Saturday 15 April 2023

ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

1937-ലും '38-ലും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. പൊതുവേ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ആവേശമോ അത്യുത്സാഹമോ കാണിച്ചില്ല. സ്വയംഭരണത്തേക്കാള്‍ ഭേദം ബ്രിട്ടീഷ് സാമ്രാജ്യഭരണമാണെന്നായിരുന്നു അവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വിചാരം. കോളനിഭരണകര്‍ത്താക്കളും ക്രിസ്ത്യാനികളായിരുന്നുവല്ലൊ! ഈ വീക്ഷണഗതി എനിക്ക് സ്വീകാര്യമായി തോന്നിയില്ല. പ്രത്യേകിച്ചും കൊച്ചിയിലും തിരുവിതാംകൂറിലും മഹാരാജാക്കന്മാരാണ് ഭരിച്ചിരുന്നത്; ബ്രിട്ടീഷുകാര്‍ നേരിട്ടല്ല. വളരെ ചുരുക്കം ബ്രിട്ടീഷുകാരെ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളു. അവര്‍ ഞങ്ങളുടെ സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിരുന്നുമില്ല.

കൊച്ചിയിലെ ഞങ്ങളുടെ മഹാരാജാക്കന്മാര്‍ - സാധാരണഗതിയില്‍ എണ്‍പതു വയസ്സോളമുണ്ടാകും - പ്രായേണ ദയാതല്പരരും ദൈവഭയമുള്ളവരുമായിരുന്നു. ഏതാണ്ട് 600 അംഗങ്ങളുള്ള രാജകുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ പുരുഷനാണ് സാധാരണഗതിയില്‍ സിംഹാസനാരൂഢനാകുന്നത്. അപ്പോള്‍ അദ്ദേഹത്തിന് സാധാരണയായി എണ്‍പത് വയസ്സുണ്ടാകും. അതിനുശേഷം അദ്ദേഹം അധികകാലം ജീവിച്ചിരിക്കാറില്ല. ഞങ്ങളുടെ വീട് ഹില്‍പാലസ് റോഡിലായിരുന്നു. ഏതാണ്ട് ഒരു മൈല്‍ അകലെയുള്ള മഹാരാജാവിന്‍റെ കൊട്ടാരത്തിലേക്ക് പോകാനുള്ള പാതയാണത്. ഞങ്ങളുടെ വീടിന്‍റെ മുമ്പിലൂടെ മഹാരാജാവ് കടന്നുപോകുന്നത് ഞങ്ങള്‍ മിക്കവാറും കാണാറുണ്ട്.

ഉത്സവദിവസങ്ങളിലൊഴികെ വലിയ ആര്‍ഭാടങ്ങളോ ആഡംബരങ്ങളോ ഉണ്ടാകാറില്ല. സ്കൂള്‍ കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ ആണ്ടിലൊരിക്കല്‍ കൊട്ടാരത്തില്‍ പോകുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി. രാജകൊട്ടാരത്തിലെ പല ചെറുപ്പക്കാരും എന്‍റെ സഹപാഠികളായിരുന്നു. ഞങ്ങളുമായി സാമൂഹികമായി ഇടപെടുന്നതില്‍ നിന്ന് അവരെ വിലക്കിയിരുന്നു. ചില മഹാരാജാക്കന്മാര്‍ മികച്ച പണ്ഡിതന്മാരായിരുന്നു. പ്രത്യേകിച്ച് സംസ്കൃതത്തില്‍. ചില മഹാരാജാക്കന്മാരാകട്ടെ ശുദ്ധഗതിക്കാരും. പല തമാശകളും അവരെപ്പറ്റി പറയുന്നുണ്ട്.

ഒരു തമാശ ഇതാണ്. എണ്‍പതു വയസ്സുള്ള അദ്ദേഹം ഒരു ഫുട്ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ആദ്യമായാണ് ഫുട്ബോള്‍ കളി കാണുന്നത്. 22 പേര്‍ ഒരു പന്തിനുവേണ്ടി പന്തിന്‍റെ പിന്നാലെ പരക്കംപായുന്നതു കണ്ടിട്ട് അദ്ദേഹം മന്ത്രിയോടു പറഞ്ഞു: "ഒരു പന്തിനു വേണ്ടി എന്തിനാണ് ഇവരെല്ലാംകൂടി ഉന്തും തള്ളും നടത്തുന്നതും ബഹളം വയ്ക്കുന്നതും? രണ്ടു ഡസന്‍ പന്തുകള്‍ വാങ്ങിക്കൊടുത്താല്‍ ഓരോരുത്തനും ഓരോ പന്തു കിട്ടുമല്ലോ." 

ഇത്തരം ഓമനത്തമുള്ള ശുദ്ധാത്മാക്കള്‍ ഭരിച്ചിരുന്നതിനാല്‍ ബ്രിട്ടീഷ് സാമ്രാജ്യഭരണത്തിന്‍റെ ഭാരം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. സമൂഹത്തില്‍ ഒട്ടേറെ മര്‍ദ്ദനവും ചൂഷണവും അനേകം അസമത്വങ്ങളും അനീതികളും നടമാടിയിരുന്നെങ്കിലും അക്കാലത്ത് അതൊന്നും എന്നെ ആവേശംകൊള്ളിച്ചില്ല.

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും അന്നു ഞങ്ങളുടെ വലിയ നേതാക്കന്മാരായിരുന്നു. പക്ഷേ അവരെ ഞങ്ങള്‍ ദുര്‍ലഭമായേ കണ്ടിരുന്നുള്ളു. യുവാവായിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍  നെഹ്രുവിന്‍റെ പ്രസംഗം കേട്ടു. അദ്ദേഹം പറഞ്ഞ കാര്യങ്ങളും അവ പറഞ്ഞ രീതിയും എന്നില്‍ മതിപ്പു വളര്‍ത്തി. ഗാന്ധിജി ഒരിക്കല്‍ ഞങ്ങളുടെ പട്ടണം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ ലാളിത്യവും പല്ലില്ലാത്ത പുഞ്ചിരിയും എന്നെ ആകര്‍ഷിച്ചു. പക്ഷേ ഞങ്ങളുടെ നാട്ടിലൊരാള്‍ ഒരു വൃത്തികേടു കാണിച്ചു. തനിക്കു കിട്ടുന്നതെന്തും ഗാന്ധിജി ലേലം വിളിക്കുമായിരുന്നു. കിട്ടുന്ന തുക ഏതെങ്കിലും ധര്‍മ്മകാര്യങ്ങള്‍ക്കു നല്കും. എന്‍റെ പട്ടണത്തില്‍ അദ്ദേഹത്തിനു നല്കിയ മംഗളപത്രം (ഗില്‍റ്റിട്ടത്) ലേലം ചെയ്തു. ഏറ്റവും കൂടുതല്‍ തുകയ്ക്കു ലേലം കൊണ്ടത് ഒരു കൃഷ്ണന്‍കുട്ടിയായിരുന്നു. അന്നു നാല്പതു രൂപ ഒരു വലിയ തുകയാണ്. കൃഷ്ണന്‍കുട്ടി വ്യാജനോട്ടു വില്‍പ്പനക്കാരനാണെന്ന് ഞാന്‍ പിന്നീടു  മനസ്സിലാക്കി. അയാള്‍ ഗാന്ധിജിക്കു നൂറു രൂപയുടെ ഒരു കള്ളനോട്ടു നല്കി. ബാക്കികിട്ടിയ അറുപതുരൂപയുടെ നല്ല നോട്ടുകള്‍ അയാള്‍ പോക്കറ്റിലാക്കുകയും ചെയ്തു. അതിനുംപുറമെ നന്നായി ഫ്രെയിം ചെയ്ത, ഗില്‍റ്റിട്ട, മംഗളപത്രം അയാള്‍ക്കു സ്വന്തമായി.

കൗമാരപ്രായക്കാരനെന്ന നിലയില്‍ സ്വന്തസ്ഥലത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയത്തിലായിരുന്നു എനിക്കു കൂടുതല്‍ താല്പര്യം. അയിത്തം സമൂഹത്തില്‍ നിന്നു വിപാടനം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു മനസ്സിലായിത്തുടങ്ങി. അതിനുവേണ്ടിയായിരുന്നല്ലൊ ഗാന്ധിജി പോരാടിക്കൊണ്ടിരുന്നത്. കാലംകഴിഞ്ഞതോടെ, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു ബോധ്യമായി. ഒരു റിപ്പോര്‍ട്ടറെന്ന നിലയില്‍, ഞാന്‍ റിപ്പോര്‍ട്ടു ചെയ്ത രാഷ്ട്രീയ യോഗങ്ങള്‍ എന്‍റെ അവബോധരൂപവല്‍ക്കരണ പ്രക്രിയയെ സഹായിച്ചു.

ഞങ്ങളുടെ സംസ്ഥാനത്തെ പിന്നോക്ക ഈഴവസമുദായത്തില്‍നിന്നുള്ള വലിയ സാമൂഹിക പരിഷ്ക്കര്‍ത്താക്കളില്‍ ഒരാളായ സഹോദരന്‍ അയ്യപ്പന്‍ പ്രസംഗിച്ച ഒരു മഹായോഗം റിപ്പോര്‍ട്ടുചെയ്യുകയായിരുന്നു ഞാന്‍. സാമൂഹ്യപരിഷ്ക്കാരത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ചര്‍ച്ചാവേളയില്‍ ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു (പ്രസ് ഗാലറിയില്‍നിന്ന് അങ്ങനെയൊരു ചോദ്യം അന്ന് തീരെ അപ്രതീക്ഷിതമായിരുന്നു): "പതിനാറുവയസുകാരനായ എന്നെപ്പോലുള്ളവരെ, നേതാക്കന്മാരായ നിങ്ങള്‍, രാഷ്ട്രീയത്തില്‍ ചേരാന്‍ അനുവദിക്കാത്തതെന്താണ്?" അദ്ദേഹത്തിന്‍റെ മറുപടി അതിശ്രദ്ധേയമായിരുന്നു. ഇന്നും അതെന്‍റെ ചെവികളില്‍ മുഴങ്ങുന്നു: "വയലില്‍നിന്ന് നെല്ലിന്‍ഞാറുകള്‍ പിഴുതെടുത്ത് കന്നുകാലികള്‍ക്കു കൊടുക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല." ഞാന്‍ എവിടെ നില്ക്കുന്നുവെന്ന് അങ്ങനെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ വെറും ഞാറിന്‍തൈ മാത്രം.

എന്നിരിക്കിലും അനുവദനീയമായ ഇടങ്ങളില്‍ ഞാന്‍ രാഷ്ട്രീയമായി സജീവം പ്രവര്‍ത്തിച്ചു. ഞങ്ങളുടെ നിയോജകമണ്ഡലത്തില്‍ നിന്ന് കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഞാന്‍ പങ്കെടുത്തു. എന്‍റെ റിപ്പോര്‍ട്ടിങ്ങും രാഷ്ട്രീയമായി അര്‍ത്ഥവത്തായിരുന്നു. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയമായ എന്‍റെ സംവേദനക്ഷമത വികസിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

ക്വിറ്റിന്ത്യാപ്രസ്ഥാനം

1942-ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനമാണ് മനസ്സില്‍ തങ്ങിനില്ക്കുന്ന ഒരോര്‍മ. ജപ്പാന്‍കാര്‍ 1941 ഡിസംബറില്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചു. ഇന്ത്യയെയും അവര്‍ ആക്രമിച്ചേക്കുമെന്ന ഭയപ്പാടു പൊന്തിനിന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കാരുടെ കൂറ് ആരോടായിരിക്കുമെന്നതു സംശയാസ്പദമായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഇന്ത്യയ്ക്കു "പൂര്‍ണ്ണഡൊമീനിയന്‍ പദവി" നല്‍കി ഇന്ത്യയെ പ്രീണിപ്പിക്കാമെന്ന ലാക്കോടെ ചര്‍ച്ചില്‍ തന്‍റെ പ്രത്യേക പ്രതിനിധിയായി സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചു. ക്രിപ്സ് ഒരു സോഷ്യലിസ്റ്റും നെഹ്രുവിന്‍റെയും മറ്റും സുഹൃത്തുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനത ആവശ്യപ്പെട്ടത് പൂര്‍ണ്ണസ്വരാജ് - പൂര്‍ണ്ണസ്വാതന്ത്ര്യം - ലഭിക്കണമെന്നതായിരുന്നു. കൂടിയാലോചിക്കാന്‍ ക്രിപ്സിനെ അധികാരപ്പെടുത്തിയിരുന്നില്ല. കോളനിപദവിയില്‍ നിന്നു ഡൊമീനിയന്‍ പദവിയിലേക്കുള്ള ഉയര്‍ച്ച വാഗ്ദാനം ചെയ്യുകമാത്രം. ആ നിര്‍ദേശം ഇന്ത്യ നിരാകരിച്ചു.

ജപ്പാന്‍റെ ഭീഷണി നിലനില്ക്കുന്നിടത്തോളം സ്വാതന്ത്ര്യം നേടുക ഇന്ത്യയ്ക്ക് വിപല്ക്കരമാണെന്നും ഇന്ത്യ സംരക്ഷണാര്‍ത്ഥം ബ്രിട്ടന്‍റെ കുടക്കീഴില്‍ നില്ക്കണമെന്നുമുള്ളതായിരുന്നു ബ്രിട്ടന്‍റെ ഒരു വാദം. മഹാത്മാഗാന്ധിയിലൂടെ ഇന്ത്യ ഇതിനു മറുപടി നല്കി: "ജോണ്‍ ബുള്‍, നിങ്ങള്‍ ഇന്ത്യ വിട്ടുപോവുക. സ്വതന്ത്രഭാരതം, സ്വകീയമായ അക്രമരഹിതമാര്‍ഗ്ഗങ്ങളുപയോഗിച്ച് ജപ്പാന്‍കാരെ കൈകാര്യം ചെയ്തുകൊള്ളും. ഞങ്ങളുടെ മണ്ണില്‍ നിങ്ങളുടെ സാന്നിധ്യം ജപ്പാന്‍കാരെ പ്രകോപിപ്പിക്കുകയേയുള്ളു." ഇന്ത്യ വിട്ടുപോകാന്‍ ജോണ്‍ ബുള്‍ വിസമ്മതിച്ചു. ഏതാണ്ട് 60,000 ഇന്ത്യക്കാരെ അവര്‍ ജയിലിലടച്ചു. ഇന്ത്യന്‍ ജനതയെ ഭയപ്പെടുത്തി വിപ്ലവം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഞങ്ങളുടെ ഏതാനും നഗരങ്ങളെ ബോംബര്‍ വിമാനങ്ങളുപയോഗിച്ച് ആക്രമിക്കുകപോലുമുണ്ടായി.

അറ്റ്ലാന്‍റിക് ചാര്‍ട്ടറിനെപ്പറ്റിയുള്ള ഇന്ത്യയുടെ ധാരണ ശരിയായിരുന്നു. 1942-ല്‍ അമേരിക്ക സഖ്യകക്ഷികളുടെ യുദ്ധോദ്യമങ്ങളില്‍ ചേര്‍ന്നതോടെ, ഇന്ത്യയിലെ വിപ്ലവത്തെ കൈകാര്യം ചെയ്യാന്‍  ബ്രിട്ടീഷുകാര്‍ക്ക് ഇടവേള ലഭിച്ചു. അവര്‍ ആ തക്കം മൃഗീയമായരീതിയിലും കാര്യക്ഷമമായും വിനിയോഗിച്ചു. ജപ്പാന്‍കാര്‍ക്കെതിരായി ആഞ്ഞടിക്കാന്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബെയില്‍നിന്നും കല്‍ക്കട്ടായില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ സമയത്തു ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വിപ്ലവകാരികളെ വെടിവച്ചു വീഴ്ത്തുന്നതില്‍ വ്യാപൃതരായി.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ മദ്രാസിലാണ്. എന്‍റെ രാജ്യാഭിമാനം ജ്വലിച്ചു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോടൊപ്പം ഞാനും തൊണ്ടതുറന്നു പ്രതിഷേധ സ്വരം മുഴക്കി: "ജോണ്‍ ബുള്‍, ഇന്ത്യ വിട്ടു പോകൂ. ഈങ്ക്വിലാബ് സിന്ദാബാദ്" (വിപ്ലവം നീണാള്‍ വാഴട്ടെ എന്നതിന്‍റെ ഉറുദുരൂപം). യാത്ര മുടക്കാന്‍ ലോക്കല്‍ ട്രയിനുകളില്‍ അലാറം ചെയിന്‍ പിടിച്ചുവലിക്കുന്ന കോളജുവിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. ഞാന്‍ ചെയിന്‍ വലിച്ചില്ലെങ്കിലും ആ ഗണത്തില്‍ ചേരുക ആ ഉദ്യമത്തോടു താദാത്മ്യം പ്രാപിക്കുകയാണല്ലോ. ആഹ്ലാദപ്രദമെങ്കിലും അപകടകരമായിരുന്നു ആ ഉദ്യമം. ഞങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ "ഏറ്റവും അനുസരണയുള്ള ഭൃത്യന്മാരാ"ണെന്നു പരിഗണിക്കപ്പെട്ടിരുന്നു.

മദ്രാസിനു സമീപം (നഗരത്തിലല്ല) ജപ്പാന്‍കാര്‍ ഒരു ബോംബിട്ടതായി താമസിയാതെ കേട്ടു. വേണ്ടിവന്നാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയില്‍ ബോംബു വര്‍ഷിക്കാന്‍ കഴിയുമെന്ന് ബ്രിട്ടീഷുകാരെ ധരിപ്പിക്കുകയായിരുന്നിരിക്കാം അതിന്‍റെ ഉദ്ദേശ്യം. ആര്‍ക്കറിയാം, അതു ബ്രിട്ടീഷ് പോര്‍വിമാനങ്ങളുടെ ഒരു സൂത്രമായിരുന്നില്ലെന്ന്!  ഒരു ബോംബ് ഇട്ടെന്നും അതൊരു കോഴിയെ കൊന്നുവെന്നും മനുഷ്യരാരും മരിച്ചിട്ടില്ലെന്നും പത്രവാര്‍ത്ത വായിച്ചതോര്‍ക്കുന്നു.

സുഭാഷ് ചന്ദ്രബോസ്

ഈ ഘട്ടത്തിലാണ് ധീരനും പ്രഗത്ഭനുമായ ഒരു ദേശീയ നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസ് (1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട്. 1940-ല്‍ അദ്ദേഹം ഗാന്ധിജിയോടും നെഹ്രുവിനോടും തെറ്റിപ്പിരിഞ്ഞു.) ഇന്ത്യന്‍ നാഷണല്‍ ആര്‍മി സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ജപ്പാന്‍റെയും ജര്‍മ്മനിയുടെയും പിന്തുണയോടു കൂടി ഇന്ത്യയെ ആക്രമിച്ച് ബ്രിട്ടീഷുകാരില്‍നിന്നു ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ബോസിന്‍റെ ലക്ഷ്യം. ജര്‍മ്മനിയില്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ഇന്ത്യക്കാര്‍, വിമോചിതരായ ബ്രിട്ടീഷ് ഇന്ത്യന്‍ യുദ്ധത്തടവുകാര്‍ (പ്രത്യേക ഉദ്ദേശ്യത്തോടെ ജപ്പാന്‍കാര്‍ ഈ തടവുകാരെ വിട്ടയയ്ക്കുകയായിരുന്നു), മലേഷ്യ,സിംഗപ്പൂര്‍, ബര്‍മ എന്നിവിടങ്ങളില്‍ നിന്നും മറ്റുമായി ചേര്‍ന്ന ഇന്ത്യന്‍ വോളണ്ടിയര്‍മാര്‍ എന്നിവരാണ് ഈ വോളണ്ടിയര്‍ സൈന്യത്തില്‍ അംഗങ്ങള്‍. ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ       50,000 വരുന്ന ഒരു സൈന്യത്തിനു ബോസ് പരിശീലനം നല്കി.

ബോസ് 1943 ഒക്ടോബറില്‍ ഒരു സ്വതന്ത്ര ഇന്ത്യന്‍ ഗവണ്‍മെന്‍റ് രൂപവല്ക്കരിച്ചതായി പ്രഖ്യാപനം ചെയ്തു. ബര്‍മ (മ്യാന്‍മര്‍) യില്‍ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ (ഇംഫാല്‍) ആക്രമിക്കുകയും ചെയ്തു. വാഗ്ദാനപ്രകാരം ജാപ്പനീസ് വിമാനങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നതിനാല്‍, ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിക്ക്, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ ക്ഷണേന തുരത്താന്‍ കഴിഞ്ഞു. ബോസ് തിരോധാനം ചെയ്തു. അതിനുശേഷം അദ്ദേഹം എവിടെയും പ്രത്യക്ഷനായിട്ടില്ല. ഒരു വിമാനാപകടത്തിനുശേഷം അദ്ദേഹം തായ്വാനില്‍ ഒരു ആശുപത്രിയില്‍ മരിച്ചതായി പറയപ്പെടുന്നു.  

അമ്പതുവര്‍ഷം മുമ്പാണത്. മൊത്തത്തില്‍ ഈ പ്രതിഭാസത്തോടുള്ള എന്‍റെ പ്രതികരണം പരസ്പരവിരുദ്ധമായിരുന്നു. "രാജ്യാഭിമാനികളില്‍ രാജ്യാഭിമാനി" എന്നാണു മഹാത്മാഗാന്ധി ബോസിനെ വിശേഷിപ്പിച്ചത്. ആ വിശേഷണം ബോസ് അര്‍ഹിക്കുന്നുവെന്നാണെന്‍റെ പക്ഷവും. ബോസ് ധീരനും ത്യാഗിയും യാഥാര്‍ത്ഥ്യബോധമുള്ള നേതാവുമായിരുന്നു. ബ്രിട്ടന്‍റെ അധികാരത്തോടുള്ള അദ്ദേഹത്തിന്‍റെ മറുതലിപ്പ് എന്‍റെ ആദരം പിടിച്ചുപറ്റി.

അതിപ്രശസ്തമായ ഇന്ത്യന്‍ സിവിള്‍ സര്‍വ്വീസ് പരീക്ഷ അദ്ദേഹം കേംബ്രിഡ്ജില്‍ വച്ചു പാസായി. പക്ഷേ സാമ്രാജ്യത്വസമ്പ്രദായത്തോടുള്ള തന്‍റെ അവഹേളനത്തിന്‍റെ സൂചനയായി ബോസ് തന്‍റെ സര്‍ട്ടിഫിക്കറ്റ് പരസ്യമായി കീറിക്കളഞ്ഞു. ഈ നടപടിയും എന്നെ ആവേശംകൊള്ളിച്ചു. പക്ഷേ രണ്ടു കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാനായില്ല. ഇന്ത്യയുടെ മോചനത്തിന് നാസി ജര്‍മ്മനിയുടെ പിന്തുണ തേടിയതും, പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇന്ത്യയെ ആക്രമിച്ച മൗഢ്യവും. ബോസിന് കരുത്തുണ്ടായിരുന്നു. അല്പംകൂടി വ്യത്യസ്തമായ തന്ത്രജ്ഞത പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് വേറൊരു തരത്തിലുള്ള സ്വതന്ത്രഭാരതം കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞേനേ.

മറുവശത്ത് മഹാത്മാഗാന്ധി ആദ്ധ്യാത്മികമായി കൂടുതല്‍ ആകര്‍ഷകനായ വ്യക്തിയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാരതീയനും യഥാര്‍ത്ഥത്തില്‍ സാര്‍വലൗകികനും. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനകത്ത് ലോകം കണ്ടിട്ടുള്ള ഏറ്റവും ഉത്തമമായ മനുഷ്യമാതൃക! ബോസ് നെഹ്രുവിനെപ്പോലെ കേംബ്രിഡ്ജില്‍ പരിശീലിച്ച പാശ്ചാത്യ ഉല്‍പതിഷ്ണുവായിരുന്നു. തന്‍റെ വിപ്ലവമാര്‍ഗങ്ങളില്‍ കുറെക്കൂടി തീക്ഷ്ണവാനായിരുന്നുവെന്നു മാത്രം. ഗാന്ധിജിയാകട്ടെ കലര്‍പ്പില്ലാത്ത ആര്‍ജവത്വത്തിന് ഉടമയായിരുന്നു. എല്ലാവരോടും ആത്മാര്‍ത്ഥമായ സ്നേഹവും സഹാനുഭൂതിയും ഉള്ള ഒരു മനുഷ്യസ്നേഹി. ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും അദ്ദേഹം അടുപ്പം പുലര്‍ത്തി. ലാളിത്യംകൊണ്ട് അവരോട് താദാത്മ്യപ്പെട്ടു. ആഴമേറിയ മതാത്മകതയും രാഷ്ട്രീയമായ കൂര്‍മബുദ്ധിയും അദ്ദേഹത്തില്‍ വെട്ടിത്തിളങ്ങി. 

ഞാന്‍ ആദരിച്ച മറ്റൊരു ഭാരതീയനാണ് രവീന്ദ്രനാഥ ടാഗോര്‍. അദ്ദേഹത്തിന്‍റെ ഗീതാഞ്ജലിയും പോസ്റ്റോഫീസും ഫലവര്‍ഗ്ഗം ശേഖരിക്കുന്നവനും (ളൃൗശേ ഴമവേലൃശിഴ) മറ്റു കവിതകളും എന്‍റെ ഹൃദയത്തെ ഗാഢമായി സ്പര്‍ശിച്ചു. ജീവിതനിഗൂഢതയെ ടാഗോര്‍ സ്പര്‍ശിച്ചറിഞ്ഞു. അദ്ദേഹം പാശ്ചാത്യ ഉല്‍പതിഷ്ണുവായിരുന്നില്ല. അദ്ദേഹം അദൃശ്യമായതിന്‍റെ കവിയും യഥാര്‍ത്ഥ സൗന്ദര്യത്തിന്‍റെ ഗായകനും പരിശുദ്ധിയുടെ ആവിഷ്കര്‍ത്താവുമായിരുന്നു.  പോസ്റ്റോഫീസില്‍ എന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ വര്‍ഗീസ് മാത്യു (ചിന്തകന്‍ എന്നാണു ഞങ്ങള്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തെ വിളിക്കുക) ടാഗോറിന്‍റെ കൃതികള്‍ എന്നെ വായിച്ചു കേള്‍പ്പിക്കുകയും ഓര്‍മയില്‍ നിന്ന് പലതും എന്നെ പാടികേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയുടെ മോചനം തന്‍റേതായ വീക്ഷണത്തില്‍ അദ്ദേഹം ഗാഢമായി ആഗ്രഹിച്ചു. എങ്കിലും ഗാന്ധിജിയില്‍ നിന്നും നെഹ്രുവില്‍ നിന്നും അദ്ദേഹം കുറെ അകന്നുനിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം ഒരിക്കലും കേന്ദ്രസ്ഥാനത്തു പ്രവേശിച്ചില്ല. 1947-ല്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെ ത്രിമൂര്‍ത്തികളായി ഗാന്ധിയെയും ടാഗോറിനെയും നെഹ്രുവിനെയും ഞാന്‍ വിഭാവനം ചെയ്തു.

ട്രേഡ് യൂണിയന്‍ സെക്രട്ടറി

ഇന്ത്യന്‍ പോസ്റ്റ് ആന്‍റ് ടെലിഗ്രാഫ് യൂണിയന്‍റെ തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനങ്ങളിലെ അസോഷ്യേറ്റ് സെക്രട്ടറിയായി താമസിയാതെ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആ നിലയ്ക്കു ഈ രണ്ടു സംസ്ഥാനങ്ങളിലും ബ്രിട്ടീഷുകാര്‍ക്കെതിരായി ഒന്നാമത്തെ ദേശവ്യാപകമായ പോസ്റ്റ്- ടെലിഗ്രാഫ് തൊഴിലാളികളുടെ പണിമുടക്കു സംഘടിപ്പിക്കുന്ന ചുമതല എന്‍റെ തോളില്‍പതിച്ചു. ന്യായയുക്തമായ ഞങ്ങളുടെ പല ഡിമാന്‍റുകളും കൊളോണിയല്‍ ഭരണകൂടം അനുവദിച്ചു. അവസാനനിമിഷം പൊതുജനങ്ങളുടെ അസൗകര്യം ഒഴിവാക്കാന്‍ പണിമുടക്ക് പിന്‍വലിക്കുകയുണ്ടായി.

1947-ല്‍ ഞാന്‍ പോസ്റ്റ്ഓഫീസിലെ എന്‍റെ  ജോലി രാജിവച്ച് എത്യോപ്യയിലേക്കു പുറപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ജേണല്‍ എന്‍റെ ചിത്രവും ഒരു അഭിനന്ദനക്കുറിപ്പും പ്രസിദ്ധീകരിക്കുകയുണ്ടായി.

(1934 ജനുവരി 10-22 തീയതികളില്‍ കേരളം സന്ദര്‍ശിച്ച മഹാത്മാഗാന്ധിയെ തൃപ്പൂണിത്തുറയിലെ സമ്മേളനത്തില്‍ വച്ചു കണ്ടതിന്‍റെ ഓര്‍മ്മകള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് ആത്മകഥയായ "സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം: ഒരു മഹാ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതിയതില്‍ നിന്നും)

Monday 10 April 2023

സഭയും സമാധാനവും: സമാധാനത്തെപ്പറ്റി ചില ചിന്തകള്‍ | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ തിരുമേനി അന്തരിച്ചു. വിശാലഹൃദയനായ ഒരു തിരുമേനി പാത്രിയര്‍ക്കീസ് ഭാഗത്തെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, സഭാ സമാധാനത്തെപ്പറ്റിയുള്ള പുതിയ പ്രത്യാശകള്‍ ചില യുവഹൃദയങ്ങളിലെങ്കിലും അങ്കുരിക്കുന്നെങ്കില്‍ അതു തികച്ചും സ്വാഭാവികമാണല്ലോ.

നാമൊരു പുതിയ സമാധാനോദ്യമത്തിനു തയ്യാറാകേണ്ടുന്ന കാലമാണോ ഇത്? പലരും എനിക്കിങ്ങനെ എഴുതി അയയ്ക്കുന്നുണ്ട്. ഇത്തരുണത്തില്‍ നാം ചിന്തിക്കേണ്ടുന്ന ഒന്നുരണ്ടു കാര്യങ്ങളെ വിനീതമായി, പ്രാര്‍ത്ഥനാപൂര്‍വ്വം ചൂണ്ടിക്കാണിക്കുവാനാഗ്രഹിക്കുന്നു.

സമാധാനമെന്തിന്?

നാം എതെങ്കിലുമൊരു കാര്യത്തിനായി ആഗ്രഹിക്കുമ്പോള്‍, ആ കാര്യത്തിനു സ്വതസ്സിദ്ധമായിട്ടുള്ള ഗുണത്തിനു പുറമെ നമ്മുടെ ആഗ്രഹത്തിന്‍റെ ഉദ്ദേശ്യശുദ്ധി കൂടെ കണക്കാക്കിയാലേ അതു നല്ലതാണൊ ചീത്തയാണൊ എന്നു തീരുമാനിക്കുവാന്‍ സാധിക്കുകയുള്ളു.

സമാധാനത്തിന്‍റെ എതിരാളികളുടെ ഉദ്ദേശ്യശുദ്ധിയെ നാം പലപ്പോഴും ചോദ്യം ചെയ്യാറുണ്ട്. സ്ഥാനമോഹം, വസ്തുക്കള്‍ നഷ്ടപ്പെട്ടുപോകുമെന്നുള്ള ഭയം, ഇങ്ങനെയുള്ള ദുരുദ്ദേശ്യങ്ങളാണ് നാം അവരില്‍ ആരോപിക്കുന്നത്. അതേസമയത്ത് സമാധാനകാംക്ഷികളായ നമ്മുടെ ഉദ്ദേശ്യങ്ങള്‍ കറയറ്റവയാണോ? സാധാരണ പ്രസംഗങ്ങളിലെല്ലാം കേള്‍ക്കുന്ന ഒരു കാര്യമാണ് സമാധാനമുണ്ടായില്ലെങ്കില്‍ നമ്മുടെ ആളുകളെല്ലാം റീത്തില്‍ പോകുമെന്നുള്ളത്. റീത്തില്‍ പോകുന്നതില്‍ നമുക്കുള്ള വിരോധമെന്താണ്? നമ്മുടെ വിഭാഗത്തിന്‍റെ സംഖ്യാബലം നഷ്ടപ്പെട്ടുപോകുമെന്നുള്ള ഭയം. അങ്ങനെ നമുക്കിപ്പോഴുള്ള സ്വാധീനശക്തി നഷ്ടപ്പെട്ടു പോകുമെന്നുള്ള ആശങ്ക. നമ്മുടെ സ്വന്ത മഹത്വത്തിനു ഹാനി ഭവിക്കുമെന്നുള്ള പേടി.

ഇതൊക്കെ പരിശുദ്ധങ്ങളായ കാര്യങ്ങളാണോ? എനിക്കു വളരെ സംശയമുണ്ട്. നമ്മുടെ സംഖ്യാബലത്തേയും സ്വാധീനശക്തിയേയും മഹത്വത്തേയും സംരക്ഷിക്കുന്നതിനുള്ള ഒരുപകരണമായി നാം സഭയെ ഉപയോഗിക്കുന്നപക്ഷം സഭയ്ക്കു ജീവിക്കുവാനുള്ള അര്‍ഹതയില്ലാതായിത്തീരുകയാണ് ചെയ്യുന്നത്. ദൈവത്തെ നമ്മുടെ സ്വന്ത മഹത്വത്തിനു ഉപയോഗിക്കുകയെന്ന മഹാപാപത്തില്‍ നാം വീഴുകയാണു ചെയ്യുന്നത്.

സമാധാനവും അഭിമാനവും

മറ്റു ചിലരുടെ മനസ്സില്‍ കിടക്കുന്ന പ്രധാന ഉദ്ദേശ്യം "നാമെന്തിന് ഈ ശീമക്കാരുടെ അടിമകളായിക്കിടക്കുന്നു? നമ്മുടെ കാര്യം നോക്കാന്‍ നമുക്കറിഞ്ഞുകൂടെ?" എന്നുള്ള ചിന്തയാണ്.

വളരെ ശരിയാണ്. ഭാരതീയ ക്രിസ്ത്യാനികള്‍ക്കു നേതൃത്വം നല്‍കുവാനുള്ള കഴിവ് സിറിയായിലെ സഭയ്ക്കില്ലെന്നു സിറിയായിലും പലസ്തീനിലും കുറെ ആഴ്ചകള്‍ കഴിച്ചുകൂട്ടിയതു കൊണ്ട് എനിക്കു വളരെ ബോദ്ധ്യമായിട്ടുണ്ട്. 

പക്ഷേ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‍റെ മാതൃകയില്‍ സഭാസ്വാതന്ത്ര്യത്തെപ്പറ്റി നാം ചിന്തിക്കുന്നത് അബദ്ധമാണ്. ഇംഗ്ലീഷുകാര്‍ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. നമുക്ക് നമ്മുടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിന് അവര്‍ പ്രതിബന്ധമായിരുന്നു. അതുകൊണ്ടു സ്വാതന്ത്ര്യം ഭാരതത്തിനാവശ്യമായി വന്നു.

സഭാസ്വാതന്ത്ര്യം അതുപോലെ അല്ല. സിറിയായിലെ സഭാംഗങ്ങള്‍ നമ്മുടെ സഹോദരങ്ങളാണ്. അവിടത്തെ പാത്രിയര്‍ക്കീസുബാവായും മെത്രാന്മാരും മലങ്കരയിലെ പ്രതിനിധിയും ഒക്കെ നാമുള്‍പ്പെട്ടു നില്‍ക്കുന്ന സഭയിലെ ആത്മീയ പിതാക്കന്മാരാണ്. അല്ലാതെ നമ്മെ ചൂഷണം ചെയ്യുന്ന ഒരു എതിര്‍ശക്തിയൊന്നുമല്ല. അവരുടെ നിയന്ത്രണത്തില്‍ നിന്നും നാം സ്വാതന്ത്ര്യം കാംക്ഷിക്കുന്നതു നമ്മുടെ അഭിമാനത്തിനു വേണ്ടിയൊന്നുമല്ല. പ്രത്യേകമായും രണ്ടു കാരണങ്ങളെക്കൊണ്ടാണ്.

ഒന്നാമത്, ഭാരത ക്രൈസ്തവസഭയുടെ ഒരു വിപല്‍ഘട്ടത്തില്‍ സിറിയായിലെ സഭ നമ്മെ വളരെ സഹായിച്ചുവെങ്കിലും, ഇന്നു നമ്മുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും മനസ്സിലാക്കി ശരിയായ നേതൃത്വം നല്‍കുവാനുള്ള കഴിവൊ അവകാശമൊ അവര്‍ക്കില്ലെന്നുള്ളതാണ്. ഒരു രാജ്യത്തെ സഭ മറ്റൊരു രാജ്യത്തെ സഭയെ സഹായിക്കണമെന്നല്ലാതെ ഭരിക്കണമെന്നു നമ്മുടെ കര്‍ത്താവ് ഉദ്ദേശിക്കുന്നില്ല. സിറിയായിലെ  സഭ മലങ്കരയെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നതു തെറ്റാണ്. സിറിയായിലെ സഭ ഇവിടെനിന്നും വിട്ടുമാറിയാല്‍ യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസം ഇവിടെ നശിച്ചുപോകുമെന്നുള്ള ഭയത്തിനു കാരണമുണ്ടായിരുന്നിടത്തോളം കാലം, അവര്‍ എത്ര എതിര്‍പ്പു സഹിച്ചും ഇവിടെ നിന്ന് നമ്മെ നയിക്കേണ്ടുന്ന ആവശ്യമുണ്ടായിരുന്നു. ഇന്ന് അവര്‍ ചെയ്യേണ്ടത് വിശ്വാസത്തിന്‍റെ ചുമതല ഇവിടെയുള്ള 14 മെത്രാന്മാരെ ഏല്പിച്ചിട്ട്, ഇവിടെ നിന്നും മാറിത്തരികയാണ്.

രണ്ടാമത്, ഭാരതത്തില്‍ ഇന്നുല്‍ഭൂതമായിട്ടുള്ള പുതിയ പരിതസ്ഥിതിയില്‍, വിദേശത്തുള്ള ഒരു സഭയുടെ ശാഖയായി മാത്രമിരിക്കുന്ന ക്രൈസ്തവസഭയ്ക്ക്, സഭയുടെ പ്രവര്‍ത്തനങ്ങളെ വിജയത്തോടുകൂടെ നിര്‍വ്വഹിക്കുവാന്‍ സാദ്ധ്യമല്ല. സ്വതന്ത്രമായ ഒരു പദ്ധതിയുണ്ടാക്കി, വിശ്വാസത്തില്‍ മാത്രം പരിഷ്ക്കാരങ്ങളൊന്നും വരുത്താതെ ധൈര്യപൂര്‍വ്വം മുമ്പോട്ടുപോകേണ്ട ചുമതലയാണ് നമുക്കുള്ളത്. അതിനു നാം സംഘടിച്ച്, സ്വതന്ത്രമായി, നല്ല നേതൃത്വത്തിന്‍കീഴില്‍ നില്‍ക്കേണ്ടിയിരിക്കുന്നു. സഭാസമാധാനം മൂലം സംഘടനയും സ്വാതന്ത്ര്യവും സംസിദ്ധമാകും. പക്ഷേ, നല്ല നേതൃത്വം കൂടി ഇല്ലെങ്കില്‍ ഈ സമാധാനം കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാകയില്ല. 

സമാധാനം സംരക്ഷിക്കണം

ദൈവകാരുണ്യത്താല്‍ സമാധാനം സംസിദ്ധമായാല്‍ത്തന്നെ അതിനെ സംരക്ഷിക്കുവാന്‍ നമുക്കു കഴിയുമെന്നെന്താണുറപ്പ്? സഭയില്‍ അസമാധാനവും കക്ഷിവഴക്കുമൊക്കെ വരുത്തിവച്ച കാരണങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ നിന്ന് നീങ്ങിപ്പോയിട്ടില്ല.

വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമുദായത്തിന്‍റെയും മഹത്വത്തിന്‍റെ ഉപാധിയായി സഭയെ പരിഗണിക്കുന്ന തെറ്റായ ചിന്താഗതി, നമ്മുടെ ഇടയില്‍ ഇപ്പോഴും ധാരാളമുണ്ട്. സഭാമേലദ്ധ്യക്ഷന്മാര്‍ പോലും സമുദായവും സഭയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനുള്ള അശക്തി കാണിക്കുന്ന പ്രസംഗങ്ങള്‍ ധാരാളമായി പറയുന്നതു പലപ്പോഴും കേട്ടിട്ടുണ്ട്. നേതൃത്വത്തിനുള്ള മത്സരങ്ങളും അവരുടെ ഇടയില്‍ ധാരാളം കണ്ടിട്ടുണ്ട്. ഇതൊക്കെയിരിക്കുമ്പോള്‍ സമാധാനം കരഗതമായാലും പുതിയ വഴക്കുകളുണ്ടാകയില്ലേ?

സമാധാനം സംരക്ഷിക്കുവാനും ഉപയോഗിക്കുവാനുമുള്ള കഴിവു നമുക്കില്ലെങ്കില്‍ ദൈവം നമുക്കു സമാധാനം നല്‍കുമോ?

സഭയും സമുദായവും

'മലങ്കരസഭ'യും 'സുറിയാനി സമുദായ'വും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നുള്ള അബദ്ധധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. 'സമുദായ'ത്തിന്‍റെ വര്‍ദ്ധനയ്ക്കും പ്രതാപത്തിനും വേണ്ടിയാണ് നാം പള്ളി പണിയുന്നതും കാതോലിക്കാദിനപ്പിരിവു പിരിക്കുന്നതും, സ്ക്കൂളും കോളജും കെട്ടിയുണ്ടാക്കുന്നതുമൊക്കെ. 

എന്നാല്‍ സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം വളരെ സാരമായിട്ടുള്ളതാണ്. ഈ വ്യത്യാസം മനസ്സിലാക്കിയെങ്കിലേ നമ്മുടെ സഭാസമാധാനത്തിനുവേണ്ടി ദൈവാനുകൂല്യത്തോടുകൂടെ പ്രവര്‍ത്തിക്കുവാന്‍ നമുക്കു സാധിക്കൂ.

സമുദായമെന്നു പറയുന്നത്, താല്‍പ്പര്യങ്ങളില്‍ ആനുരൂപ്യമുള്ള കുറെ ആളുകള്‍, മറ്റുള്ളവര്‍ക്കെതിരായി തങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും പിടിച്ചു പറ്റുന്നതിനായി, വ്യക്തികള്‍ ഒറ്റതിരിഞ്ഞു നില്‍ക്കുന്നത് ബലഹീനതയാണെന്നുള്ള ബോദ്ധ്യത്തോടു കൂടിയുണ്ടാക്കുന്ന സംഘടനയാണ്. സഭയാകട്ടെ, യഹൂദനില്‍നിന്നും, പുറജാതിക്കാരില്‍ നിന്നും, ഒരുപോലെ വിളിക്കപ്പെട്ട്, സ്വന്തം താല്‍പ്പര്യങ്ങളെയും ആഗ്രഹങ്ങളെയും അവകാശങ്ങളെയും ബലികഴിച്ച്, പുറജാതിക്കാരനെയും, യഹൂദനെയും സുറിയാനിക്കാരനെയും, ഇന്ത്യാക്കാരനെയും, നായരെയും, നസ്രാണിയെയും ഒരുപോലെ സ്നേഹിച്ച്, അവരെ കര്‍ത്തൃസ്നേഹത്തിലേക്കു വഴി നടത്തുവാനും, കര്‍ത്തൃവിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാനും; ബലഹീനനെ ശക്തിപ്പെടുത്താനും, നഗ്നനെ ഉടുപ്പിക്കാനും വേണ്ടി ദൈവംതമ്പുരാനാല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മഹാസ്ഥാപനമാണ്.

സമുദായം അതിന്‍റെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്തില്ലെങ്കില്‍ അതു നശിച്ചുപോകുമെന്നുള്ള ഭയത്തിലാണ് ജീവിക്കുന്നത്. കോടതിയില്‍ പോകുന്നതും വടിയും വാക്കത്തിയുമെടുത്ത് പടവെട്ടുന്നതുമൊക്കെ ഈ ഭയം കൊണ്ടാണ്. 

സഭയ്ക്കാകട്ടെ, അങ്ങനെയുള്ള ഭയങ്ങളൊന്നുമില്ല. യഥാര്‍ത്ഥമായ വിശ്വാസവും ആരാധനയും സേവനസന്നദ്ധതയുമുള്ള സഭയ്ക്കു ലോകത്തിലുള്ള യാതൊരു ശക്തിയേയും ഭയമില്ല. ആരുമായും സമരം ചെയ്യേണ്ടുന്ന ആവശ്യമതിനില്ല. അതു സ്വന്ത മഹത്വത്തെ കാംക്ഷിക്കുന്നില്ല. സുവിശേഷപ്രഖ്യാപനത്തിലും ആരാധനയിലും സേവനത്തിലും കൂടെ ദൈവത്തിന്‍റെ മഹത്വത്തെ പ്രത്യക്ഷപ്പെടുത്തുകയാണ് അതിന്‍റെ കര്‍ത്തവ്യം.

************

ഇന്ന് നമ്മുടെ സഭയില്‍ സമാധാനത്തേക്കാള്‍ അത്യാവശ്യമായിട്ടുള്ളത് താഴെപറയുന്ന മൂന്നു കാര്യങ്ങളാണ്.

1) യഥാര്‍ത്ഥമായ ആരാധന

സഭയൊന്നാകെ കര്‍ത്തൃദിവസത്തില്‍ ഒരുമിച്ചുകൂടി പരിശുദ്ധ കുര്‍ബ്ബാനയില്‍ കൂടെ ദൈവത്തിനു ബലിയായി തങ്ങളെത്തന്നെ അര്‍പ്പിക്കുകയും കര്‍ത്താവായ യേശുമിശിഹാ തന്‍റെ ജീവനെ (തിരുശരീര രക്തങ്ങളെ) നമുക്കു നല്‍കുന്നതിനെ നാം സ്വീകരിച്ച് തനിക്കുവേണ്ടി നാം വേല ചെയ്യുകയും ജീവിക്കുകയും ചെയ്യുക എന്നതാണ് സത്യാരാധന (റോമാലേഖനം 12:1-2). അതോടുകൂടെത്തന്നെ കുടുംബപ്രാര്‍ത്ഥനയും വ്യക്തികളുടെ ആരാധനാജീവിതവും വളര്‍ന്നുവരണം.

2) യഥാര്‍ത്ഥ സേവനം

സേവനോന്മുഖങ്ങളായ സ്ഥാപനങ്ങള്‍ ഓരോ ഇടവകയിലും സഭയിലാകെയുമുണ്ടായി, പ്രയാസത്തിലിരിക്കുന്നവരെ സഹായിക്കുക എന്ന ക്രിസ്തീയ കൃത്യനിര്‍വ്വഹണത്തില്‍ നാം ജാഗരൂകരാകുക. കുരിശിന്‍തൊട്ടി പണിയുന്നതിനേക്കാള്‍ ഒരു ചെറിയ ആശുപത്രി പണിയുന്നതാണ് ക്രിസ്തീയ കര്‍ത്തവ്യം.

3) സുവിശേഷ പ്രഖ്യാപനം

യഥാര്‍ത്ഥ ആരാധനയും യഥാര്‍ത്ഥ സേവനോന്മുഖതയും ഉള്ള ഒരു ഇടവകയ്ക്ക് ക്രിസ്തുവിനെപ്പറ്റി പ്രഖ്യാപിക്കുവാന്‍ പ്രയാസം തോന്നുകയില്ല. തന്‍റെ അത്ഭുതാവഹമായ സ്നേഹത്തെ നമ്മുടെ ഇടവകയില്‍ത്തന്നെയുള്ള ആളുകളോടു പറയുവാന്‍ നമുക്കു സാധിക്കണമെങ്കില്‍, ആ സ്നേഹത്തെ നാം ആരാധിക്കുകയും പ്രവൃത്തിയില്‍കൂടെ വ്യക്തമാക്കുകയും ചെയ്യണം.

ഓരോ ഇടവകയിലും ഈ മൂന്നു പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം കൊടുക്കാമെങ്കില്‍ സമാധാനം താനെ കരഗതമായിക്കൊള്ളും. ക്രിസ്തുവിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുവാന്‍ വിമുഖതയുള്ളിടത്താണ് അസമാധാനം  കളിയാടുന്നത്. തന്‍റെ ഹിതം പ്രവര്‍ത്തിക്കുന്ന സഭ തന്‍റെ ശരീരമായിത്തീരുന്നു. അസമാധാനപ്പിശാചിന് അവിടെ സ്ഥാനമൊന്നുമില്ലല്ലോ.

(ചര്‍ച്ച് വീക്ക്ലി, ആഗസ്റ്റ് 25, 1957)

മൈലപ്ര മാത്യൂസ് റമ്പാന്‍ | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 

മുനിവര്യനായ മൈലപ്ര മാത്യൂസ് റമ്പാന്‍ കാലയവനികയ്ക്ക് പിറകില്‍ പോയിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. നാല്‍പത്തിയെട്ട് വര്‍ഷം മുഴുവന്‍ ഒരു റമ്പാനായി ജീവിച്ച്, സാധാരണ റമ്പാന്മാരില്‍ പലപ്പോഴും കാണുന്ന സ്ഥാനമോഹങ്ങളൊന്നുമില്ലാതെ ഏകാന്തതയിലും മൗനവ്രതത്തിലും കാലം കഴിച്ച്, ദൈവസ്നേഹത്തിന്‍റെ അഗാധമായ അനുഭവം മൂലം അജ്ഞാത പരിശുദ്ധനായി ഉയര്‍ന്ന റമ്പാച്ചനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഈ മഹല്‍ജീവിതത്തിന്‍റെ ഒരു മുകുരമായി അയ്യായിരത്തിലധികം പേജുകളുള്ള സ്വന്ത കൈപ്പടയിലുള്ള ലിഖിതങ്ങളെ നമുക്ക് കാണാം.

ക്രൈസ്തവ സഭയിലെ കിഴക്കന്‍ പാരമ്പര്യത്തില്‍ മൂന്ന് വിവിധ രീതിയിലുള്ള സന്യാസ സമ്പ്രദായങ്ങള്‍ ഉടലെടുത്തു. ഒന്നാമത്, പരിശുദ്ധനായ അന്തോനിയോസിന്‍റെ നാമവുമായി ബന്ധിക്കപ്പെടുന്ന ഏകാന്ത സന്യാസം. ഇതിനോട് വളരെ അടുത്തതാണ് മൈലപ്ര റമ്പാച്ചന്‍റെ സന്യാസ ജീവിതം. ഏകാന്തത, മൗനം, ധ്യാനം, ഉപവാസം എന്നിവയ്ക്കാണ് ഈ സമ്പ്രദായത്തില്‍ പ്രാധാന്യം.

രണ്ടാമത്തെ പ്രധാന സന്യാസ പാരമ്പര്യം, ഈജിപ്ഷ്യന്‍ മണലാരണ്യത്തില്‍ തന്നെ ഉടലെടുത്ത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാമൂഹ്യ സന്യാസ പ്രസ്ഥാനം തന്നെ. പരിശുദ്ധനായ മാര്‍ പഖോമിയസ് ആണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. ഏകാന്തവാസികളായ അനേക സന്യാസികളെ ഒരുമിച്ചുചേര്‍ത്ത് അവര്‍ക്ക് പൊതുവായ ഒരു നിയമവും ജീവിതരീതിയും ഉളവാക്കി, വേണ്ടുന്നിടത്ത് പള്ളികള്‍ കൂടെ പണിത് അദ്ദേഹം ഒന്‍പതിലധികം സന്യാസമഠങ്ങള്‍ സ്ഥാപിച്ചു. അവയിലൊന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഏകാന്തവാസിയായ സന്യാസിയില്‍ കാണപ്പെടുന്ന പല സ്വാര്‍ത്ഥ പ്രവണതകള്‍ക്കും ഒരു വ്യവസ്ഥിതിയുള്ള സമൂഹവാസം കൊണ്ടു മാത്രമേ അറുതി വരികയുള്ളു എന്നായിരുന്നു, പരിശുദ്ധനായ പഖോമിയോസിന്‍റെ ഉപദേശം. സ്വന്തമായി ഒന്നുമില്ലാതെ, എല്ലാം സമൂഹത്തില്‍ അര്‍പ്പിച്ച്, ദൈവാശ്രയത്തിലും, താഴ്മയിലും അനുസരണത്തിലുമുള്ള ഒരു ജീവിതരീതിയായിരുന്നു പരിശുദ്ധ പഖോമിയോസിന്‍റെ സന്യാസ പ്രസ്ഥാനം. സന്യാസിക്ക് അവന്‍റേതായ സ്വാതന്ത്ര്യം ഉണ്ട്. രഹസ്യ പ്രാര്‍ത്ഥനാ സമ്പ്രദായത്തിലും, ഭക്ഷണക്രമത്തിലും, വസ്ത്രധാരണാരീതിയിലും, ഐകരൂപ്യം സ്ഥാപിക്കുവാന്‍ പരിശുദ്ധ പഖോമിയോസ് ശ്രമിച്ചതേയില്ല. ഈ പ്രസ്ഥാനം ഈജിപ്റ്റില്‍ ഉടലെടുത്ത് അധികം താമസിയാതെ എത്യോപ്യയിലും ന്യൂബിയയിലും (സുഡാന്‍) സിറിയയിലും, പലസ്തീനിലും വ്യാപിച്ചു. നാലും അഞ്ചും ശതാബ്ദങ്ങളിലെ ക്രൈസ്തവ സഭയുടെ അദ്ധ്യാത്മികത അധികവും ഉടലെടുത്തത് ഈ പ്രസ്ഥാനത്തില്‍ നിന്നാണ്.

മൂന്നാമത്തെ സവിശേഷ സന്യാസ സമ്പ്രദായം പരിശുദ്ധനായ മാര്‍ ബസേലിയോസ് ഇന്നത്തെ ഏഷ്യാമൈനറില്‍ സ്ഥാപിച്ച സമ്പ്രദായമാണ്. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും, സാമൂഹ്യ ശിക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയ ഈ സന്യാസ സമ്പ്രദായത്തിന്‍റെ ഒരു പ്രത്യേകത, എല്ലാ സന്യാസിമാരും സ്വന്ത കൈകളുടെ അദ്ധ്വാനഫലം കൊണ്ട് ചുറ്റുമുള്ള പാവപ്പെട്ടവരെ പോഷിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യണമെന്നുള്ളതായിരുന്നു. ചുറ്റുമുള്ള സമൂഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുവാന്‍ പരിശുദ്ധ ബസേലിയോസും സഹസന്യാസിമാരും ഉറ്റു ശ്രമിച്ചു. ഉദാഹരണമായി, ഒരു നാട്ടില്‍ ഭക്ഷണക്ഷാമം വരുമ്പോള്‍ അവിടെയുള്ള ലാഭമോഹികളായ വ്യാപാരികള്‍ ധാന്യം പൂഴ്ത്തിവച്ച് അതിന് വില കൂട്ടുക എന്നുള്ളത് അന്നും സാധാരണമായിരുന്നു. അങ്ങനെ വരുമ്പോള്‍, പരിശുദ്ധ ബസേലിയോസ് തന്നെ ഈ വ്യാപാരികളെ അഭിമുഖീകരിച്ച്, പൂഴ്ത്തി വച്ചിരിക്കുന്ന ധാന്യം പുറത്തെടുപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുവാന്‍ തന്‍റെ വലിയ സ്നേഹവും വാചാലതയും അദ്ദേഹം ഉപയോഗിച്ചു. സന്യാസിമാര്‍ ആറ്റില്‍ മീന്‍ പിടിക്കുവാന്‍ പോയി കിട്ടുന്ന മീന്‍ സ്വയം ഉപയോഗിക്കാതെ, പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ കൊണ്ടുപോയി കൊടുക്കുക എന്നുള്ളത് ബസേലിയന്‍ സന്യാസിമാരുടെയും പ. ബസേലിയോസിന്‍റെ തന്നെയും ഒരു പതിവായിരുന്നു.

പില്‍ക്കാലത്തുണ്ടായ സന്യാസ പ്രസ്ഥാന വ്യതിയാനങ്ങള്‍ ഈ മൂന്ന് സമ്പ്രദായങ്ങളുടെ പരസ്പര സങ്കലനമായിരുന്നു. സിറിയന്‍ സന്യാസ പ്രസ്ഥാനത്തില്‍ ഗുഹാവാസത്തിനും, ഏകാന്തതയ്ക്കും, മൗനത്തിനും പ്രത്യേക പ്രാധാന്യം നല്‍കി. എന്നാല്‍ അതോടൊപ്പം തന്നെ, ഈ മൂന്ന് പ്രസ്ഥാനങ്ങളിലും ഇല്ലാതിരുന്ന നാടകീയങ്ങളായ ആത്മനിയന്ത്രണ അടവുകളും രൂപംകൊണ്ടു. കല്ലു കൊണ്ട് തൂണു കെട്ടി, തൂണിന്‍റെ മുകളില്‍ ഇരുന്ന് തപസു ചെയ്തുകൊണ്ടിരുന്ന ശെമവൂന്‍ ദെസ്തുനോയോയെപ്പോലുള്ള സന്യാസിമാര്‍ സിറിയയില്‍ ഉണ്ടായി. ഉറങ്ങുകയോ, ഭക്ഷിക്കുകയോ ചെയ്യാതെ ഒറ്റക്കാലില്‍ നിന്നുകൊണ്ട് തപസു ചെയ്യുന്ന സന്യാസിമാരും സിറിയയിലാണ് കാണപ്പെട്ടത്. ഇരുപത്തിനാലു മണിക്കൂറും രണ്ടോ, മൂന്നോ ഗ്രൂപ്പുകള്‍ മാറിമാറി ഇടരാതെ ദൈവസ്തോത്രം ചെയ്യുന്ന ഈറേന്മാര്‍ അഥവാ ഉണര്‍ന്നിരിക്കുന്നവര്‍ എന്ന് പറയുന്ന സന്യാസപ്രസ്ഥാനവും സിറിയയില്‍ ഉടലെടുത്തു. ഇതൊക്കെയായാലും ആദ്യം പറഞ്ഞ മൂന്ന് പ്രസ്ഥാനങ്ങള്‍, അതായത് അന്തോനിയോസ്, പഖോമിയോസ്, ബസേലിയോസ് എന്നിവര്‍ സ്ഥാപിച്ച മൂന്ന് പ്രസ്ഥാനങ്ങള്‍ ആണ് പൗരസ്ത്യ സന്യാസ പാരമ്പര്യത്തിന്‍റെ അടിസ്ഥാനം. ഇവയില്‍ ഒന്നും രണ്ടും രീതികളുടെ ഒരു സങ്കലനമായിരുന്നു മൈലപ്ര റമ്പാച്ചന്‍റേത്. താന്‍ തന്നെ സമൂഹശിക്ഷണത്തിന് വിധേയനായി വളരെക്കാലം ജീവിച്ചില്ലെങ്കിലും തന്‍റെ അന്തേവാസികളായ കുറെ സന്യാസികളെ ഒരു സാമൂഹ്യ ശിക്ഷണത്തില്‍ കൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അന്തോനിയോസ് വ്രതക്കാരനായ ഒരു ഏകാന്ത സന്യാസി (യീഹിദോയൊ) ആയിരുന്നു.

യിഹിദോയോയും ദയറോയോയും കിഴക്കന്‍ സന്യാസ പ്രസ്ഥാനത്തിലെ രണ്ട് ശാഖകളായിരുന്നു. 'ദയറോ' എന്ന് പറഞ്ഞാല്‍ ഭവനം എന്നാണര്‍ത്ഥം. സന്യാസാശ്രമങ്ങള്‍ ദൈവഭവനങ്ങളായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതില്‍പ്പെടാത്തവരെ, 'ഓലാം' അഥവാ ലോകം അവരുടെ അധിവാസസ്ഥലമായിരുന്നതുകൊണ്ട് 'ഒല്‍മോയേ' എന്ന് അഭിസംബോധന ചെയ്തു. 'അല്‍മായക്കാരന്‍' എന്നു പറഞ്ഞാല്‍ ലോകവാസി അല്ലെങ്കില്‍ ദയറാവാസി അല്ലാത്തവന്‍ എന്നാണര്‍ത്ഥം. അല്ലാതെ വൈദികനല്ലാത്തവന്‍ എന്നര്‍ത്ഥമില്ല.

എന്നാല്‍ ദയറാവാസികളായവരില്‍ തന്നെ ചില പ്രത്യേക വ്യക്തികള്‍ക്ക് ദയറായുടെ ഒരു മൂലയില്‍ തന്നെയോ, അല്ലെങ്കില്‍ കാട്ടിലോ, ഗുഹയിലോ പോയിരുന്ന് ഏകാന്തതപസ് ചെയ്യുന്നതിനുള്ള അനുവാദം ദയറായില്‍ നിന്നു തന്നെ കൊടുക്കുമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഏകാന്ത തപസ് ചെയ്തിട്ട്, ആ സന്യാസി വീണ്ടും ദയറായിലേക്ക് തിരികെ വരികയും ചെയ്യുക പതിവായിരുന്നു. ഏകാന്തവാസത്തിന്‍റെ പ്രധാന പരിമിതി, സമൂഹ പ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയിലും പതിവായി സംബന്ധിക്കുവാനുള്ള സാധ്യത പലപ്പോഴും ഇല്ലായിരുന്നു എന്നുള്ളതാണ്.

നമ്മുടെ മൈലപ്ര റമ്പാച്ചന്‍ ഏകാന്തവാസിയും, മുനിയും ആയിരുന്നുവെങ്കിലും അതോടുകൂടെ തന്നെ സമൂഹ പ്രാര്‍ത്ഥനയ്ക്കും പരിശുദ്ധ കുര്‍ബാനയ്ക്കും അദ്ദേഹം ഉയര്‍ന്ന സ്ഥാനം കല്‍പിച്ചു.

മാത്രമല്ല, ഒരു നല്ല സന്യാസിയുടെ പ്രത്യേകതകളില്‍ പ്രധാനമായിട്ടുള്ളത്, അളവില്ലാത്ത താഴ്മയും, കളങ്കമില്ലാത്ത ശിശുതുല്യമായ ശുദ്ധതയുമാണ്. ഇത് രണ്ടിലും റമ്പാച്ചന്‍ ആരുടെയും പിറകിലായിരുന്നില്ല. മറ്റൊരു ഗുരുവിന്‍റെ ശിക്ഷണത്തിന് കീഴ്പെട്ട് താഴ്മയും മറ്റും അഭ്യസിക്കുവാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ലെങ്കിലും താഴ്മയും ശുദ്ധതയും അദ്ദേഹം സ്വയം അഭ്യസിച്ചു. നിഷ്കളങ്കമായ ഒരു മനസ്സാണ് റമ്പാച്ചനുണ്ടായിരുന്നതെന്ന് എന്‍റെ അറിവില്‍ നിന്ന് എനിക്ക് പറയുവാന്‍ കഴിയും. എനിക്ക്  അദ്ദേഹത്തോടുണ്ടായിരുന്ന വലിയ ബഹുമാനത്തിന്‍റെ അടിസ്ഥാനം, ഈ ശുദ്ധതയും, താഴ്മയും അദ്ദേഹത്തിന്‍റെ ഇടതോരാത്ത പ്രാര്‍ത്ഥനാശീലവുമായിരുന്നു. അങ്ങനെയുള്ള സന്യാസിമാര്‍ നമ്മുടെ സഭയില്‍ ഇന്നും അധികമില്ല. പ. പരുമല തിരുമേനിയെപ്പോലെ പണ്ഡിതനൊന്നുമായിരുന്നില്ല മൈലപ്ര റമ്പാച്ചന്‍. പക്ഷേ, പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പരുമലത്തിരുമേനിയെപ്പോലെ തന്നെ അത്യുല്‍സുകനും, നിഷ്ഠയുള്ളവനുമായിരുന്നു റമ്പാച്ചന്‍.

എനിക്ക് വ്യക്തിപരമായി പലപ്പോഴും പ്രചോദനം പകര്‍ന്നു തന്നിട്ടുള്ള റമ്പാച്ചനെ ഈ അഞ്ചാം വാര്‍ഷികത്തില്‍ ഞാന്‍ പ്രത്യേകം സ്നേഹബഹുമാനപുരസ്സരം അനുസ്മരിക്കുന്നു. എന്‍റെ ഏറ്റവും താഴ്മയോടു കൂടിയുള്ള ഉപഹാരബലിയെ ആ തൃപ്പാദങ്ങളില്‍ ഞാന്‍ അര്‍പ്പിക്കുന്നു. എനിക്കു വേണ്ടിയും, എന്‍റെ സഭയ്ക്കുവേണ്ടിയും, എന്‍റെ ലോകത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമേ എന്ന് ആ പുണ്യ പുരുഷനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

(ഓര്‍ത്തഡോക്സ് യൂത്ത്, 1996 സെപ്റ്റംബര്‍)

Sunday 9 April 2023

ഭാരതീയതയുടെ സാരസത്ത മുഴുവന്‍ ഉള്‍ക്കൊണ്ട ഞങ്ങളുടെ സ്നേഹിതന്‍


"സാങ്ങ്ചറി എന്ന സുന്ദരപദം സാങ്ങ്റ്റസ് എന്ന ലത്തീന്‍ പദത്തില്‍ നിന്നു വരുന്നതാണ്. ആരും ഉപദ്രവിക്കാതെ നിങ്ങള്‍ക്ക് അഭയം തേടാവുന്ന പുണ്യസ്ഥാനം എന്നാണര്‍ത്ഥം. ... ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ പീഡനത്തില്‍നിന്നു പലായനം ചെയ്ത മനുഷ്യര്‍ ഇന്ത്യയില്‍ എക്കാലത്തും അഭയം പ്രാപിച്ചിട്ടുണ്ട്. അവര്‍ക്കിവിടം "സാങ്ങ്ചറി"യായി. ...അപ്പോസ്തലനായ തോമസ് ഇവിടെ വന്നപ്പോള്‍ ചില എതിര്‍പ്പുകള്‍ ഇവിടെ ഉണ്ടായെങ്കിലും പൊതുവെ ആളുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. .... യഹൂദന്മാരോ പാഴ്സികളോ ക്രിസ്ത്യാനികളോ ആരുമാകട്ടെ, വിഷമസന്ധിയിലകപ്പെട്ടു ഇവിടെയെത്തിയ ആളുകളെ ഇന്ത്യ എക്കാലവും സ്വീകരിച്ചിട്ടേയുള്ളൂ. ... അപരിചിതനെ സ്വീകരിക്കുക മാത്രമല്ല, ഉപദ്രവം കൂടാതെ സ്വകീയമായ രീതിയില്‍ ജീവിക്കുവാന്‍ അപരിചിതനു സ്വാതന്ത്ര്യം അനുവദിക്കുക കൂടി ചെയ്തു ഭാരതീയര്‍ - ഇതാണു നമ്മുടെ പൈതൃകം. .... സാങ്ങ്ച്വറി എന്ന ആശയത്തിന്‍റെ പൊരുള്‍ ഇതാണെന്ന് എനിക്കു തോന്നുന്നു." 

ഈ വാക്കുകള്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റേതാണ്. ദൂരദര്‍ശനിലെ 'ഇന്ത്യാ എലൈവ്' എന്ന പരമ്പരയില്‍ അര മണിക്കൂര്‍ എപ്പിസോഡ് ആയ 'സാങ്ങ്ച്വറി'യിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതു മിനിറ്റു നീണ്ട ആ ടെലിവിഷന്‍ പരിപാടിയുടെ രത്നചുരുക്കമാണ് ഈ വാക്കുകള്‍. പച്ചപ്പുല്ലിന്‍റെ ശാലീനശീതളിമയുടെ പശ്ചാത്തലത്തില്‍ ദയാമസൃണവും ധൈഷണികവുമായ ആ മുഖം എനിക്കു പലപ്പോഴും കാണാം; സാങ്ങ്ച്വറി എന്ന പദവുമായി ഏറ്റുമുട്ടുമ്പോഴൊക്കെ അദ്ദേഹത്തിന്‍റെ ശബ്ദം എനിക്കു കേള്‍ക്കാം.

കുങ്കുമ നിറത്തിലുള്ള ലളിതമായ കുപ്പായം ധരിച്ച്, വെള്ളിയില്‍ വിളക്കിയ സുന്ദരമായ പുഷ്യരാഗക്കുരിശണിഞ്ഞു, വെളുത്ത താടിയും വിചിത്രത്തയ്യലോടു കൂടിയ തൊപ്പിയുമായി പ്രത്യക്ഷപ്പെടുന്ന മെത്രാപ്പോലീത്താ ഭാരതീയതയുടെ സാരസത്ത മുഴുവന്‍ - സത്യം, ശിവം (നന്മ), സുന്ദരം - തന്നില്‍ ഉള്‍ക്കൊള്ളുന്നു. അദ്ദേഹം തന്‍റെ പദങ്ങളും ചിന്തകളും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തുപയോഗിക്കുന്നു. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം തന്നെ പ്രശാന്തത ഉതിര്‍ക്കുന്നതാണ്. അദ്ദേഹത്തിന്‍റെ ഓരോ നടപടിയും ലളിതമാണ്; സ്വയം ചെയ്യുന്നതാണ്. അധികാര സൂചകമായ പെരുമാറ്റങ്ങളൊന്നും കാണാനില്ല (വേണമെങ്കില്‍ അദ്ദേഹത്തിന് അതൊക്കെ കഴിയുമെന്നതില്‍ എനിക്കു സംശയമില്ല). ആത്മസ്തുതിയോ അഹംഭാവമോ ലേശംപോലും ഏശാത്ത അദ്ദേഹം മറ്റുള്ളവരെ പ്രശംസിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു. ക്രിസ്തീയ ഗുണമായ വിനയം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ പ്രകൃതിസിദ്ധമായ ഒരസാധാരണ മനുഷ്യസ്വഭാവമായി മാറുന്നു.

ആദ്യമായി ഞങ്ങള്‍ തമ്മില്‍ കാണുന്നത് കോട്ടയത്ത് വച്ചാണ്. 1983-ല്‍ 'രാമായണം' പ്രദര്‍ശിപ്പിക്കുന്നതിനായി ഞങ്ങള്‍ പതിനൊന്നു നഗരങ്ങളില്‍ ചുറ്റിക്കറങ്ങി. കേരളത്തിലെ നാലു നഗരങ്ങളില്‍ ഒന്ന് കോട്ടയമായിരുന്നു.

ഞങ്ങള്‍ കോട്ടയത്തെത്തിയപ്പോള്‍ സാമൂഹ്യ വിപ്ലവകാരിയെന്ന നിലയില്‍ പ്രഖ്യാതയായ മേരി റോയ് ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. തന്‍റെ സ്കൂളിലെ കുട്ടികളെ പ്രദര്‍ശനം കാണിക്കുന്നതിനായി മേരി റോയ് കുറെ ടിക്കറ്റുകള്‍ ഒന്നിച്ചു ബുക്കു ചെയ്തതില്‍ പട്ടണവാസികളായ ചിലര്‍ അസന്തുഷ്ടി പ്രദര്‍ശിപ്പിച്ചുവെന്ന്. 'രാമായണം' പ്രകടമായി ഒരു 'അവിശ്വാസ' കൃതിയാകയാല്‍ ആത്മാഭിമാനമുള്ള ക്രിസ്ത്യാനികള്‍ ആ പ്രദര്‍ശനം വര്‍ജിക്കേണ്ടതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു പോലും.

അന്നുച്ച കഴിഞ്ഞ് മലയാള മനോരമ ചീഫ് എഡിറ്ററോടൊന്നിച്ചു ചായ കുടിക്കുമ്പോള്‍, കോട്ടയത്തു ഞങ്ങളുടെ നാടകം ബോയിക്കോട്ടു ചെയ്യാനുള്ള സാധ്യതയെപ്പറ്റി ഞങ്ങള്‍ സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു: "ഒട്ടും വിഷമിക്കേണ്ട. എന്‍റെ സുഹൃത്തായ ഒരു ബിഷപ്പിനോടു ഞാന്‍ സംസാരിക്കാം. നാളത്തെ പ്രദര്‍ശനത്തിന് അദ്ദേഹത്തിനൊരു ക്ഷണക്കത്തു കൊടുത്തയച്ചാല്‍ മാത്രം മതി."

ഞങ്ങള്‍ അപ്രകാരം ചെയ്തു. പ്രദര്‍ശനം കാണാന്‍ സമ്മതിച്ചുകൊണ്ടും, അതേസമയം ടിക്കറ്റ് സ്വന്തമായി കാശു തന്നു വാങ്ങണമെന്നു നിര്‍ബന്ധം ചെലുത്തിക്കൊണ്ടുമുള്ള കത്താണു ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസില്‍ നിന്നു പിറ്റേന്നു രാവിലെ ഞങ്ങള്‍ക്കു കിട്ടിയത്. വൈകുന്നേരത്തെ രാമായണ പ്രദര്‍ശനത്തിന് ബിഷപ്പും സന്നിഹിതനാകുമെന്നൊരു ചെറിയ വാര്‍ത്തയും അന്നിറങ്ങിയ 'മനോരമ'യില്‍ ഉണ്ടായിരുന്നുവെന്നും ഞങ്ങള്‍ അറിഞ്ഞു.

ആറു മണിയായപ്പോഴേക്കും പ്രദര്‍ശനരംഗമായ കോട്ടയം ടൗണ്‍ഹാള്‍ നിറഞ്ഞു. കൂടുതല്‍ കസേരകള്‍ ഇടമുള്ളിടത്തൊക്കെ കുത്തിനിറയ്ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. ധൈഷണികമായ സഹിഷ്ണുതയുടെയും ഐക്യത്തിന്‍റെയും മാതൃക കാണിക്കുന്നതിനാണു താന്‍ നാടകം കാണാമെന്ന് ആദ്യമേ സമ്മതിച്ചതെങ്കിലും, നാടകത്തിന്‍റെ സൗന്ദര്യത്തില്‍ അങ്ങേയറ്റം ആകൃഷ്ടനായാണ് താന്‍ ആദിയോടന്തം അതു ദര്‍ശിച്ചതെന്ന് മെത്രാപ്പോലീത്താ നാടകം അവസാനിച്ചപ്പോള്‍ പറഞ്ഞു - അതെ, സൗന്ദര്യം. മറ്റെല്ലാ പരിഗണനകളെയും കീഴടക്കിയ സൗന്ദര്യം.   

സൗന്ദര്യം, സാങ്ങ്ച്വറി പോലെ തന്നെ അക്ഷരാ തീയേറ്ററിലുള്ള ഞങ്ങളെ മെത്രാപ്പോലീത്തായുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പദമായി. പിന്നീട് പലപ്പോഴും മെത്രാപ്പോലീത്തായും ഞാനും കണ്ടുമുട്ടാറുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ 'ഇന്ത്യ എലൈവ്' എന്ന പരിപാടിയില്‍ (നാഷണല്‍ നെറ്റ്വര്‍ക്ക് ടെലിവിഷന്‍ സീരിയല്‍) സാങ്ങ്ച്വറി എന്നതിന്‍റെ അര്‍ത്ഥം വ്യക്തമാക്കാന്‍ ഞങ്ങള്‍ മെത്രാപ്പോലീത്തായുമായി അഭിമുഖ സംഭാഷണം നടത്തി.

1991-ല്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ കുറെപ്പേര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കാന്‍ ആഗ്രഹിച്ചു. ഇലക്ട്രോണിക് മാധ്യമത്തിന് സ്വയംഭരണവും കലകള്‍ക്കു സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ഉദ്ദേശ്യം. പ്രശസ്ത വിമര്‍ശകനായ രാഘവമേനോന്‍, പത്രപ്രവര്‍ത്തകന്‍ അജിത് ഗോപാല്‍, സംഗീതജ്ഞനായ ദേവവ്രത ചൗധുരി തുടങ്ങിയവര്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. 'കലകളും ഇലക്ട്രോണിക് മാധ്യമവും സംബന്ധിച്ച അക്ഷര തീയേറ്റര്‍ ആക്ഷന്‍ ഗ്രൂപ്പ്' എന്നു ഗ്രൂപ്പിനു പേരിട്ടു.

ഞങ്ങള്‍ ഡോ. ഗ്രീഗോറിയോസിനെ കണ്ടു ഞങ്ങളുടെ ഉദ്ദേശ്യം വിശദമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ സെന്‍സര്‍ഷിപ്പ് പോലുള്ള മര്‍ദ്ദക രാഷ്ട്രനിയമങ്ങള്‍ മനസ്സിനു കൂച്ചുവിലങ്ങിടാതെ സ്വച്ഛന്ദം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്താനും, സര്‍ഗാത്മകമനസ്സിന്‍റെ സ്വാതന്ത്ര്യവും ആര്‍ജവത്വവും അംഗീകരിക്കാനും ദേശീയ രാഷ്ട്രീയ കക്ഷികളെക്കൊണ്ടു സമ്മതിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നു ഞങ്ങള്‍ വിശദീകരിച്ചു.

ഡോ. ഗ്രീഗോറിയോസ് ഞങ്ങളുടെ യോഗങ്ങളില്‍ പങ്കെടുത്തു - വിജ്ഞാനം പകരാന്‍ മാത്രമല്ല, അത്യുത്സാഹത്തോടുകൂടിത്തന്നെ. ഒരിക്കല്‍ ഞങ്ങള്‍ നന്ദി പ്രകാശിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "സൗന്ദര്യത്തിന്‍റെ സ്രഷ്ടാക്കള്‍ ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതെന്നെ സ്പര്‍ശിച്ചു. ഞാന്‍ അനുഗ്രഹീതനായ പോലെ." അദ്ദേഹം സോദ്ദേശ്യം പറഞ്ഞതാണത്. യഥാര്‍ത്ഥത്തില്‍ വിനയാന്വിതനായ ഒരു മനുഷ്യന്‍.

- ഗോപാല്‍ ശര്‍മന്‍, ജലബാല വൈദ്യ

Sunday 2 April 2023

മലങ്കര വറുഗീസിന്‍റെ ചോദ്യങ്ങളും മറുപടിയും | ഡോ പൗലോസ് മാർ ഗ്രീഗോറിയോസ്

 ചോദ്യം:

T M വർഗീസ്, പെരുമ്പാവൂർ
"വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവരുമുണ്ട്....." (വി. മത്തായി 19 :11 -12)
ആരാണ് ഈ വരം ലഭിച്ചവർ? 12 -ആം വാക്യത്തിൻറെ അർത്ഥം എന്താണ്?
ഉത്തരം:
നപുംസകരായി ജനിച്ചവരുണ്ട്. റോമാ സാമ്പ്രാജ്യത്തിൽ അടിമകളെ പലപ്പോഴും നപുംസകരാക്കി സ്ത്രീജനങ്ങളെ പരിചരിക്കാനാക്കാറുണ്ടായിരുന്നു.
ഇതുകൂടാതെ, സ്വർഗ്ഗരാജ്യത്തിൽ ലൈംഗിക ബന്ധം കൂടാതെ ജീവിക്കാനുള്ളവരാണ് നാം എന്നു മനസ്സിലാക്കി ഇവിടെവച്ചുതന്നെ ആത്മസംയമനംമൂലം ലൈംഗിക ബന്ധത്തെ തിരസ്ക്കരിച്ചു ദൈവാരാജ്യത്തിനുവേണ്ടി തങ്ങളെത്തന്നെ മാറ്റിവെച്ചിട്ടുള്ളവരും ഉണ്ട്. അതിനായുള്ള ദൈവ വിളിയുള്ളവർക്കേ ഈ മൂന്നാമത്തെ അവസ്ഥ സാദ്ധ്യമാകയുള്ളു.
അല്ലാത്തവർ മറ്റേതെങ്കിലും കാര്യസാദ്ധ്യത്തിനായി വിവാഹം കഴിക്കാതെ നിന്നാൽ പുരോഹിതന്മാരായാലും സന്യാസിമാരായാലും, പലവിധ മാനസിക കുഴപ്പങ്ങളിലും ചെന്നു പെടാനിടയുണ്ട്.