Sunday 22 November 2020

ഒരു അപൂര്‍വ സ്നേഹബന്ധത്തിന്‍റെ കഥ

തനിക്ക് ചെയ്യാവുന്നതിന്‍റെ നൂറിരട്ടി ജോലിയുമായി എന്നും മല്ലടിച്ചിരുന്ന മെത്രാപ്പോലീത്താ, ജര്‍മ്മന്‍ പ്രസിഡണ്ട് വിസേക്കറുടെ കത്തിനു മറുപടി എഴുതുന്നതുപോലെ തന്നെ തലശ്ശേരിയിലെ അന്ധനായ എം. പി. വിജയനും കത്തെഴുതിയിരുന്നു! മെത്രാപ്പോലീത്താ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത എം. പി. വിജയന് പലപ്പോഴും പണവും കത്തും അദ്ദേഹം അയയ്ക്കാറുണ്ടായിരുന്നു. 1988-ല്‍ വിജയന്‍ ആദ്യമായി എഴുതിയ കത്തിന് മെത്രാപ്പോലീത്താ നല്‍കിയ മറുപടി കാണുക:

 13th December 1988

Dear Sri. Vijayan,

Thank you for your Letter which the Soviet Land people forwarded to me.

I want to help you as much as I can. I am sending you a cheque for Rs. 250/- for the immediate medical needs of your family. If you need assistance for the treatment of your blindness. I will need a certificate that it is curable and would need a specific course of treatment, and specifying the cost of treatment. If your daughter needs treatment for Tuberculosis I would need to know what treatment and how much it costs.

I have no funds to assist in the construction of a house, but when you begin construction I shall try to help  you in a small way.

God bless you and heal you.

Your’s in Christ,

Paulos Mar Gregorios

ലോകമെമ്പാടും ഓടിനടന്നിട്ടും നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടും മെത്രാപ്പോലീത്തായുടെ ഹൃദയത്തില്‍നിന്നും വിജയന്‍റെ പേര് ഒരിക്കലും മാഞ്ഞുപോയില്ല. മറ്റു പലതും മറന്നെങ്കിലും, ആ പേര് ഓര്‍മ്മയില്‍ നിന്നും മറഞ്ഞില്ല. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ വിജയന്‍റെ കത്ത് മെത്രാപ്പോലീത്തായെ തേടിയെത്തും. അദ്ദേഹമതിന് മറുപടിയും ചെക്കും അയക്കും. ഇതായിരുന്നു പതിവ്.

27 വര്‍ഷമായി രണ്ട് കണ്ണിന്‍റെയും കാഴ്ച നഷ്ടപ്പെട്ട വിജയന്‍, മെത്രാപ്പോലീത്തായുമായുളള സ്നേഹബന്ധത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: "ഞാന്‍ ഒരു തയ്യല്‍ തൊഴിലാളിയായി ഇരിക്കെയാണ് കണ്ണിന് രോഗം പിടിപെട്ടത്. കേരളത്തിലെ പല വിദഗ്ദ ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. എനിക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. ഭാര്യ ആറുവര്‍ഷമായി വാതരോഗം പിടിപെട്ട് ചികിത്സയിലാണ്.

അഭിവന്ദ്യ തിരുമേനിക്ക് സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് ലഭിച്ച വിവരം മകള്‍ പത്രം വായിക്കുമ്പോള്‍ കേട്ടു. മകളുടെ ചികിത്സയ്ക്കും, പണിതുകൊണ്ടിരുന്ന വീടിന്‍റെ ആവശ്യത്തിനുമായി സാമ്പത്തികസഹായം അനുവദിച്ചുകിട്ടുവാന്‍ ഞാന്‍ ഡല്‍ഹിക്ക് എഴുത്തയച്ചു. അതിന് 1988 ഡിസംബര്‍ 13-ന് തിരുമേനി മറുപടി എഴുതിയയച്ചു. കൂടെ 250 രൂപായുടെ ചെക്കും. അങ്ങനെയാണ് ഞാന്‍ തിരുമേനിയുമായി പരിചയപ്പെട്ടത്. തിരുമേനിയെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. തിരുമേനി ആദ്യം ഒപ്പിട്ടയച്ച എഴുത്ത് ഞാനിന്നും നിധിപോലെ സൂക്ഷിക്കുന്നു.

തിരുമേനി പക്ഷാഘാതം പിടിപെട്ട് വിദേശത്തു കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ രോഗം എത്രയും പെട്ടെന്ന് മാറിക്കിട്ടുവാന്‍ ഞാന്‍ ദിനവും കുരിശ് വരച്ച് പ്രാര്‍ത്ഥിച്ചിരുന്നു. എനിക്കും കുടുംബത്തിനും തിരുമേനി പലതവണ സഹായങ്ങള്‍ അയച്ചുതന്നിട്ടുണ്ട്. 1993-ല്‍ തിരുമേനിക്ക് അസുഖമായിരുന്നപ്പോഴും എനിക്ക് 500 രൂപായുടെ ചെക്കും എഴുത്തും അയച്ചിട്ടുണ്ട്. ഒടുവില്‍ തിരുമേനിയുടെ കൈപ്പടയില്‍ എഴുത്തും സഹായവും (500 രൂപ) ലഭിച്ചത് 1996 ജൂലൈ 22-നായിരുന്നു. ആലംബഹീനര്‍ക്കും ആതുരര്‍ക്കും ആശ്വാസം നല്‍കാന്‍ സര്‍വ്വവിധ സുഖസൗകര്യങ്ങളും ത്യജിച്ച് ജീവിതം ഉഴിഞ്ഞുവച്ച് പ്രവര്‍ത്തിച്ചിരുന്ന മഹത് വ്യക്തിയായിരുന്നു തിരുമേനി."

(ജോയ്സ് തോട്ടയ്ക്കാട് രചിച്ച പ്രകാശത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര എന്ന ഗ്രന്ഥത്തില്‍ നിന്നും)


No comments:

Post a Comment