Sunday, 22 November 2020

ഒരു അപൂര്‍വ സ്നേഹബന്ധത്തിന്‍റെ കഥ

തനിക്ക് ചെയ്യാവുന്നതിന്‍റെ നൂറിരട്ടി ജോലിയുമായി എന്നും മല്ലടിച്ചിരുന്ന മെത്രാപ്പോലീത്താ, ജര്‍മ്മന്‍ പ്രസിഡണ്ട് വിസേക്കറുടെ കത്തിനു മറുപടി എഴുതുന്നതുപോലെ തന്നെ തലശ്ശേരിയിലെ അന്ധനായ എം. പി. വിജയനും കത്തെഴുതിയിരുന്നു! മെത്രാപ്പോലീത്താ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത എം. പി. വിജയന് പലപ്പോഴും പണവും കത്തും അദ്ദേഹം അയയ്ക്കാറുണ്ടായിരുന്നു. 1988-ല്‍ വിജയന്‍ ആദ്യമായി എഴുതിയ കത്തിന് മെത്രാപ്പോലീത്താ നല്‍കിയ മറുപടി കാണുക:

 13th December 1988

Dear Sri. Vijayan,

Thank you for your Letter which the Soviet Land people forwarded to me.

I want to help you as much as I can. I am sending you a cheque for Rs. 250/- for the immediate medical needs of your family. If you need assistance for the treatment of your blindness. I will need a certificate that it is curable and would need a specific course of treatment, and specifying the cost of treatment. If your daughter needs treatment for Tuberculosis I would need to know what treatment and how much it costs.

I have no funds to assist in the construction of a house, but when you begin construction I shall try to help  you in a small way.

God bless you and heal you.

Your’s in Christ,

Paulos Mar Gregorios

ലോകമെമ്പാടും ഓടിനടന്നിട്ടും നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടും മെത്രാപ്പോലീത്തായുടെ ഹൃദയത്തില്‍നിന്നും വിജയന്‍റെ പേര് ഒരിക്കലും മാഞ്ഞുപോയില്ല. മറ്റു പലതും മറന്നെങ്കിലും, ആ പേര് ഓര്‍മ്മയില്‍ നിന്നും മറഞ്ഞില്ല. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ വിജയന്‍റെ കത്ത് മെത്രാപ്പോലീത്തായെ തേടിയെത്തും. അദ്ദേഹമതിന് മറുപടിയും ചെക്കും അയക്കും. ഇതായിരുന്നു പതിവ്.

27 വര്‍ഷമായി രണ്ട് കണ്ണിന്‍റെയും കാഴ്ച നഷ്ടപ്പെട്ട വിജയന്‍, മെത്രാപ്പോലീത്തായുമായുളള സ്നേഹബന്ധത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: "ഞാന്‍ ഒരു തയ്യല്‍ തൊഴിലാളിയായി ഇരിക്കെയാണ് കണ്ണിന് രോഗം പിടിപെട്ടത്. കേരളത്തിലെ പല വിദഗ്ദ ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. എനിക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. ഭാര്യ ആറുവര്‍ഷമായി വാതരോഗം പിടിപെട്ട് ചികിത്സയിലാണ്.

അഭിവന്ദ്യ തിരുമേനിക്ക് സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് ലഭിച്ച വിവരം മകള്‍ പത്രം വായിക്കുമ്പോള്‍ കേട്ടു. മകളുടെ ചികിത്സയ്ക്കും, പണിതുകൊണ്ടിരുന്ന വീടിന്‍റെ ആവശ്യത്തിനുമായി സാമ്പത്തികസഹായം അനുവദിച്ചുകിട്ടുവാന്‍ ഞാന്‍ ഡല്‍ഹിക്ക് എഴുത്തയച്ചു. അതിന് 1988 ഡിസംബര്‍ 13-ന് തിരുമേനി മറുപടി എഴുതിയയച്ചു. കൂടെ 250 രൂപായുടെ ചെക്കും. അങ്ങനെയാണ് ഞാന്‍ തിരുമേനിയുമായി പരിചയപ്പെട്ടത്. തിരുമേനിയെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. തിരുമേനി ആദ്യം ഒപ്പിട്ടയച്ച എഴുത്ത് ഞാനിന്നും നിധിപോലെ സൂക്ഷിക്കുന്നു.

തിരുമേനി പക്ഷാഘാതം പിടിപെട്ട് വിദേശത്തു കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ രോഗം എത്രയും പെട്ടെന്ന് മാറിക്കിട്ടുവാന്‍ ഞാന്‍ ദിനവും കുരിശ് വരച്ച് പ്രാര്‍ത്ഥിച്ചിരുന്നു. എനിക്കും കുടുംബത്തിനും തിരുമേനി പലതവണ സഹായങ്ങള്‍ അയച്ചുതന്നിട്ടുണ്ട്. 1993-ല്‍ തിരുമേനിക്ക് അസുഖമായിരുന്നപ്പോഴും എനിക്ക് 500 രൂപായുടെ ചെക്കും എഴുത്തും അയച്ചിട്ടുണ്ട്. ഒടുവില്‍ തിരുമേനിയുടെ കൈപ്പടയില്‍ എഴുത്തും സഹായവും (500 രൂപ) ലഭിച്ചത് 1996 ജൂലൈ 22-നായിരുന്നു. ആലംബഹീനര്‍ക്കും ആതുരര്‍ക്കും ആശ്വാസം നല്‍കാന്‍ സര്‍വ്വവിധ സുഖസൗകര്യങ്ങളും ത്യജിച്ച് ജീവിതം ഉഴിഞ്ഞുവച്ച് പ്രവര്‍ത്തിച്ചിരുന്ന മഹത് വ്യക്തിയായിരുന്നു തിരുമേനി."

(ജോയ്സ് തോട്ടയ്ക്കാട് രചിച്ച പ്രകാശത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര എന്ന ഗ്രന്ഥത്തില്‍ നിന്നും)


Saturday, 14 November 2020

മഹാപുരോഹിതന്‍റെ ചുമതലകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പിതാക്കന്മാരേ, കര്‍ത്താവില്‍ വാത്സല്യമുള്ളവരെ,

ഇന്ന് ദൈവത്തിന്‍റെ വലിയ കരുണയാല്‍ ഒരു വലിയ മഹാപുരോഹിതനെ നമുക്ക് നല്കപ്പെടുവാന്‍ പോവുകയാണ്. ആ സന്ദര്‍ഭത്തില്‍ ഈ മഹാപൗരോഹിത്യത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച്, അഹറോന്യ പൗരോഹിത്യത്തിന്‍റെ തലവനായ അഹറോനെക്കുറിച്ച് ലേവ്യ പുസ്തകം പറയുന്നത് നമുക്കു ശ്രദ്ധിച്ചു കേള്‍ക്കാം (ലേവ്യ പുസ്തകം 8:4). "സഭ സമാഗമന കൂടാരത്തിന്‍റെ വാതില്ക്കല്‍ വന്നു കൂടി. മോശ സഭയോടു: യഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു. മോശ അഹറോനെയും പുത്രന്മാരെയും അടുക്കല്‍ വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി. അവനെ ഉള്ളങ്കി ഇടുവിച്ചു. നടുക്കെട്ടു കെട്ടിച്ചു. അങ്കി ധരിപ്പിച്ചു. ഏഫോദ് ഇടുവിച്ചു. ഏഫോദിന്‍റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ചു. അതിനാല്‍ അതു മുറുക്കി. അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു. അവന്‍റെ തലയില്‍ മുടിവെച്ചു; മുടിയുടെ മേല്‍ മുന്‍വശത്തു വിശുദ്ധ കിരീടമായ പൊന്‍പട്ടം വെച്ചു, യഹോവ കല്പിച്ചതു പോലെ തന്നെ."

കര്‍ത്താവില്‍ വാത്സല്യമുള്ളവരേ,

പൊതുവിന്‍റേതായ ഒരു മഹാപുരോഹിതന്‍ ഇന്ന് സഭ മുഴുവന്‍ കൂടി വാഴിക്കപ്പെടുകയാണ്. ഈ മഹാപൗരോഹിത്യത്തിന്‍റെ അര്‍ത്ഥമെന്താണ് എന്ന് ഉള്ളതിനെക്കുറിച്ച് ഒരു വാക്കു മാത്രം നിങ്ങളോട് വളരെ ചുരുക്കമായി പറയുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തില്‍, പഴയനിയമത്തിന്‍റെ പ്രധാന മര്‍മ്മങ്ങളിലൊന്നാണ് സഭ എന്നും പൗരോഹിത്യം എന്നും പറയുന്നത്. ഇന്നത്തെ രീതിയില്‍ ചിന്തിക്കുന്ന പുതിയ തലമുറയുടെ ചിന്തയ്ക്ക് സഭ എന്നു പറയുന്നതും പൗരോഹിത്യം എന്നു പറയുന്ന രഹസ്യവും അത്ര തന്നെ സുഗ്രാഹ്യമല്ലാതെയാണ് കണ്ടു വരുന്നത്. സഭയും പൗരോഹിത്യവും ഒറ്റക്കെട്ടാണ്. സഭയില്ലാതെ പൗരോഹിത്യമില്ല. എന്നാല്‍ എന്താണിതു രണ്ടിന്‍റെയും അര്‍ത്ഥം എന്നു ചോദിച്ചാല്‍ വളരെ ചുരുക്കമായിട്ട് ഞാന്‍ പറയാം, സഭ എന്നു പറയുന്നത് ദൈവത്തിന്‍റെ അധിവാസ സ്ഥാനമാണ്. ദൈവം വസിക്കുന്നത് കല്ലും മരവും കൊണ്ട് കെട്ടിയിട്ടുള്ള കെട്ടിടങ്ങളിലല്ല. മനുഷ്യരാകുന്ന സമൂഹം ഒന്നായി തീര്‍ന്നിട്ട് ആ സമൂഹത്തിനകത്ത് ദൈവം വസിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ വലിയ മര്‍മ്മം. നാമെല്ലാവരും ഏകശരീരമായി തീര്‍ന്നിട്ട് നമ്മില്‍ കര്‍ത്താവ് വസിക്കുന്നു എന്നുള്ളതാണ് സഭ എന്നു പറയുന്നതിന്‍റെ പ്രധാനമായ ആശയം. ആ സഭയില്‍ പൗരോഹിത്യത്തിന് ഒരു പ്രമുഖ സ്ഥാനം ഉണ്ട്. അധികാരത്തിന്‍റെ കാര്യമല്ല ഞാന്‍ പറയുന്നത്. ബഹുമാനത്തിന്‍റെ കാര്യം പോലുമല്ല ഞാന്‍ പറയുന്നത്, പൗരോഹിത്യം എന്നതിനെപ്പറ്റിയാണ്.

"അഹറോനെ ഉള്ളങ്കി ഇടുവിച്ചു. നടുക്കെട്ടു കെട്ടിച്ചു. അങ്കി ധരിപ്പിച്ചു. ഏഫോദ് ഇടുവിച്ചു. ഏഫോദിന്‍റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ചു. അതിനാല്‍ അതു മുറുക്കി. അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു. അവന്‍റെ തലയില്‍ മുടിവെച്ചു; മുടിയുടെ മേല്‍ മുന്‍വശത്തു വിശുദ്ധ കിരീടമായ പൊന്‍പട്ടം വെച്ചു; യഹോവ മോശയോടു കല്പിച്ചതുപോലെ തന്നെ." എന്തിനിതെല്ലാം? കുറച്ചധികം ആര്‍ഭാടമല്ലേ ഇതെല്ലാം എന്ന് ചോദിച്ചാല്‍ അതിന് വളരെ ചെറിയ ഒരു സമാധാനമേ പറയുവാനുള്ളു. അതായത് മഹാപുരോഹിതന്‍ സഭയാകുന്ന സമൂഹത്തില്‍ എന്നാളും അധിപതിയാണ്. സഭ ദൈവത്തിന്‍റെ പ്രതീകമാകുന്നു. ദൈവത്തിന്‍റെ വ്യക്തമായ പ്രതിബിംബിത രൂപമാണ് മഹാപുരോഹിതന്‍.  ദൈവീകമായ സാന്നിദ്ധ്യം ശാരീരികമായി വഹിച്ചുകൊണ്ട് കര്‍ത്താവായ യേശുവിന്‍റെ സ്ഥാനം സഭയില്‍ ദൈവത്തിന്‍റെ ദൃഷ്ട പ്രതിബിംബമായി നിലകൊള്ളുവാനാണ് ഒരു മഹാപുരോഹിതന്‍ വിളിക്കപ്പെടുന്നത്.

വാത്സല്യമുള്ളവരേ,

നാം ചിന്തിക്കുന്നതിനേക്കാള്‍ വളരെയധികം അത്യുന്നതമായ ഒരു സ്ഥാനമാണിത് എന്നുള്ളതു നാം മറന്നു പോകരുത്. പഴയ മഹാപുരോഹിതന്‍റെ മുടിയിടത്തില്‍ സ്വര്‍ണ്ണം കൊണ്ട് ഒരു പ്ലേറ്റ് വെച്ചിരിക്കും. ആ പ്ലേറ്റില്‍ എഴുതിയിരിക്കുന്നത് "ഒീഹഹശിലൈ ീേ വേല ഘീൃറ" എന്നാണ്. 'യഹോവ നല്കുന്ന വിശുദ്ധി.' അതാണതിന്‍റെ അര്‍ത്ഥം. കര്‍ത്താവായ യേശുമശിഹായുടെ തന്നെ, പരിശുദ്ധനായ ദൈവത്തിന്‍റെ തന്നെ പ്രതീകമായിട്ടാണ് ആ മഹദ്വചനം രേഖപ്പെടുത്തിയിരിക്കുന്നത്.

മഹാപുരോഹിതന്‍റെ മാര്‍പതക്കം എന്നു പറയുന്നത് ഇന്ന് ഏകദേശം രണ്ടായിട്ടാണ്. ഈ മാര്‍പതക്കത്തിന്‍റെ അകത്ത് പന്ത്രണ്ട് കല്ല് വച്ചിട്ടുണ്ട്. വിലയേറിയ പന്ത്രണ്ട് കല്ല്. സൈസ് ഉള്ള പന്ത്രണ്ട് കല്ല്. ഓരോ കല്ലിന്മേലും യിസ്രായേലിലെ 12 ഗോത്രങ്ങളുടെ പേരാണ് എഴുതിയിരിക്കുന്നത്. ഒരു മഹാപുരോഹിതന്‍ ദൈവത്തിന്‍റെ മുമ്പില്‍ നില്ക്കുമ്പോള്‍ തന്‍റെ ജനങ്ങളെ മുഴുവന്‍ ഹൃദയത്തില്‍ വഹിച്ചുകൊണ്ട് നില്ക്കുന്നു. ഈ 12 കല്ലിന്‍റെ പേര് മാര്‍പതക്കത്തില്‍ കൊത്തിയിരിക്കുന്നതിന്‍റെ അര്‍ത്ഥം എല്ലാ സമയത്തും മഹാപുരോഹിതന്‍റെ ചിന്തയില്‍ തന്‍റെ ജനങ്ങളെ വഹിച്ചുകൊണ്ടാണ് ദൈവത്തിന്‍റെ മുമ്പില്‍ നില്ക്കുന്നത് എന്നതാണ്. തന്‍റെ സ്വന്തകാര്യത്തിനു വേണ്ടിയല്ല, ജനങ്ങള്‍ക്കുവേണ്ടി. അതോടു കൂടെ ഈ മാര്‍പതക്കത്തിന്‍റെ അകത്ത് രണ്ട് വേറെ കല്ലുകള്‍ കൂടി വച്ചിട്ടുണ്ട്, അകത്താണ് (മാര്‍പതക്കത്തിനു രണ്ട് പാളികളുണ്ട്). ആ പാളികള്‍ക്കകത്ത് വേറെ രണ്ടു കല്ലു വച്ചിട്ടുണ്ട്. ഊറീമും തുമ്മീമും എന്ന രണ്ട് കല്ല്. (അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയുടെ പ്രതീകം ഊറീമും തുമ്മീമുമാണ്). എന്താണീ ഊറീമും തുമ്മീമും? മലയാളത്തില്‍ പറയുമ്പോള്‍ നമുക്കല്പം കുറവായി തോന്നിയേക്കാം. ഏറ്റവും പ്രസക്തമായ അര്‍ത്ഥമാണിതിനുള്ളത്.

ഊര്‍ = പ്രകാശം, തുമ്മിം = ഞമറശൗെ ഘശഴവേ മിറ ഞമറശൗെ. ഇത് വഹിച്ചു കൊണ്ടാണ് മഹാപുരോഹിതന്‍ നില്ക്കുന്നത്. ഈ ഹശഴവേ വും ആ ഹശഴവിലേൈ വും എല്ലായ്പോഴും മഹാപുരോഹിതനില്‍ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ഈ മാര്‍പതക്കത്തിനു വിലയുള്ളു. ജനങ്ങളെ എല്ലാ സമയത്തും ഹൃദയത്തില്‍ വഹിച്ചുകൊണ്ട് വിശുദ്ധിയോടു കൂടെ സത്യസന്ധതയോടു കൂടെ പ്രകാശത്തോടു കൂടെ ഭീതിയോടു കൂടെ ദൈവതിരുമുമ്പാകെ നില്ക്കുന്നവനാണ് മഹാപുരോഹിതന്‍ എന്നുള്ള കാര്യം ഇന്നു നാം ഓര്‍ക്കുകയും നമ്മുടെ പുതിയ മഹാപുരോഹിതന് നാം വഴിക്കുള്ള സകല കൃപകളും ലഭിക്കുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കുകയും ചെയ്യണം.

ഒരു മഹാപുരോഹിതന്‍റെ മൂന്നു ചുമതലകളെപ്പറ്റി അല്പമായി സംസാരിച്ചുകൊണ്ട് അവസാനിപ്പിക്കാം. ഒന്നാമത്, നമ്മുടെ പൗരസ്ത്യസഭയില്‍ ഒരു മഹാപുരോഹിതനുള്ള പ്രധാനപ്പെട്ട പേര് ഹസിയോറൂഹോ എന്നാണ്. ഹസിയോ എന്ന പദത്തിന്‍റെ അര്‍ത്ഥം സുറിയാനിയില്‍ നിങ്ങള്‍ക്കറിയാവുന്നതിനോട് സാമ്യമുള്ള പേര് 'ഹൂസോയോ' എന്ന് പറയുന്നതാണ്. കുര്‍ബ്ബാനയ്ക്ക് മുമ്പ് ഹൂസോയോ പ്രാപിക്കുമല്ലോ - പാപമോചനം. അതാണ് ഹസിയോ എന്ന പദത്തിന്‍റെ അര്‍ത്ഥം. ദൈവത്തിനെയും മനുഷ്യനെയും പരസ്പരം അനുരഞ്ജനം ചെയ്യിക്കുക എന്നതാണ് മഹാപുരോഹിതന്‍റെ ഏറ്റവും വലിയ ചുമതല. തന്‍റെ പ്രാര്‍ത്ഥനകളില്‍ എല്ലാ സമയത്തും ജനത്തില്‍ വലിയവനും ചെറിയവനും വേണ്ടി ദൈവതിരുമുമ്പാകെ ബലിയര്‍പ്പിച്ചുകൊണ്ട് എല്ലാ സമയത്തും ജനത്തെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന ആളാണ് അനുരഞ്ജകനായ മഹാപുരോഹിതന്‍.

രണ്ടാമത്, കുമറോന്‍ = ബലിയര്‍പ്പിക്കുന്നവന്‍ അഥവാ പുരോഹിതന്മാരുടെ തലവന്‍. സഭയുടെ പ്രാര്‍ത്ഥന എല്ലായ്പ്പോഴും ദൈവതിരുമുമ്പാകെ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നവനാണ് മഹാപുരോഹിതന്‍. കുര്‍ബാന അര്‍പ്പിയ്ക്കുമ്പോള്‍ മാത്രമല്ല, തന്‍റെ ഓരോ ശ്വാസത്തിലും ദൈവതിരുമുമ്പാകെ തന്‍റെ ജനത്തിനുവേണ്ടി ബലികള്‍, പ്രാര്‍ത്ഥനകള്‍, അനസ്യൂതമായി അര്‍പ്പിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ് മഹാപുരോഹിതന്‍റെ വലിയ ദൗത്യം. എല്ലായ്പോഴും രാവിലും പകലിലും ഉറക്കത്തിലും ഉണര്‍വ്വിലും തന്‍റെ ജനങ്ങളെ ദൈവത്തിങ്കലേക്കുയര്‍ത്തി അവര്‍ക്കുവേണ്ടി, പ്രാര്‍ത്ഥിക്കുന്നവര്‍ക്കായി കൃപകളെ സമ്പാദിക്കുന്ന വലിയവനാണ് മഹാപുരോഹിതന്‍.

മൂന്നാമത് ഇടയന്‍. നല്ല ഇടയനാണ് മഹാപുരോഹിതന്‍. ഒരു നല്ല ഇടയനുണ്ടായിരിക്കേണ്ട മൂന്ന് പ്രധാന ഗുണങ്ങള്‍ വേദപുസ്തകത്തില്‍ യോഹന്നാന്‍റെ 10-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. ക്രിസ്ത്യാനികളല്ലാത്ത രാഷ്ട്രീയക്കാര്‍ക്കു പോലും പ്രയോജനമുള്ളതാണിത്. ഒരു ഇടയനാകുവാന്‍ എങ്ങനെയുള്ള ക്വാളിറ്റികളാണ് ഉണ്ടായിരിക്കേണ്ടത്? യോഹന്നാന്‍റെ സുവിശേഷം 10-ാം അദ്ധ്യായത്തില്‍ പറയുന്നു. ഒന്നാമത്തേത്, ഇടയന്‍ തന്‍റെ ആടുകളെ പേര്‍ ചൊല്ലി വിളിക്കുന്നു. വിളിക്കുമ്പോള്‍ ആടുകള്‍ ഇടയന്‍റെ ശബ്ദം കേട്ട് അവനെ അനുഗമിക്കുന്നു. ഇടയന്‍ അല്ലാത്തവന്‍ വിളിച്ചാല്‍ ആടുകള്‍ ഇളകുകയില്ല. ഇതാണ് ആദ്യത്തെ ക്വാളിറ്റി. ഒരു നല്ല ഇടയനാകണമെങ്കില്‍ ഓരോ ആടിന്‍റെയും പേര് അറിയണം. പേര് അറിയുക മാത്രമല്ല, പേര് ചൊല്ലി വിളിക്കുമ്പോള്‍ ഞങ്ങളെ വിളിക്കുന്നത് ഞങ്ങളുടെ ഇടയനാണ്, ഞങ്ങളെ കൊല്ലാന്‍ കൊണ്ടു പോകുകയല്ല, ഞങ്ങളെ നല്ല കാര്യത്തിന് കൊണ്ടുപോകുവാന്‍ വേണ്ടി ഇടയന്‍ വിളിക്കുകയാണ്. വേറെ വല്ലവരും വിളിക്കുമ്പോഴാണ് കശാപ്പിനു കൊണ്ടു പോകുകയും ഒക്കെ ചെയ്യുന്നത്. അതുകൊണ്ട് കശാപ്പിനു കൊണ്ടു പോകുവാന്‍ വിളിക്കുകയല്ല. ഞങ്ങളെ ആഹ്വാനം ചെയ്യുന്നത് ഞങ്ങളെ കൊല്ലാന്‍ വേണ്ടിയല്ല. തന്‍റെ കാര്യം കാണാന്‍ വേണ്ടിയുമല്ല. ഞങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് എന്ന് ജനങ്ങള്‍ക്കു തന്നെ ബോധ്യം വരണം. അതാണ് നല്ല ഇടയന്‍. അത് മഹാപുരോഹിതനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മനുഷ്യരും ആ പിതാവ് പറയുന്ന ഓരോ കാര്യവും നമ്മുടെ നന്മയ്ക്കാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ട് ആ പിതാവിനെ നാം അനുഗമിക്കുകയും ചെയ്യുന്നു. ഇതാണ് നല്ല ഇടയന്‍റെ ഒന്നാമത്തെ ലക്ഷണം.

രണ്ടാമത്തെ നല്ല ഇടയന്‍റെ ലക്ഷണം, അവന്‍ വിളിക്കുമ്പോള്‍ ആട്ടിന്‍പറ്റത്തിന്‍റെ വാതില്‍ കാക്കുന്നവന്‍ വാതില്‍ തുറക്കുന്നു. ആടുകള്‍ പുറത്തേയ്ക്ക് വരുന്നു. ആടുകളെ പച്ചയായ പുല്പുറങ്ങളിലേയ്ക്ക് ഇടയന്‍ നയിക്കുന്നു. ഇത് ഒരു ഇടയന്‍റെ വലിയ ചുമതലയാണ്. അത് മതത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ തന്നെ. മതത്തെ സംബന്ധിച്ചിടത്തോളം പറയുമ്പോള്‍ തന്‍റെ ജനങ്ങളെ എങ്ങോട്ടു കൊണ്ടുപോയാലാണ് നല്ല പുല്ലു കിട്ടുന്നതെന്ന് ഇടയനറിയാം. ഇടയന്‍ പുല്ലു കണ്ടാല്‍ കാണിച്ചു കൊടുക്കണം. അതാണ് ഇടയന്‍റെ വലിയൊരു ചുമതല. രാഷ്ട്രീയമായിട്ടായാലും തങ്ങള്‍ക്ക് ഉത്കര്‍ഷം ഉണ്ടാകുന്നത് ഏതു വഴിയില്‍ കൂടി പോയാലാണ് എന്ന് കാണിച്ചുകൊടുക്കുവാന്‍ രാഷ്ട്രീയ ഇടയന്മാര്‍ക്ക് ചുമതലയുള്ളതു പോലെ ഓരോ കാര്യത്തിലും സഭയിലുള്ള ജനങ്ങളെ ഏതു വഴിയില്‍ പോയാലാണ് അവര്‍ക്ക് നല്ല വഴിയില്‍ അവര്‍ക്ക് ആവശ്യമുള്ള ആത്മീയ ഭക്ഷണവും ലൗകീക ഭക്ഷണവും കിട്ടുന്നത് എന്ന് ഇടയന്‍ അറിഞ്ഞിട്ട് ആ വഴിയില്‍ നയിക്കുവാന്‍ സാധിക്കുന്നവനായിരിക്കണം.

മൂന്നാമത്, ഇടയന്‍റെ ഒരു ലക്ഷണവും കൂടിയേ പറയുവാനുള്ളു. ഞാന്‍ ഒരു ഇടയനാണ്. എനിക്ക് സാദ്ധ്യമല്ലാത്ത ഒരു ലക്ഷണമായതുകൊണ്ട് അത് വളരെ വ്യക്തമായിത്തന്നെ പറയാം. ആടുകളെ പുല്പുറങ്ങളിലേയ്ക്ക് നയിക്കുന്ന സമയത്ത് കടുവാ വരും. ചെന്നായ് വരും. ആടുകളെ പിടിക്കുവാനായിട്ട് ചെന്നായ് വരും. എല്ലായിടത്തും ഉണ്ടാകുന്ന സംഭവം. സഭയിലും അതെ, രാഷ്ട്രീയത്തിലും അതെ. നല്ല വഴിയിലൂടെ ജനങ്ങളെ കൊണ്ടുപോകുവാന്‍ എല്ലാവര്‍ക്കും ഇഷ്ടമാവില്ല. കടുവാ വരും. ആ കടുവാകള്‍ വന്ന് ഈ ആടുകളെ വിഴുങ്ങുവാന്‍ ശ്രമിക്കുന്ന സമയത്ത് ഈ കടുവായുമായുള്ള സമരത്തില്‍ സ്വന്ത ജീവനെ ബലിയായി അര്‍പ്പിക്കുന്നവനാണ് നല്ല ഇടയന്‍. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ ബലിയായി അര്‍പ്പിക്കുന്നു. അല്ലാതെ പേടിച്ച് ചെന്നായ് വരുമ്പോള്‍ ആടുകളെ ഇട്ടിട്ട് ഓടിപ്പോവുകയില്ല. ധൈര്യമായി നിന്നു കൊണ്ട് എല്ലാത്തിനോടും പോരാടി വേണ്ടിവന്നാല്‍ മരിക്കുവാന്‍ പോലും തയാറായി നില്ക്കും. നമ്മുടെ ഇടയനായ കര്‍ത്താവായ യേശുമശിഹാ നമുക്കു വേണ്ടി സ്വന്ത ജീവനെപ്പോലും ബലിയര്‍പ്പിച്ചതുപോലെ, ഒരു നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ ബലിയര്‍പ്പിക്കുന്നവനാണ്.

എന്‍റെ വാക്കുകളെ ഞാന്‍ ചുരുക്കുകയാണ്. അത്യുന്നതമായ ഈ സ്ഥാനത്തേയ്ക്ക് ഇന്ന് വിളിക്കപ്പെടുന്ന അഭി. മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനിക്ക് ഒരു വലിയ ഹസിയോ ആയി, ഒരു വലിയ മഹാപുരോഹിതനായി, ഒരു വലിയ ഇടയനായി നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍, തന്‍റെ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്ക് വെളിയിലുള്ളവര്‍ക്കും ലഭിക്കത്തക്കവിധം ദൈവംതമ്പുരാന്‍ സകല കരുണകളും നമ്മുടെ പിതാവിന് നല്കട്ടെ.

(1991 ഏപ്രില്‍ 29-ന് പരുമലയില്‍ നടന്ന പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാവാഴ്ച ശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗം. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)