടിയില്‍ ഒരു ദുഃഖചിന്തയുടെ വടുവുണ്ടായിരിക്കും. തന്നെ മനസ്സിലാക്കുവാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലല്ലോയെന്ന ദുഃഖചിന്ത.
വ്യക്തിജീവിതത്തില്‍ പരീക്ഷണങ്ങളുടെയും പരീക്ഷകളുടെയും മൂശയില്‍ ഉരുകിത്തെളിഞ്ഞ തങ്കത്തകിട്: സഭാജീവിതത്തില്‍ പാശ്ചാത്യ പൗരസ്ത്യ ആദ്ധ്യാത്മികതകളെയും ചിന്താധാരകളെയും നോക്കി, തനിക്ക് പ്രിയങ്കരമായ പൗരസ്ത്യ ജീവിതാന്തസിനെ കുഴച്ചെടുത്ത് സഭാ മക്കളുടെയും ശിഷ്യഗണങ്ങളുടെയും കണ്ണില്‍ തേച്ച് കണ്ണു തുറപ്പിച്ച മഹാവൈദ്യന്‍; അര്‍ജ്ജുനന്മാരെയും ഏകലവ്യന്മാരെയും സൃഷ്ടിച്ച ദ്രോണാചാര്യന്‍; തര്‍സോസിലെ ശൗലിനെയും അഥേനയിലെ പൗലോസിനെയും വിശ്വമാനവികതയുടെ സര്‍വസംഗ്രാഹിത്വത്തില്‍ സമന്വയിപ്പിച്ച അഭിനവ ഗമാലിയേല്‍; ആര്‍ഷഭാരത സംസ്കൃതിക്ക് അടിത്തറയിട്ട ദ്രാവിഢ സങ്കേതങ്ങളെ കണ്ടെത്തിയ ഏകാന്തപഥികന്‍; പുരസ്ക്കാരങ്ങളുടെ പ്രളയം ഉണ്ടായപ്പോഴും പുസ്തകങ്ങള്‍ പടച്ച് പുതിയ പുരസ്ക്കാരങ്ങള്‍ക്കു വേണ്ടി ആര്‍ത്തി കാട്ടാതെ, ചമതാഗ്നി വഹിച്ചു വരുന്ന ഉപമന്യുമാര്‍ക്ക് ഉപനയനം നടത്തുന്നതില്‍ നിര്‍വൃതി കണ്ടെത്തിയ മഹാഗുരു: വാഗാര്‍ത്ഥ പ്രതിപത്തിയില്‍ പാതിരിമാരിലും പാണിനിമാരുണ്ടെന്നു തെളിയിച്ച വാഗ്ഭടന്‍; ദീനാനുകമ്പയോടെ വാരി വിതറിയപ്പോഴും, ഒരു നിഷേധിയുടെ വേഷം സ്വയം അണിഞ്ഞ്, പട്ടിണിയുടെയും സമാനപ്രശ്നങ്ങളുടെയും തായ്വേരപഗ്രഥിച്ച് ആഗോള സാമ്പത്തിക ഘടനയെയും, പരിസ്ഥിതി പതനത്തെയും ഗാട്ടിനെയും ഒക്കെക്കുറിച്ച് പറയേണ്ടിടങ്ങളില്‍ പതറാതെ പറഞ്ഞ പ്രവാചകന്‍; വേദസത്യങ്ങളുടെ ആഴത്തില്‍ അനായാസം ഊളിയിടുവാനും ജീവിതഗന്ധിയും തനിമ നിറഞ്ഞതുമായ ഉള്‍ക്കാഴ്ചകളാകുന്ന അമൂല്യ മുത്തുകളുമായി പൊങ്ങിവരുവാനും അവിശ്രമം 'ഉണര്‍ന്നിരുന്നവന്‍': നാഗാര്‍ജ്ജുനന്‍റെ ശൂന്യവാദമോ, ഡില്‍റ്റായിയുടെ അപഗ്രഥനശാസ്ത്രമോ, നിസായിലെ ഗ്രീഗോറിയോസിന്‍റെ ദൈവിക ഉണ്മയിലെ പങ്കാളിത്ത ചിന്തയോ കൈകാര്യം ചെയ്യുമ്പോഴും സ്ത്രീ-പുരുഷ അവകാശ സമത്വത്തിനായി ആത്മനൊമ്പരം പേറിയ മനുഷ്യസ്നേഹി; ആരുടെയൊക്കെ അവകാശ സമത്വത്തിനായി താന്‍ വാദിച്ചുവോ, ആരെയൊക്കെ താന്‍ കൈപിടിച്ചുയര്‍ത്തിയോ അവരില്‍ ചിലരുടെ കത്തും കുത്തും തന്നെ വേദനിപ്പിച്ചപ്പോള്‍ 'ഇതു നീ തന്നെയോ സുഹൃത്തേ' എന്നു മാത്രം പ്രതികരിച്ച എക്യുമെനിക്കല്‍ സീസര്‍; ....... ഇങ്ങനെയെത്രയെത്ര കാര്യങ്ങള്‍ ആ വിശ്വമാനവനെക്കുറിച്ചു പറയാനുണ്ട്.
എല്ലാറ്റിലുമുപരി, ചിലര്‍ക്കെങ്കിലും അദ്ദേഹം രണ്ടാം ജന്മം നല്‍കിയ, വാത്സല്യം കോരിച്ചൊരിഞ്ഞ പിതാവായിരുന്നു. ആ വേര്‍പാട് ഒരു തീരാനഷ്ടമാണ്; സ്വന്തം അന്തരാളത്തില്‍ ശൂന്യത പരത്തുന്ന നഷ്ടം; യുഗാന്തരങ്ങളില്‍ മാത്രം നികത്തപ്പെട്ടേക്കാവുന്ന നഷ്ടം.
ആ പുതപ്പു നേടുവാന്‍, ആ ആത്മാവിന്‍റെ ഇരട്ടിപ്പങ്കു നേടുവാന്‍ ആഗ്രഹിച്ചു പിമ്പറ്റുന്നവര്‍ എവിടെ? അവര്‍ക്കായിട്ട് ആ കണ്ണുകളുടെ തീക്ഷ്ണത, മനസില്‍ പതിഞ്ഞ ആ മൗലീചലനം, ആ കണ്ണടച്ചുറപ്പിച്ചുള്ള തുറക്കല്‍, കാത്തിരിക്കുന്നു. ആ വിയോഗം ആര്‍ക്കെങ്കിലും അദ്ദേഹം തെളിച്ച പാതയിലേക്ക് ഒരു നിയോഗം ആയി മാറിയാല്‍ ആ മഹാത്മാവ് ആശ്വസിക്കും, 'സ്വാതന്ത്ര്യം സ്നേഹമാണ്' എന്ന മൗനമന്ത്രവുമായി.
*************
ശ്രീ. ജോയ്സ് തോട്ടയ്ക്കാടിന്‍റെ "പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര" എന്ന ഗ്രന്ഥം അനശ്വരപ്രതിഭയായ ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസിനെക്കുറിച്ച് നാളിതുവരെ ഉണ്ടായിട്ടുള്ള കൃതികളില്‍ ഏറ്റം മനോഹരം എന്നു പറയേണ്ടിയിരിക്കുന്നു. ധൈഷണിക പ്രപഞ്ചത്തിലെ കുലപര്‍വ്വതവും, 'ക്രൈസ്തവഭരത'ത്തിലെ ദ്രോണാചാര്യരും, ദാര്‍ശനിക വിഹായസിലെ 'പൗരസ്ത്യ താര'വും ആയിരുന്ന ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യരനവധി ഉണ്ടായിരുന്നെങ്കിലും, അവരില്‍നിന്ന് വ്യത്യസ്തനായി ഒരു അജ്ഞാത ശിഷ്യനായി സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ശ്രീ. ജോയ്സ്, ഗ്രീഗോറിയോസ് തിരുമേനിയെക്കുറിച്ച് ചിലതൊക്കെ പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെട്ടത്. അന്തരാളത്തിലെ ഒരു സര്‍ഗ്ഗചേതന ജോയ്സിനെ ഗ്രീഗോറിയോസ് തിരുമേനിയിലേക്കാകര്‍ഷിച്ചു. ആ അടുപ്പം 'പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര'യായി പരിണമിച്ചു. ആ തീര്‍ത്ഥയാത്രയില്‍ പട്ടിണിയും, ഉറക്കിളപ്പും, ധാരണപിശകുകളും, സാമ്പത്തിക പരാധീനതയും വേണ്ടുവോളം ഉണ്ടായിരുന്നിരിക്കണം. ആത്മാവിനെ ബാധിച്ച ഒരസ്വസ്ഥതയ്ക്ക് അല്പമെങ്കിലും ശാന്തിയുണ്ടായത് അന്തരാളത്തില്‍ ആരോ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചപ്പോഴാണെന്നു തോന്നുന്നു.
ഈ ഗ്രന്ഥത്തെ ലക്ഷണമൊത്ത ഒരു ജീവചരിത്ര ഗ്രന്ഥമായിട്ടോ ഒരു ശാസ്ത്രീയ തൂലികാചിത്രമായിട്ടോ ആരെങ്കിലും അംഗീകരിക്കണം എന്ന് ജോയ്സ് വിചാരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആരോ തന്നെക്കൊണ്ട് ചെയ്യിച്ച ഒരു നിയോഗസ്മരണയില്‍ "ഇത് ഇങ്ങനെയൊക്കെ രൂപപ്പെട്ടു" എന്നായിരിക്കാം അറുനൂറ്റമ്പതില്‍പരം പേജുകളുള്ള ഗ്രന്ഥത്തെക്കുറിച്ച് ജോയ്സിനു പറയാനുള്ളത്. രചനാശൈലിയുടെ ശാസ്ത്രീയവശങ്ങളൊക്കെ പഠിച്ചിട്ട് രചനയ്ക്കൊരുങ്ങുവാനുള്ള സാവകാശമൊന്നും എഴുത്തുകാരന് കൊടുക്കുവാന്‍ ഈ ഗ്രന്ഥത്തിന്‍റെ പിന്നിലെ ഉള്‍പ്രേരണ അനുവദിച്ചില്ല എന്നും ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും.
പക്ഷേ, അഞ്ചു കാര്യങ്ങള്‍ ഈ ഗ്രന്ഥത്തെ ഒരത്ഭുതമാക്കി മാറ്റുന്നു:
1. വായിക്കുവാന്‍ തുടങ്ങിയാല്‍, നിര്‍ത്താതെ വായിക്കുവാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ പുസ്തകത്തിനുണ്ട്.
2. ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ സ്വയം കാര്യമായ നിരീക്ഷണങ്ങള്‍ ഒന്നും നടത്താതെ, അനുവാചകര്‍ക്ക് അതിന് അവസരം കൊടുക്കാനുള്ള വിഭവങ്ങള്‍ കണ്ടുപിടിച്ച് നിര്‍ലോപം വിളമ്പിയിരിക്കുന്നു.
3. മലയാള ഗ്രന്ഥമാണിതെങ്കിലും, ഇംഗ്ലീഷില്‍ കൊടുക്കേണ്ട വിവരങ്ങള്‍ ഇംഗ്ലീഷില്‍തന്നെ കൊടുത്തിരിക്കുന്നു.
4. ഒരു തൂലികാചിത്രത്തില്‍ അപ്രസക്തമെന്ന് വിചാരിച്ച് തള്ളിക്കളയാവുന്ന പല രേഖകളെയും, പരാമര്‍ശങ്ങളെയും, മുനയും മൂല്യവും ഉള്ളവയായി അവതരിപ്പിച്ചിരിക്കുന്നു.
5. ഒരു ജീവചരിത്രപരമായ ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍ സ്വയം മറഞ്ഞുനിന്നുകൊണ്ട്, ഒരു യാത്രാസഹായി ആയിത്തീരുന്ന ശൈലിയുടെ ശ്രേഷ്ഠത ഇവിടെ തെളിയിച്ചിരിക്കുന്നു.
ഈ ഗ്രന്ഥത്തില്‍, ജോയ്സ് ഗ്രന്ഥകാരനെന്നതിലുപരി ഒരു രേഖാസമ്പാദകനും തീര്‍ത്ഥയാത്രാ സഹായിയും ആണ്. മുത്തുകള്‍ കോര്‍ത്തു മാലയാക്കുന്ന ജോലി ആര്‍ക്കും ചെയ്യാമെങ്കിലും ചിലരുടെ കൈകളില്‍ രൂപപ്പെടുന്ന മാല അത്ഭുതസൗന്ദര്യം അണിയുന്നതാണ്. അതുതന്നെയാണീ ഗ്രന്ഥത്തിന്‍റെ മഹത്വവും.
(ലേഖനത്തിന്‍റെ ആദ്യ ഭാഗം 1996 ഡിസംബര്‍ ലക്കം മലങ്കരസഭ മാസികയുടെ എഡിറ്റോറിയല്‍. രണ്ടാം ഭാഗം ഈ ഗ്രന്ഥത്തിന്‍റെ ആദ്യ പതിപ്പിനെക്കുറിച്ച് 'ന്യൂ വിഷന്‍' മാസികയില്‍ 1998-ല്‍ എഴുതിയ പുസ്തകാഭിപ്രായം)
വിശുദ്ധനായ ആചാര്യന്‍ | നിത്യചൈതന്യയതി
കുറച്ചു ദിവസം ഷിക്കാഗോയില്‍ താമസിക്കാനായി പോയ എനിക്ക് ഒരു അപരിചിതന്‍ ഒരു കത്തു കൊണ്ടുവന്നു തന്നു. ഇന്ത്യയിലെ ഒരു ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ ബിഷപ്പിന് എന്നെ കാണാന്‍ ആഗ്രഹമുണ്ട് എന്നു പറഞ്ഞു. ഞാന്‍ അതില്‍ അതീവ സന്തുഷ്ടനായി. അര മണിക്കൂറിനകം ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഒരു ചിരപരിചിതനെപ്പോലെ അടുത്തുവന്നു. അദ്ദേഹം എന്നെയും കൂട്ടി വളരെ ഏകാന്തമായ സ്ഥലത്തുള്ള ഒരു ഹോട്ടലില്‍ പോയി. രണ്ടു ദിവസം അവിടെ താമസിക്കുവാന്‍ ഞാന്‍ സമ്മതിക്കുമോ എന്നു ചോദിച്ചു.
എനിക്ക് അദ്ദേഹത്തെ കണ്ടതു മുതല്‍ ജന്മജന്മാന്തരങ്ങളില്‍ കൂടി പരിചിതനായ ഒരു സുഹൃത്തിനെ കണ്ടതു പോലെയായി.
ഉച്ചയൂണിന് ഞങ്ങള്‍ ഇരുന്നപ്പോള്‍ തന്നെ അദ്ദേഹം ശാസ്ത്രലോകത്തും ദാര്‍ശനികലോകത്തും കവികളുടെ ഇടയിലും ഉള്ള പ്രശസ്തരായ ഓരോരുത്തരുടെയും പേരും അവരുടെ കൃതികളും എന്‍റെ മുന്നിലേക്കു ശ്രദ്ധയാകര്‍ഷിക്കുവാന്‍ കൊണ്ടുവന്നു. അതില്‍ ഒട്ടുമുക്കാല്‍ പേരുടെയും കൃതികള്‍ ഞാന്‍ വായിച്ചിട്ടുള്ളതാണ്. പിന്നെ അതേപ്പറ്റിയുള്ള ചര്‍ച്ചയായി.
അദ്ദേഹത്തിന് അറിയാമായിരുന്ന ചില ജര്‍മ്മന്‍ കവികളെ അദ്ദേഹം എനിക്കു പരിചയിപ്പിച്ചു തന്നു. അവരുടെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമകള്‍ അന്നു രാത്രിയില്‍ തന്നെ ആരെയോ വിട്ടു വരുത്തി എനിക്കു സമ്മാനമായി തന്നു.
ഇങ്ങനെ ആരെയാണോ നാം നമ്മുടെ ഹൃദയത്തില്‍ നമ്മില്‍ നിന്ന് അന്യമല്ലാത്ത ഒരു സുഹൃത്തായി കൊണ്ടുനടക്കുന്നത്, പലപ്പോഴും ആ സുഹൃത്ത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു മനുഷ്യവ്യക്തിയായി നമ്മുടെ ഉള്ളിലേക്കു കടന്നുവരും. നാം അകമേ വളര്‍ത്തിക്കൊണ്ടു വന്ന ഉദ്യാനം ഒരു മഹാത്ഭുതമാകുവാന്‍ അവരും കൂടി സഹായിക്കും.
അദ്ദേഹത്തിന്‍റെ ശരീരം ഒരു ബിഷപ്പിന്‍റെ ളോഹ കൊണ്ടും എന്‍റെ ശരീരം കാഷായവസ്ത്രം കൊണ്ടും പൊതിഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ സൗഹൃദം തുടങ്ങിയ നിമിഷം മുതല്‍ ഞങ്ങള്‍ ആത്മാവില്‍ നഗ്നരായിരുന്നു.
അദ്ദേഹത്തിലെ കവി ഉണരുമ്പോള്‍ എന്‍റെ ആത്മാവിലെ സഹൃദയന്‍ ഉണരും. ലാവണ്യ വിശകലനം നടത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ എന്‍റെ സൗന്ദര്യാനുഭൂതി ഇറക്കിവയ്ക്കും. ശാസ്ത്രത്തിന്‍റെ പരിമിതിയെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ അതേ പരിമിതി ആദ്ധ്യാത്മികതയില്‍ എങ്ങനെ അനുഭവപ്പെടുന്നു എന്ന് അദ്ദേഹം പറയും.
2
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഞാന്‍ ഏറ്റവും ആദരിക്കുന്ന ഒരു മഹാനാണ്. അദ്ദേഹവുമായി സംഭാഷണം നടത്തുവാന്‍ പ്രഥമ സൗഭാഗ്യം ലഭിച്ചപ്പോള്‍ തന്നെ എന്‍റെ സന്തോഷത്തിന് അതിരില്ലാതായി. ഹൃദയവും മസ്തിഷ്കവും തമ്മില്‍ പരിപൂര്‍ണ്ണമായ യോഗാത്മകതയുള്ള ഒരു മനുഷ്യനെ അവസാനം ഞാന്‍ അദ്ദേഹത്തില്‍ കണ്ടെത്തുകയായിരുന്നു.
3
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി എഴുപതാം ജന്മദിനം പിന്നിട്ടു. എല്ലാവരുടെയും യഥാര്‍ത്ഥ സുഹൃത്തും വിശ്വമാനവന്‍ എന്ന സങ്കല്‍പ്പത്തെ ജീവിച്ചു കാണിച്ചുകൊണ്ടിരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഈ നല്ല മനുഷ്യനെ അറിയുന്ന എല്ലാവരെയും ഈ വാര്‍ത്ത ആഹ്ലാദിപ്പിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന അര്‍പ്പണബോധത്തെയും സ്വന്തം ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ഗൗരവമായ ബോധ്യത്തെയും പരിഗണിക്കുമ്പോള്‍, തന്‍റെ ദൗത്യം നിര്‍വ്വഹിക്കുവാന്‍ തക്കവണ്ണം തന്‍റെ ശരീരത്തെ അനുഗ്രഹകരമായി നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് അമ്പരപ്പിക്കുന്ന സംഗതിയാണ്. അദ്ദേഹം ഒരു വര്‍ക്കഹോളിക് അല്ല. ഓരോ പുതിയ സംരംഭങ്ങളിലും അദ്ദേഹം തന്‍റെ വിശ്രമം കണ്ടെത്തുന്നു. തങ്ങളുടെ സ്വധര്‍മ്മം എന്താണെന്ന് ശരിയായി കണ്ടുപിടിച്ചിട്ടുള്ള ലോകത്തിലെ അപൂര്‍വ്വം പണ്ഡിതരിലൊരാളാണ് മെത്രാപ്പോലീത്താ.
മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ ഒരു ആദ്ധ്യാത്മിക പുരുഷന്‍ എന്ന നിലയില്‍ ഞാന്‍ ഒരിക്കലും കാണാറില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യന്‍റെയും മതപരമായ യോഗ്യതാ പ്രമാണങ്ങള്‍ നോക്കാതെ അവരെ കേള്‍ക്കുവാന്‍ തയ്യാറുള്ള സമൃദ്ധിയായ സാമാന്യബോധമുള്ള ഒരു പണ്ഡിതനാണദ്ദേഹം.
4
മലയാളികള്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ അല്ലായിരുന്നുവെങ്കില്‍ എന്നു ചില ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പ്രവൃത്തി കാണുമ്പോള്‍ ഞാനാശിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ തിരുമുഖത്തു നിന്നു വരുന്ന ഒരു വാക്കെങ്കിലും അവരുടെ ഉള്ളില്‍ പോയിരുന്നുവെങ്കില്‍ ഈ ഭാരതം തന്നെ ഒരു പുണ്യഭൂമിയായിരിക്കുന്നതിന് അവര്‍ കാരണക്കാരായേനേ. ഇതിന്‍റെ മറുവശവുമുണ്ട്. ഭാരതീയരുടെ ഹൃദയം പാശ്ചാത്യര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത ക്രിസ്തീയ വൈദികരെയും എനിക്കറിയാം. ഞാന്‍ ഈയവസരത്തില്‍ സംപൂജ്യനായ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ പേരെടുത്തു പറഞ്ഞ് ആദരിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് (യു.എസ്.എസ്.ആര്‍.) പോയി അവിടത്തെ സഭയെയും സര്‍ക്കാരിനെയുംകൊണ്ട് ലോകസമാധാനത്തിനായി ചിന്തിപ്പിക്കുവാനും സംസാരിപ്പിക്കുവാനും ലോകജനതയെ വിളിച്ചുവരുത്തി ഇരുമ്പുമറ മാറ്റി കാണിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. മാത്രമല്ല, പഴയ കമ്മ്യൂണിസത്തിന്‍റെ മൂശയില്‍ത്തന്നെയിരുന്നു മൂത്ത ബ്രഷ്നേവിനെ ഏതാണ്ട് മാനസാന്തരപ്പെടുത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെ വന്ന ഗോര്‍ബച്ചേവ് ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും കൊണ്ടുവന്നതിന്‍റെ പിന്നില്‍ ഈ വിശുദ്ധനായ ആചാര്യന്‍റെ തെളിമയുള്ള ചിന്താശകലങ്ങള്‍ ഞാന്‍ കാണുന്നുണ്ട്.
5
എന്‍റെ ജന്മനാള്‍ വരുമ്പോഴൊക്കെ എന്നേക്കാള്‍ ഒരു വര്‍ഷത്തിനു മുമ്പ് ഭൂലോകത്തിലെത്തി മനുഷ്യവര്‍ഗ്ഗത്തിന്‍റെ ജീവിതധാരയില്‍ കലര്‍ന്നൊഴുകുന്ന അങ്ങയുടെ മാതൃകയെ ഞാന്‍ മനസാ സ്മരിക്കാറുണ്ട്. ആത്മാവിന്‍റെ ഏകതയില്‍ സന്തോഷിച്ചു പ്രണാമം നല്‍കാറുണ്ട്. ഒരേ ലക്ഷ്യത്തിലേക്കു നോക്കുക, മാനവവര്‍ഗ്ഗത്തിനു ഒന്നിച്ചു പുണരുവാന്‍ കഴിയുന്ന ജ്യോതിസ്സിലേക്കു നടക്കുക, സത്യം ശ്വസിക്കുവാനും സമത്വം അംഗീകരിക്കുവാനും സ്വാതന്ത്ര്യത്തില്‍ വിഹരിക്കുവാനും അങ്ങയെ എനിക്കു കൂട്ടായി കിട്ടിയിട്ടു കാല്‍ നൂറ്റാണ്ടായി. അതു ഞാന്‍ അനുഗ്രഹമായി എണ്ണുന്നു.
ദാര്‍ശനികലോകത്തു എനിക്ക് അപരിചിതരായിരുന്ന പല പ്രതിഭകളെയും അങ്ങ് എനിക്കു പരിചയപ്പെടുത്തി തന്നിട്ടുള്ളത് ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. തിരുമേനിയുടെ എഴുപത്തിഒന്നാം നാളില്‍ ആഹ്ലാദിക്കുവാന്‍ എന്നെയും കൂടി അനുഗ്രഹിക്കുക.
(ഗുരു നിത്യചൈതന്യയതിയുടെ ലേഖനങ്ങളിലെ, മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങളും, അദ്ദേഹം മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്തും ഉള്‍പ്പെട്ടതാണ് ഈ ലേഖനം. ഗുരുവിന്‍റെ അനുവാദത്തോടെയാണ് ഇവ ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് (1922-1996): ജീവിതരേഖ
ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും, ദാര്‍ശനികനും, ചിന്തകനും, ഗ്രന്ഥകാരനും. 1922 ഓഗസ്റ്റ് 9-ന് തൃപ്പൂണിത്തുറയില്‍ ജനിച്ചു. പിതാവ്: പൈലി, മാതാവ്: ഏലി. 1937-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. അതുകഴിഞ്ഞ് പത്രലേഖകന്‍ (1937-'42), ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഗുമസ്തന്‍, പി. ആന്‍ഡ് ടി. വകുപ്പില്‍ ഗുമസ്തനും പോസ്റ്റ്മാസ്റ്ററും (1942-'47). അക്കാലത്ത് പി. ആന്‍ഡ് ടി. യൂണിയന്‍ തിരുവിതാംകൂര്‍ - കൊച്ചി അസ്സോസിയേറ്റ് സെക്രട്ടറി. പിന്നീട് എത്യോപ്യയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകന്‍ (1947-'50). അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടി (1950-'54). ആലുവാ ഫെലോഷിപ്പ് ഹൗസ് ബര്‍സാര്‍ ആയി പ്രവര്‍ത്തിച്ചു (1954-'56). എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും ഉപദേശകനും (1956-'59). 1959 ജനുവരിയില്‍ ശെമ്മാശനായി. യേല്‍ സര്‍വ്വകലാശാലയിലും ഓക്സ്ഫഡിലും ഉപരിപഠനം നടത്തി (1959-'61). 1961-ല്‍ വൈദികനായി. ക്രൈസ്തവസഭകളുടെ അഖിലലോക കൗണ്‍സിലിന്‍റെ (ണ.ഇ.ഇ.) അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു (1962-'67). സോവിയറ്റ് യൂണിയനിലേക്കു പോയ ണ.ഇ.ഇ.യുടെ ഡെലിഗേഷന്‍റെയും (1962), യുനെസ്കോ ഡെലിഗേഷന്‍റെയും (1967) നേതാവ്. 1967 മുതല്‍ 1996 വരെ ഓര്‍ത്തഡോക്സ് സെമിനാരിയുടെ പ്രിന്‍സിപ്പല്‍. 1975-ല്‍ മെത്രാപ്പോലീത്തായായി. 1976 മുതല്‍ 1996 വരെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ. ക്രൈസ്തവസഭകളുടെ ലോകകൗണ്‍സില്‍ (ണ.ഇ.ഇ.) പ്രസിഡന്‍റുമാരിലൊരാളായി പ്രവര്‍ത്തിച്ചു (1983-'91). ലോകസമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശവുമായി ആഗോളതലത്തില്‍ സഞ്ചരിച്ചു. ഒട്ടധികം അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ഓട്ടോ നുഷ്കെ പ്രൈസ് ഫോര്‍ ദി പീസ് (ജര്‍മ്മനി) തുടങ്ങി ഇരുപതോളം രാജ്യാന്തര അവാര്‍ഡുകളും ഒട്ടേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഗ്രിഗറി ഓഫ് നിസ്സായെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് 1975-ല്‍ സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. കൂടാതെ റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാഡമി, ഹംഗറിയിലെ ബുഡാപ്പസ്റ്റ് ലൂതറന്‍ തിയോളജിക്കല്‍ അക്കാഡമി, ചെക്കോസ്ലോവാക്യയിലെ ജാന്‍ഹസ് ഫാക്കല്‍റ്റി എന്നിവിടങ്ങളില്‍ നിന്ന് ഓണററി ഡോക്ടറേറ്റ്. ജോയ് ഓഫ് ഫ്രീഡം, ഫ്രീഡം ഓഫ് മാന്‍, കോസ്മിക്മാന്‍, ഹ്യൂമന്‍ പ്രസന്‍സ്, എന്‍ലൈറ്റന്‍മെന്‍റ് ഈസ്റ്റ് ആന്‍റ് വെസ്റ്റ്, സയന്‍സ് ഫോര്‍ സെയിന്‍ സൊസൈറ്റീസ്, എ ലൈറ്റ് റ്റൂ ബ്രൈറ്റ്, എ ഹ്യൂമന്‍ ഗോഡ് തുടങ്ങി മുപ്പതോളം ഇംഗ്ലീഷ് ഗ്രന്ഥങ്ങളും 12 മലയാളഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത മലയാളം, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള പ്രബന്ധങ്ങള്‍ ആയിരത്തോളമുണ്ട്. 1996 നവംബര്‍ 24-നു കാലംചെയ്തു. ഓര്‍ത്തഡോക്സ് സെമിനാരിചാപ്പലില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
Dr. Paulos Mar Gregorios (1922-1996): Profile
Outstanding scholar, theologian, philosopher, polyglot and man of letters, Dr. Paulos Mar Gregorios sought to bring together in a holistic vision, several unrelated disciplines like philosophy, economics, political science, medicine, education, physics and theology.
Born in 1922 at Tripunithura, Kerala, the great scholar- bishop had his earlier stints in his homestate as a journalist and postal service employee. He proceeded to Ethiopea in 1947 accepting the job of a teacher there and in course of time became the Special Secretary to Emperor Haillie Sellasi. He had an exceptional educational career in Yale, Princeton and Oxford Universities. Returning to Kerala, he was ordained as a priest of the Orthodox Church. In 1967 Fr. Paul Verghese became the Principal of the Orthodox Theological Seminary. In 1975 elevated as a bishop, Metropolitan Paulos Mar Gregorios took charge of the Delhi Diocese of the Orthodox Church in July 1975.
Honours came unsought to Mar Gregorios. He became President of the World Council of Churches and the Indian Philosophical Congress. In 1988, he received the Soviet Land Nehru Award. He travelled widely and showed an unusual intellectual courage to explore new paradigms in human thinking. He was visiting professor in several universities like the J. N. U. in New Delhi.
Mar Gregorios has authored more than 50 books. The Joy of Freedom, Freedom of Man, The Cosmic Man, The Human Presence, Enlightenment East and West, A Light Too Bright and the spiritual autobiography Love’s Freedom: The Grand Mystery are some of the most remarkable among these. Hundreds of his articles and lectures have been published in leading newspapers, and international magazines.
-
5. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കത്ത് പരിശുദ്ധ എപ്പിസ്ക്കോപ്പല് സുന്നഹദോസിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും, ഡല്‍ഹി ഭദ്ര...
-
"അദ്ദേഹത്തിന്‍റെ ഒരു പുഞ്ചിരി കാണുമ്പോള്‍ എന്‍റെ ജീവിത പ്രശ്നങ്ങളുടെ പകുതി മാറിപ്പോകുന്ന പ്രതീതിയാണെനിക്കുള്ളത്." 33 ദിവസം മാത്ര...